തികവുറ്റ ജീവിതാവിഷ്കാരം

വി. പി സത്യൻ.. ഇന്ത്യന്‍ ഫുട്‌ബോളിന്റെ അൺസങ്‌ ഹീറോ.. പുൽമൈതാനത്ത് ആ ആരവം നിലച്ചിട്ട് ഒരു വ്യാഴവട്ടക്കാലം. കണ്ണൂർ ജില്ലയിലെ മേക്കുന്നത്ത് നിന്നും ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിൽ എത്തിയ പ്രതിഭ. കാലവും ചരിത്രവും വേഗത്തിൽ മറന്നു തുടങ്ങിയ സത്യന്റെ കഥ. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ 95-ലെ മികച്ച പ്ലേയർ ആയിരുന്ന, ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ. ഇന്നും കേരള പൊലീസ് ടീമിന്റെ എക്കാലത്തെയും മികച്ച കളിക്കാരൻ അദ്ദേഹം തന്നെയാണ്‌.

ലക്കി സ്റ്റാർ ക്ലബ്ബിലൂടെ പുൽമൈതാനത്ത് ആരവം തീർത്തു തുടങ്ങിയ വി പി സത്യൻ തൊട്ടടുത്ത വർഷം തന്നെ കേളീമികവിനാൽ പൊലീസ്‌ ടീമിലെത്തി. 1985-ൽ സാഫ് ഗെയിംസ് വേദിയിൽ അപ്രതീക്ഷിതമായി അന്ന് 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന ആ മനുഷ്യൻ ഡിഫൻഡർ ആയി ബൂട്ടണിഞ്ഞു. പിറ്റേ വർഷം നെഹ്റു കപ്പ് അക്ഷരാർത്ഥത്തിൽ വി പി സത്യൻ എന്ന പ്രതിഭാധനനായ ഇന്ത്യൻ ഫുട്ബോളിന്റെ ഉരുക്ക് ഭിത്തിയുടെ ഉയർച്ചയുടെ വർഷമായിരുന്നു. ഇന്ത്യന്‍ ടീം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് ആയ 99 ല-എത്തിയത് സത്യന്റെ നായകത്വത്തിലായിരുന്നു. നെഹ്‌റു കപ്പിലും സത്യന്‍ ഇന്ത്യയ്ക്കായി വിജയ ചരിതം രചിച്ചു. കേരളാ ഫുട്ബോളിന്റെ സുവര്‍ണകാലമായിരുന്നു സത്യന്‍ നയിച്ച പോലീസ് ടീമിന്റെ കാലം. 90, 91 വര്‍ഷങ്ങളില്‍ ഈ ടീം ഫെഡറേഷന്‍ കപ്പു നേടി. സത്യന്‍ നയിച്ച കേരളാ ടീം 92-ല്‍ സന്തോഷ് ട്രോഫിയും നേടി. 93-ല്‍ സന്തോഷ് ട്രോഫി നേടിയ ടീമിലും സത്യനായിരുന്നു നെടുംതൂൺ.

അമ്പരപ്പിക്കുന്ന വേഗതയും ടാക്ലിങ് പാടവവും കൊണ്ട് മൈതാനം നിറഞ്ഞ ഈ മനുഷ്യനെ ഇന്ത്യൻ ഫുട്ബോൾ ആദരിച്ചത് അഞ്ച് വര്ഷങ്ങൾക്കപ്പുറം നീലപ്പടയുടെ കപ്പിത്താൻ ആക്കികൊണ്ടായിരുന്നു. സാഫ് ഗെയിംസിൽ സുവർണ മെഡൽ ഭാരതത്തിന് നേടിക്കൊടുത്ത ക്യാപ്റ്റൻ വി പി സത്യൻ ഇതിനിടയിൽ കേരള ടീമിന് സന്തോഷ് ട്രോഫിയും നേടിക്കൊടുത്തു. ഇതേ കാലയളവിൽ കേരള പോലീസ് രണ്ട് തവണ ഫെഡറേഷൻ കപ്പുയർത്തുമ്പോഴും കപ്പിത്താനായി സത്യൻ ഉണ്ടായിരുന്നു. മോഹൻ ബഗാനും മുഹമ്മദെൻ സ്പോർട്സ് ക്ലബിനും അക്കാലത്തെ തുറുപ്പ് ചീട്ടായിരുന്ന സത്യൻ പിന്നീട് ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് വരെ ആയെങ്കിലും കാലം അയാൾക്ക് കാത്തുവെച്ചത് മറ്റൊന്നായിരുന്നു. 2006 ജൂലൈ 28ന് ട്രെയിനിന് മുൻപിൽ ജീവിതം അവസാനിപ്പിക്കുമ്പോഴേക്കും അയാൾ ബാക്കിയാക്കിയത് കളിക്കളത്തിലെ നിലക്കാത്ത ആരവങ്ങൾ മാത്രമായിരുന്നു.

ഇന്ത്യൻ ഫുട്ബോളിന്റെ നഷ്ടവസന്തം വി.പി സത്യന്റെ ജീവിതകഥ സിനിമയായിത്തീരുമ്പോൾ തീർച്ചയായും അത്‌ പ്രതീക്ഷകളെ ഉണർത്തും. പ്രജീഷ് സെൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളത്തിലെ ആദ്യ സ്പോർട്സ് ബയോപിക് ആയ ക്യാപ്റ്റനിൽ ജയസൂര്യയാണ്‌ നായകനാവുന്നത്‌. വി.പി. സത്യന്റെ ബാല്യം മുതൽ മരണം വരെയുള്ള ഏതാനും വർഷത്തെ ജീവിതമാണ്‌ സംവിധായകൻ വരച്ചുകാട്ടുന്നത്‌. അവസാന നാളുകളിൽ ഒരു റെയിൽവേ സ്റ്റേഷനിലിരിക്കുന്ന സത്യനിലൂടെ, അദ്ദേഹം ആത്മഹത്യയിലേയ്ക്ക്‌ എങ്ങനെ എത്തിച്ചേർന്നു എന്ന് ചിത്രം വിവരിക്കുന്നു. ഒരു കളിക്കാരന്റെ കായിക ജീവിതത്തോടൊപ്പം, അയാളുടെ വൈകാരിക വശങ്ങളും ചിത്രം തീവ്രമായ ഭാഷയിൽ ആലേഖനം ചെയ്തിരിക്കുന്നു.

ആദ്യ പകുതിയില്‍ വി പി സത്യന്റെ ജീവിതത്തിലെ വിവിധ കാലങ്ങളാണ് പശ്ചാത്തലമാകുന്നത്‌. പത്തൊൻപതാം വയസ്സുമുതലുള്ള സത്യന്റെ കായികരംഗത്തെ നേട്ടങ്ങൾ, വിവാഹം, തുടങ്ങിയ വിഷയങ്ങളും ചിത്രത്തിന്റെ തുടക്കത്തിൽ ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്‌. സാധാരണ കുടുംബത്തിൽ ജനിച്ച്‌ വളർന്ന സത്യന്‌ ബാല്യം മുതൽ കാൽപ്പന്തുകളിയോട്‌ ഉണ്ടായിരുന്ന അഭിനിവേശവും, പ്രതിബന്ധങ്ങളും, അതിജീവനവും ചിത്രത്തിന്റെ ആദ്യഭാഗങ്ങളിൽ കാണാവുന്നതാണ്‌. കേരള പൊലീസിന്റെ ഫുട്ബോള്‍ ടീമിലേക്ക്, നാട്ടിന്‍പുറത്തുകാരനായ വി പി സത്യന്‍ എത്തിച്ചേരുന്നതും രാജ്യത്തിന്‌ അഭിമാനതാരമായി വളരുന്നുതുമെല്ലാം സത്യന്റെ ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ രണ്ടാം പകുതി ഏറെ സംഘർഷഭരിതവും ഹൃദയസ്പർശിയുമാണ്‌. ISL വരുന്നതിനു മുന്നേയുള്ള കേരളത്തിന്റെ ഫുട്ബോള്‍ മനസ്സിലെ സന്തോഷ് ട്രോഫി കാലഘട്ടവും, ജനങ്ങൾക്ക്‌ കളിയോടുള്ള ആവേശവും വി പി സത്യന്റെ ജീവിതത്തിനൊപ്പം വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്‌. അക്കാലത്തെ കേരള പൊലീസിന്റെ രാഷ്ട്രീയവും ഒരു സാധാരണക്കാരൻ ടീം ഇന്ത്യയുടെ നായകനായി വരുമ്പോഴുള്ള ആവേശങ്ങളും ആരവങ്ങളുമെല്ലാം ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്‌.

കഥാസന്ദർഭങ്ങളോട്‌ ചേരുന്ന വേഗതയിൽത്തന്നെയാണ്‌ ചിത്രത്തിന്റെ സഞ്ചാരം. സത്യന്റെ കായികനേട്ടങ്ങളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും മാത്രമല്ല, കുടുംബ ബന്ധങ്ങൾക്കും വ്യക്തിജീവിതത്തിനും ചിത്രം അർഹമായ പ്രാധാന്യം നൽകുന്നുണ്ട്‌. എങ്കിൽത്തന്നെയും ഒരു സ്പോർട്സ്‌ ബയോപിക്‌ എന്ന നിലയിൽ ചിത്രത്തിൽ ചില ന്യൂനതകൾ പ്രകടമാണ്‌. ഫുട്ബോൾ കളിയിലും അനുബന്ധ രംഗങ്ങളിലും വേണ്ടത്ര ആവേശം പ്രതിഫലിച്ചിരുന്നില്ല. സത്യന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ പ്രത്യേക ഓർഡറുകളിൽ കാണിക്കുമ്പോൽ ചിലർക്കെങ്കിലും കാഴ്ചകൾ ഇടമുറിഞ്ഞേക്കാം.

വാണിജ്യസിനിമകളുടെ ലക്ഷ്യങ്ങളിൽ മാത്രം കണ്ണുനട്ടിരിക്കാതെ ഒരു ബയോഗ്രഫിയെ അതിന്റെ ആത്മാവ്‌ തെല്ലും ചോർന്നുപോകാതെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയം വരിച്ചിട്ടുണ്ട്‌. ഒരു ബയോഗ്രഫി എന്ന നിലയിൽ ചിത്രത്തിലെ സംഭാഷണത്തിന്‌ പ്രാധാന്യം കൂടുതലാണ്‌. അളന്നുമുറിച്ചതും, കൃത്രിമത്വം കലരാത്തതുമായ സംഭാഷണരംഗങ്ങളിലൂടെ സംവിധായകൻ തന്റെ ദൗത്യം നിറവേറ്റി. ഹാസ്യ രംഗങ്ങളോ, അതിനായുള്ള ശ്രമങ്ങളോ ഇല്ലാതെ, ചിത്രം പൂർത്തീകരിച്ചിട്ടുണ്ട്‌. 1999-ൽ കാഠ്മണ്ഡുവിൽ നടന്ന ഗെയിംസ്‌, 1992-ലെ സന്തോഷ്‌ ട്രോഫി ഫുട്ബോൾ തുടങ്ങിയവ ചിത്രത്തിൽ കാണാവുന്നതാണ്‌.

ശാരീരിക ഫിറ്റ്നസിനോളം തന്നെ കളിക്കാരുടെ മാനസിക ഫിറ്റ്നസിനും പ്രാധാന്യം നൽകേണ്ടതിന്റെ നേട്ടങ്ങളേക്കുറിച്ച്‌ ചിത്രം സംസാരിക്കുന്നുണ്ട്‌. മാനസിക പിരിമുറുക്കത്തിന് അടിപ്പെട്ട ഒരുവൻ അനുഭവിക്കുന്ന സംഘർഷാവസ്ഥകൾ സംവിധായകൻ അതേപടി വിവരിച്ചിട്ടുണ്ട്‌. പ്രതികൂലസാഹചര്യങ്ങളിൽ കുടുംബവും, സൗഹൃദങ്ങളും കൈത്താങ്ങാവുന്നതും ചിത്രം ദൃഷ്ടാന്തീകരിച്ചിരിക്കുന്നു. തിക്താനുഭവങ്ങളുടെയും, അവഗണനകളുടെയും നൊമ്പരങ്ങളുടെയും വിളനിലങ്ങളിൽ പ്രത്യാശയുടെയും പ്രചോദനത്തിന്റെയും വിത്തുപാകിയ ഒരു സാധാരണക്കാരന്റെ, പിതാവിന്റെ, ഭർത്താവിന്റെ കഥകൂടിയാണ്‌ ക്യാപ്റ്റൻ.

വി.പി. സത്യനായുള്ള ജയസൂര്യയുടെ പകർന്നാട്ടം വിസ്മയാവഹമായിരുന്നു. വിവിധ കാലഘട്ടത്തിലായി കഥ പറയുന്ന സിനിമയില്‍ ജയസൂര്യ മൂന്ന് വ്യത്യസ്ത ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്‌. കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട്‌, സത്യന്റെ മാനസിക സംഘർഷങ്ങളും വിഷാദരോഗത്തിന്‌ അടിമയായപ്പോഴുള്ള അവസ്ഥകളുമെല്ലാം കറയറ്റ രീതിയിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്‌. ജയസൂര്യയെ സംബന്ധിച്ചിടത്തോളം, ഒരിടവേളയ്ക്ക്‌ ശേഷമുള്ള അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു. പലപ്പോഴും അമിതാഭിനയത്തിനേയും പക്വതയില്ലാത്ത പ്രകടനങ്ങളുടേയും ഉദാഹരണമായി മാറുന്ന അനു സിത്താര, ക്യാപ്റ്റനിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, നിർമൽ പാലാഴി, സിദ്ദിഖ്, അദ്വൈത്‌, സൈജു കുറുപ്പ്, ദീപക് പറമ്പോൽ, ലക്ഷ്മി ശർമ്മ, ജനാർദ്ദനൻ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ പൂർണ്ണമാക്കിയിട്ടുണ്ട്‌. സൂപ്പർ താരത്തിന്റെ സാന്നിധ്യവും, പ്രചോദനാത്മകമായ വാക്കുകളും ശ്രദ്ധേയമാണ്‌.

സിദ്ധീഖിന്റെ സംവിധാന സഹായിയായിരുന്ന പ്രജേഷിന്റെ ആഖ്യാനത്തിലെ മിതത്വം എടുത്തുപറയേണ്ടതാണ്‌. പൊതുവേ ഇത്തരം ചിത്രങ്ങളിൽ ഇമോഷണൽ രംഗങ്ങൾ വിരസതയുടെ അനുഭവങ്ങൾ സമ്മാനിക്കുമ്പോൾ ക്യാപ്റ്റനിൽ പ്രേക്ഷകർക്ക്‌ അതേപടി അനുഭവപ്പെടുന്നു. ചിത്രവുമായി ഇഴചേരും വിധത്തിൽ ഗോപി സുന്ദർ സംഗീതവിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്‌. റോബി വർഗ്ഗീസ്‌ രാജിന്റെ ഛായാഗ്രഹണം, ബിജിത്‌ ബാലയുടെ എഡിറ്റിംഗ്‌ എന്നിവ പ്രശംസയർഹിക്കുന്നു.

ഒരു ബയോപിക്‌ എന്ന നിലയിൽ, അതിന്റെ ആത്മാവ്‌ തെല്ലും ചോർന്നുപോകാതെ എല്ലാത്തരം പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ ചിത്രമൊരുക്കുവാൻ സംവിധായകനു സാധിച്ചു എന്നതാണ്‌ ക്യാപ്റ്റന്റെ ഏറ്റവും വലിയ നേട്ടം. തീയറ്റർ വിട്ടിറങ്ങിയാലും സത്യൻ നമ്മുടെ മനസ്സിൽ ഒരു തീരാത്ത നൊമ്പരമായി അവശേഷിക്കും. സത്യനെ മറന്നവര്‍ക്കും ഇക്കാലമത്രയും അവഗണിച്ചവർക്കും ക്യാപ്റ്റൻ ഒരു മറുപടിയായിത്തീരട്ടെ..!

ആത്മാവില്ലാത്ത ആമി

വികലവും അപക്വവുമായ ബയോഗ്രഫി ചിത്രങ്ങൾ ഒരു വ്യക്തിയെ എത്രമാത്രം അപമാനിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാരഹണമാണ്‌ ആമി. മലയാളസാഹിത്യത്തിൽ ‘ഐഡന്റിറ്റി’ എന്നതിന്റെ മധുരവും കയ്പ്പും ജീവിതത്തിൽ അനുഭവിച്ചും വാക്കുകൾകൊണ്ട് എഴുതിയും സമൂഹത്തിൽ ചോദ്യചിഹ്നമായി കൊണ്ടാടുകയും ചെയ്ത എഴുത്തുകാരിയാണ് മാധവികുട്ടി എന്ന കമല ദാസ്/കമല സുരയ്യ. സാഹിത്യത്തിലെ രൂപരീതിമാറ്റങ്ങളെ അത്യന്തം പ്രോത്സാഹിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തിരുന്ന, ഒറ്റമരങ്ങളെ ആരാധിക്കുകയും ചോദ്യം ചെയ്യുകയും സ്വീകരിക്കുകയും വിമർശിക്കുകയും ചെയ്ത്‌ സജീവമായി നിലനിർത്തിയിരുന്ന മലയാളിക്ക് പോലും മാധവികുട്ടി അപ്രതീക്ഷിതമായ ഒന്നായിരുന്നു. മലയാളം, പെണ്മയിൽ ജനിച്ച എഴുത്തുകാരികളിൽനിന്നും അനുഭവിച്ച വാത്സല്യം ആയിരുന്നില്ല മാധവിക്കുട്ടിയുടെ വാക്കുകളിൽ നിന്ന് അനുഭവിച്ചത്. പ്രതിരോധത്തിന്റെയോ പ്രതികരണത്തിന്റെയോ ഒച്ചപ്പാടുകളിൽ ഇല്ലാതായിത്തീരുന്നവ ആയിരുന്ന ആ വാക്കുകൾ. മറിച്ച്‌ അത്‌ പെൺജീവിതത്തിന്റെ ആകമാനമുള്ള ജൈവികതയും ജീവനവും ആയിരുന്നു. സാഹിത്യത്തിന്റെ സംവേദനരീതികളിൽ നിന്നും, മുഖങ്ങളിൽ നിന്നും, സംസാരങ്ങളിൽ നിന്നുമൊക്കെ ഉള്ള വേറിട്ട വഴിയൊരുക്കളായിരുന്നു, അനുകരിക്കാൻ ആവാത്തവിധം സത്യസന്ധമായിരുന്നു. ആശയപരമായി, വാക്കുകളുടെ തീവ്രതയാലും സാർത്ഥകതയാലും വളരെ ബൃഹത്താണ് മാധവിക്കുട്ടിയുടെ രചനാലോകം. നോവലുകളും, നൂറിലധികം വരുന്ന ചെറുകഥകളും, നാടകങ്ങളും സ്മരണയും ആത്മകഥയും കവിതകളും എല്ലാം ഉൾപ്പെടുന്ന ഒരു യുണിവേഴ്‌സ് ആണ് മാധവികുട്ടിയുടേത്. തന്റെ കഥാപാത്രങ്ങളിലൊന്നായി സ്വയം പ്രതിഷ്ഠിച്ചുകൊണ്ടുള്ള എഴുത്തുരീതിയുടെ ഫലമാണ് ആത്മകഥയെന്ന ചുവരുകളെ ഭേദിച്ചുകൊണ്ടുള്ള ‘എന്റെ കഥയും’ ‘നീർമാതളം പൂത്തകാലവും’ എല്ലാം. മാധവിക്കുട്ടിയുടെ രചനകളുടെ അടിസ്ഥാനം സ്നേഹവും അനുകമ്പയുമാണ്. കഥാപാത്രങ്ങളെ അതിനായുള്ള തിരച്ചിലുകളിൽ ഇറക്കിവിട്ട് അവയെ കണ്ടെത്തുവാനുള്ള എഴുത്തുകാരിയുടെ വ്യഗ്രതയാണ് മാധവിക്കുട്ടിയുടെ എഴുത്തിന്റെ ശ്വാസവും ജീവനും. നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയ പ്രശസ്ത കഥകളിൽ തൊട്ട് ആവർത്തിച്ചുവരുന്ന ഒന്നാണ് ഇത്. ‘നീർമാതളം പൂത്തകാലം’ എന്ന സ്മരണയുടെ രണ്ടാം ഭാഗത്തിൽ വ്യക്തമായി ആമി എന്ന താൻ സ്നേഹം കൊതിക്കുന്നു എന്നടയാളപ്പെടുത്തുന്ന എഴുത്തുകാരി അത് നേടിയെടുക്കുന്നതും മറ്റുമാണ് മാധവികുട്ടികൃതികളുടെ സംഗ്രഹം. സമൂഹം കൽപ്പിച്ചുവെച്ച നേർരേഖകളിൽനിന്നു കുതറിമാറിയും അവയ്ക്കിടയിലും അവയെ കടിച്ചുപൊട്ടിച്ചുമൊക്കെ സ്നേഹത്തെ ദാഹിക്കുന്ന, അനുഭവിക്കുന്ന, കെഞ്ചുന്ന, മൃത്യുദാതാവായി കാണുന്ന ഒരുപറ്റം മനുഷ്യരുടെ ആന്തരികതയാണ് മാധവിക്കുട്ടിയുടെ രചനകൾ. സ്നേഹത്താൽ നിർമ്മിതമായ, അതിനായി അലയുന്ന മനുഷ്യൻ എപ്രകാരമാണ് ജീവിതാവസ്ഥകളോട് പ്രതികരിക്കുന്നതും വിജയിക്കുന്നതും തോൽക്കുന്നതും തുടങ്ങിയ ചോദ്യങ്ങൾ വേശ്യയായും പതിവ്രതയായും വഞ്ചകനായും നിഷേധിയായും കാമുകീകാമുകനായും താനായും പേരില്ലാത്തവളായും/പേരില്ലാത്തവൻ ആയും ആണായും പെണ്ണായും ഒക്കെ ഉറക്കെ ചോദിച്ചുകൊണ്ടാണ് മാധവിക്കുട്ടി എഴുതിക്കൊണ്ടേയിരുന്നത്. പ്രാഥമികമായി ആൺ-പെൺ എന്നതിൽ ചവിട്ടിനിന്ന് പ്രണയവും കാമവും മാതൃത്വവും പിതൃത്വവും എന്നുവേണ്ട മാനുഷികമായ എന്തും മാധവിക്കുട്ടിക്ക് കവിതകളായിത്തീർന്നിരുന്നു. മലയാളിയുടെ സാഹിത്യവീക്ഷണങ്ങളിലെ പാരമ്പര്യതയുടെ ഇരയാകേണ്ടിവന്ന എഴുത്തുകാരികൂടിയാണ് മാധവിക്കുട്ടി. ‘ലൈംഗികത’ എന്നൊരു പ്രമേയത്തിൽ മാത്രം അഡ്ഡ്രസ്സ്‌ ചെയ്യപ്പെട്ടുവെന്ന ദുർവിധി, ഒരുപറ്റം വിഭാഗങ്ങൾക്കിടയിലെങ്കിൽ പോലും നേരിടേണ്ടി വന്നിട്ടുണ്ട് മാധവിക്കുട്ടിക്ക്. പെണ്ണെഴുത്തിൽ ലൈംഗികത എന്ന പുതുമയ്ക്കപ്പുറം, അവയുടെ സത്യസന്ധതയ്ക്കും ആഴത്തിനുമപ്പുറം മാധവിക്കുട്ടിയുടെ രചനകൾ ലൈംഗികവാഹകരായിരുന്നില്ല. ഒരുപറ്റം ആളുകൾ വ്യാഖ്യാനിച്ചതുപോലെ രതിയെ കുറിച്ചുള്ള ആത്മവും ആഴവുമേറിയ തുറന്നുപറച്ചിലുകൾ സമൂഹത്തിലെ നോക്കികാണലുകളുടെ രീതികളെ തച്ചുടയ്ക്കുക എന്നൊരുദ്ദേശത്തിൽ മാത്രം എഴുതപ്പെട്ടവയും ആയിരുന്നില്ല. മറിച്ച്‌ കഥാപാത്രങ്ങളുടെ ശീരഭാരങ്ങളുടെയും അതിന്റെ ദാഹമോഹകാമങ്ങളുടെയും അടയാളപ്പെടുത്തലായി, തികച്ചും സ്വാഭാവികമായി, വാത്സല്യവും സ്നേഹവും പോലെ കടന്നുവരുന്നവയായിരുന്നു. മനസ്സിന്റെ കവിതയേയും കവിതാന്വേഷണത്തെയും കവിതാപാനത്തെയും കവിതാനുഭൂതിയെയും ആഘോഷിച്ച മാധവിക്കുട്ടി ആ ഒരു സ്‌പേസ് ശരീരത്തിനും അതിന്റെ ആകുലതകൾക്കും വരൾച്ചയ്ക്കും ശൈത്യത്തിനും ഒക്കെ നൽകിയതിന്റെ ഫലമാണ് ഈ രചനകളും പ്രമേയങ്ങളും. മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയായിത്തീരുമ്പോൾ തീർച്ചയായും അത്‌ പ്രതീക്ഷകളെ വർദ്ധിപ്പിക്കുന്നു. ജെ സി ഡാനിയേലിനെയും പി കെ റോസിയെയും കുറിച്ചുള്ള കഥ ‘സെല്ലുലോയ്ഡ്‌’ ആക്കി മാറ്റി മലയാളികൾക്ക്‌ ഒരു ഗംഭീര സദ്യ സമ്മാനിച്ച കമൽ, വീണ്ടുമൊരു ബയോപിക്‌ ഒരുക്കുന്നു എന്നത്‌ എഴുത്തുകളെ പ്രിയപ്പെടുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷാനിർഭരമായിരുന്നു. എഴുത്തുകാരിയുടെ ജീവിതം പോലെ തന്നെ, ചിത്രീകരണത്തിന് മുമ്പ് തന്നെ വിവാദങ്ങളും സിനിമയ്‌ക്കൊപ്പം വന്നുചേർന്നിരുന്നു. മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും അഭ്രപാളിയിലെത്തുമ്പോള്‍ കമല സുരയ്യയിലേക്കുള്ള മതം മാറ്റമുള്‍പ്പെടെയുള്ള വിഷയങ്ങൾ ചര്‍ച്ചയാകുമെന്നത് തന്നെയായിരുന്നു വിവാദങ്ങളെ ക്ഷണിച്ച് വരുത്തിയത്. മാധവിക്കുട്ടിയായി സംവിധായകന്‍ കമല്‍ കണ്ടെത്തിയ ബോളിവുഡ് താരം വിദ്യാ ബാലന്റെ അപ്രതീക്ഷിത പിന്‍മാറ്റവും ഒടുവിൽ ദിവസങ്ങൾക്ക്‌ മുൻപ്‌ കമൽ നടത്തിയ “വിദ്യാബാലൻ ആയിരുന്നു ആമിയിൽ എങ്കിൽ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു” എന്നും മറ്റുമുള്ള പക്വതയില്ലാത്ത പ്രൊമോഷൻ രീതികളും ചിത്രത്തെ ചർച്ചാവിഷയമാക്കി മാറ്റിയിരുന്നു. തന്റെ ബാല്യകാലത്തിലെ ഓർമ്മകളിൽ നിന്നുമാണ്‌ ആമി പറഞ്ഞുതുടങ്ങുന്നത്‌. കവയിത്രി ബാലാമണിയമ്മയുടെയും പത്രപ്രവർത്തകനും ഉദ്യോഗസ്ഥനുമായിരുന്ന വി.എം. നായരുടെയും മകളും, മലയാളഭാഷാ പണ്ഡിതനായ നാലപ്പാട്ട്‌ നാരായണമേനോന്റെ അനന്തരവളുമായി 1934 മാർച്ച് 31ന് തൃശൂരിലെ പുന്നയൂർകുളത്ത്‌ ജനിച്ച മാധവിക്കുട്ടിയുടെ ബാല്യകാലവും കൽക്കട്ടയിൽ Walford Transport Companyൽ ജോലി ചെയ്തിരുന്ന പിതാവിനാൽ കൽക്കട്ടയിലും പുന്നയൂർകുളത്തെ നാലപ്പാട്ടും ചുറ്റുമുള്ള തറവാടുകളിലും ചിലവഴിക്കേണ്ടിവന്ന ബാല്യകാലത്തെ ചില സംഭവങ്ങളിലൂടെ ചിത്രം മുന്നോട്ട്‌ നീങ്ങുന്നു. ഈ ദേശങ്ങൾ, മനുഷ്യർ, സ്വഭാവങ്ങൾ എന്നിവ മാധവികുട്ടിയിലെ എഴുത്തുകാരിയെ പാകപ്പെടുത്തിയതിന്റെ ദൃഷ്ടാന്തങ്ങളും, ബാല്യകൗമാരങ്ങളിൽ അവൾക്ക്‌ അനുഭവിക്കേണ്ടിവന്ന ചില പ്രതികൂലസാഹചര്യങ്ങളും ആദ്യഭാഗങ്ങളിൽ ചിത്രം പറഞ്ഞുതരുന്നുണ്ട്‌. മണ്ണിനോടും വിശ്വാസങ്ങളോടും രീതികൾ വഴിവെച്ച ചിന്തകളോടും അത്യന്തം പ്രതിബദ്ധത പുലർത്തിയ നാലപ്പാട്ട്‌ മനുഷ്യരും നേരെ തിരിച്ചുള്ള കമ്പാർട്ട്മെന്റ് ചെയ്യപ്പെട്ട, മുറികളോട് ഇഷ്ടമുള്ള, ഏകജീവിതം നയിക്കുന്ന കൽക്കട്ടയിലെ മനുഷ്യരും തമ്മിലുള്ള താരതമ്യപഠനവും, ഇവയെല്ലാം മാധവിക്കുട്ടിയുടെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനങ്ങളും ചിത്രം വ്യക്തമാക്കുകയാണ്‌. തന്റെ അമ്മാവനായ നാരായണമേനോനിൽ നിന്നും വിദേശ ക്ലാസ്സിക്കുകളും മറ്റും കേട്ടും വായിച്ചും പഠിച്ച മാധവികുട്ടി ബാല്യകാലത്തിലെ കവിതകൾ എഴുതുമായിരുന്നു. പതിനഞ്ചാം വയസ്സിൽ മാധവ് ദാസ് എന്നയാളുമായി വിവാഹവും തുടർന്നുള്ള എഴുത്തും അവളിൽ ചില ദുരനുഭവങ്ങളും കോറിയിടുന്നു. സ്വപ്‌നവും പ്രണയവും വിരഹവും എല്ലാം തന്റെ തൂലികയിലൂടെ മറയില്ലാതെ പറഞ്ഞു വെച്ച മാധവിക്കുട്ടി, സ്ത്രീകളുടെ പരമിതികളെ മാറ്റിവെച്ച്, അര്‍ഹതപ്പെട്ട സ്വാതന്ത്ര്യത്തില്‍ ജീവിച്ചു. മാധവിക്കുട്ടിയുടെ ജീവിതത്തെ പ്രമേയമാക്കി രാധാ-കൃഷ്ണ പ്രണയത്തിലൂടെ, ഒരു കലാകാരിയുടെ അനുഭവങ്ങളെ വർണ്ണിക്കുകയാണ്‌ ആമി. ആമി. പതിഞ്ഞ താളത്തിലാണ്‌ ചിത്രത്തിന്റെ ചലനം. ഒരു വാണിജ്യസിനിമയ്ക്ക്‌ വേണ്ടതായ ആഖ്യാനമികവോ വേഗതയോ ചിത്രം ആർജ്ജിച്ചിട്ടില്ല. നാടകീയമായ രംഗങ്ങളും, ചില അഭിനേതാക്കളുടെ അസ്വാഭാവിക പ്രകടനങ്ങളും ചിത്രത്തെ വളരെ മോശം അനുഭവമാക്കിമാറ്റുന്നു. പ്രാധാന്യമർഹിക്കാത്ത വിഷയങ്ങളെ ഏറെ സമയമെടുത്ത്‌ കാണിക്കുകവഴി വിരസമായ സിനിമാനുഭവമാണ്‌ പ്രേക്ഷകനു ലഭിക്കുന്നത്‌. ജീവിതത്തോടുള്ള സത്യസന്ധതയാണ് മൗലികത എന്ന് വിശ്വസിച്ചിരുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാളായിരുന്ന മാധവിക്കുട്ടിയുടെ ജീവിതകഥയോട്‌ സംവിധായകൻ ആഖ്യാനത്തിൽ സത്യസന്ധത കാണിച്ചതേയില്ല. നായികയ്ക്കും എഴുത്തുകാരിക്കും പ്രേക്ഷകനുമിടയിൽ ശങ്കിച്ചു നിൽക്കുന്ന കമൽ എന്ന സംവിധായകനെ പലപ്പോഴും കാണാം. അതിഭാവുകത്വങ്ങളും വിലകുറഞ്ഞ സംഭാഷണരംഗങ്ങളും ഇത്തരം പോരായ്കകൾക്ക്‌ കുടയേന്തുകയും ചെയ്തു. മാധവിക്കുട്ടിയുടെ മാനസിക സംഘർഷങ്ങൾക്കും തൂലികകൊണ്ടുള്ള പോരാട്ടങ്ങൾക്കും അനുകമ്പയ്ക്കും വിലനൽകിക്കൊണ്ട്‌ അവരുടെ ജീവിതത്തെ ഉയർത്തിക്കാണിക്കുവാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും, മതം മാറ്റം സംബന്ധിച്ചുള്ള വിഷയങ്ങളിൽ പ്രേക്ഷകന്‌ ആവശ്യമായ വിശദീകരണം നൽകാതെ അദ്ദേഹം മുങ്ങിത്തപ്പുകയാണുണ്ടായത്‌. ബയോഗ്രഫി ആണെങ്കിലും, മാധവിക്കുട്ടിയുടെ സൃഷ്ടികളിൽ, ആത്മകഥയെന്നോ കാൽപ്പനികതയെന്നോ സ്വപ്നമെന്നോ അവർ പോലും സമ്മതിച്ചുതരാത്ത വിഷയങ്ങളെ അതേപടി തിരശ്ശീലയിലെത്തിക്കുവാൻ ചിത്രത്തിലൂടെ ഒരു ശ്രമം നടന്നിരുന്നു. മാധവിക്കുട്ടികളുടെ എഴുത്തുകളെ സ്വപ്നമെന്നോ യാഥാർത്ഥ്യമെന്നോ വിലയിരുത്തുവാൻ കഴിയില്ല. ‘എന്റെ കഥ’ ആത്മകഥയാണെന്നാണ്‌ മാധവിക്കുട്ടി ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട്‌ അത്‌ സ്വപ്നമായിരുന്നു എന്ന് തിരുത്തി. കാല്‍പനികമായ എഴുത്തിലൂടെ എല്ലാം സത്യമാണെന്ന് വിശ്വസിപ്പിച്ചു. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും അതിനോടുള്ള മാധവിക്കുട്ടിയുടെ പ്രതികരണങ്ങളും സംവിധായകൻ വ്യക്തമാക്കുവാൻ ശ്രമിക്കുന്നു. മതത്തിന്റെയും ജാതിയുടേയും പേരില്‍ വര്‍ഗീയ ഫാസിസം പിടിമുറുക്കിയ ഒരു കാലഘട്ടത്തിലാണ് മാധവിക്കുട്ടി അതിനെതിരെ ശബ്ദമുയര്‍ത്തുന്നതും ഒറ്റപ്പെടുന്നതും. വര്‍ഗീയ ഫാസിസ്റ്റികള്‍ക്ക് മാധവിക്കുട്ടിയുടെ അവസാന കാലഘട്ടങ്ങള്‍, പ്രത്യേകിച്ച് കമല സുരയ്യയിലേക്കുള്ള മാറ്റം അംഗീകരിക്കാന്‍ പറ്റില്ല. കഴിയാത്തതിനാൽ ഇവരുടെ പ്രക്ഷോഭങ്ങളും എതിർപ്പുകളും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും ചെറുത്തുനിൽപ്പുകളെയും ഗാന്ധിജിയുടെ സമരത്തോട്‌ ഒത്തുനിൽക്കുവാനുള്ള ജനങ്ങളുടെ ആഗ്രഹത്തേയും, വിഭജനത്തേയും ചിത്രം വർണ്ണിക്കുന്നുണ്ട്‌. ‘എന്റെ കഥ’ ഉണ്ടാക്കിയ ആഘാതങ്ങളും, ‘പക്ഷിയുടെ മണം, സമ്മർ ഇൻ കൽക്കത്ത’ തുടങ്ങിയവ എഴുതുവാനുണ്ടായ സാഹചര്യങ്ങളും, പൊതുസമൂഹത്തോടുള്ള ചില ചോദ്യങ്ങളാണ്‌. കൗമാരക്കാരിയിൽ നിന്നും, മാധവിക്കുട്ടിയും, കമലാദാസും, കമല സുരയ്യയുമൊക്കെയായി പകർന്നാടിയ സ്ത്രീയുടെ ജീവിതാനുഭവങ്ങളെ പിൻതുടരുന്ന ക്യാമറ ആ ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങളെ പകർത്തുമ്പോഴും, അവരുടെ സ്വകാര്യതയിലേക്ക് കച്ചവടക്കണ്ണുകളോടെ കടക്കുന്നില്ല എന്നതും, ഈയിടെ നടത്തിയ സംവിധായകന്റെ വിദ്യാ ബാലന്റെ പേരുചേർത്ത വിവാദ പ്രസ്താവനയും തമ്മിൽ കൂട്ടിവായിക്കുമ്പോൾ സംവിധായകനോട്‌ സഹതാപമാണ്‌ തോന്നുന്നത്‌. സ്വവർഗ്ഗസ്നേഹിയായ കഥാപാത്രത്തെ ചിത്രത്തിൽ കോമാളിവേഷമാണ്‌ കെട്ടിച്ചിരിക്കുന്നത്‌. കഥാപാത്രങ്ങളുടെ സംഘർഷാവസ്ഥ കാണിക്കുന്നതിൽ ഒരു ന്യൂ ജനറേഷൻ സംവിധായകന്റെ മാനസിക പക്വത പോലും കമലിന്‌ ഉണ്ടായിരുന്നില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടാം വരവിൽ മഞ്ജു വാര്യർ തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്ന ആക്ഷേപമാണ്‌ അഭിനയത്തിലെ കൃത്രിമത്വം. കഴിഞ്ഞവർഷമിറങ്ങിയ രണ്ടുചിത്രങ്ങളും ഈ ആരോപണങ്ങൾക്ക്‌ ഭാഗികമായ മറുപടി നൽകിയെങ്കിൽ, അത്രമേൽ അസഹ്യമായ വിധത്തിലാണ്‌ ആമിയിൽ മഞ്ജു പെർഫോം ചെയ്തിരിക്കുന്നത്‌. വേഷഭൂഷാധികളും, നാടകത്തട്ടിലെന്നതുപോലെ തോന്നുന്ന സംഭാഷണരംഗങ്ങളും ചിത്രത്തെ ദുരനുഭവമാക്കി മാറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചു. എഴുത്തുകളെ സ്നേഹിക്കുന്ന മലയാളികൾക്ക്‌ അറിയുന്ന വായിച്ചറിഞ്ഞ മാധവിക്കുട്ടിയുടെ ആകാരവുമായി തുലനം ചെയ്യുകയാണെങ്കിൽ സൗന്ദര്യം, വശ്യത തുടങ്ങിയ പരാമർശങ്ങൾ പരാമർശങ്ങൾ ‘ആമി’യിലെ നായികയുമായി ഏതുവിധത്തിൽ ഇഴചേരുമെന്ന് സംവിധായകൻ ഒന്നുകൂടി വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ആമിയുടെ ബാല്യകൗമാരങ്ങൾ അവതരിപ്പിച്ച കുട്ടികൾ നന്നായഭിനയിച്ചപ്പോൾ ‘ടൊവിനോയുടെ കൃഷ്ണനെ’ പലപ്പോഴും ‘എന്ന് നിന്റെ മൊയ്തീനി’ലെ അപ്പുവേട്ടനെ ഓർമ്മിപ്പിച്ചു. കെ.പി.എ.സി ലളിത, മുരളി ഗോപി, അനിൽ നെടുമങ്ങാട്‌ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. എം. ജയചന്ദ്രൻന്റെ ഗാനങ്ങൾ ഇത്തവണ ശരാശരിയിൽ ഒതുങ്ങുമ്പോൾ പശ്ചാത്തലസംഗീതം മികവു പുലർത്തി. പഴയ കൽക്കത്തയുടെ തെരുവുകളും വാണിജ്യസ്ഥാപനങ്ങളും ആമിയുടെ ഭവനവുമെല്ലാം കലാസംവിധായകന്റെ കഴിവുകളെ വിളിച്ചോതുന്നു. ബയോപിക്കുകൾ പലപ്പോഴും യഥാർത്ഥ വ്യക്തികൾക്ക്‌ അഭിമാനമായിത്തീർന്ന ചരിത്രങ്ങളുണ്ട്‌. ഒരു മാസ്റ്റർ പീസ്‌ ആയി മാറേണ്ടിയിരുന്ന ജീവിതകഥയെ വികലവും വിരസവുമായ ചലച്ചിത്രാനുഭവമാക്കിമാറ്റിക്കൊണ്ട്‌ പ്രേക്ഷകനെ ഒന്നടങ്കം ബുദ്ധിമുട്ടിക്കുകയാണ്‌ സംവിധായകൻ. എഴുത്തിലൂടെ പരിചയപ്പെട്ട മാധവിക്കുട്ടിയെ അടുത്തറിയണമെന്ന് ആഗ്രഹിച്ച്‌ ടിക്കറ്റെടുക്കുന്ന പ്രേക്ഷകന്‌ ‘ആമി’ ഒരുവിധത്തിലുമുള്ള തൃപ്തി പ്രദാനം ചെയ്യുന്നില്ല. അനുവാചകരെ സ്പർശിക്കുന്ന ഒരു രംഗം പോലും ചിത്രത്തിലില്ല. കമൽ ഇത്രയധികം അലസമായി സംവിധാനം ചെയ്ത മറ്റൊരു ചിത്രമുണ്ടോ എന്നും സംശയമാണ്‌. അതുകൊണ്ടുതന്നെ കഥാകാരിയോടോ പ്രേക്ഷകനോടോ ചിത്രം ഒരുവിധത്തിലും നീതിപുലർത്താത്ത ‘ആമി’ എക്കാലവും മാധവിക്കുട്ടി എന്ന എഴുത്തുകാരിക്ക്‌ തന്നെ ബാധ്യതയാണ്‌. ഒരു മികച്ച എഴുത്തുകാരിക്ക്‌ കമൽ നൽകിയ ബഹുമതി…!!!

ഹേയ്‌ ജൂഡ്‌

ശ്യാമപ്രസാദിന്റെ സിനിമകൾക്ക്‌ എന്നും നിറയൗവ്വനമാണ്‌. നവതലമുറയുടെ സ്പന്ദനങ്ങൾക്കൊപ്പം ഇഴുകിച്ചേർന്ന വ്യത്യസ്തതയാർന്ന ആശയങ്ങളാണ്‌ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന സവിശേഷത. ഒരു മന്ദമാരുതനായി ആരംഭിയ്ക്കുകയും, തുടർന്ന് വന്യമായ ഉള്‍‌വേഗമുള്ള കൊടുങ്കാറ്റിലേയ്ക്ക്‌ ക്ഷണനേരം കൊണ്ട് മാറുവാനും പ്രാപ്തിയുള്ള ശ്യാമപ്രസാദിന്‍റെ സിനിമകൾ, വാണിജ്യ തലങ്ങൾക്കും കലാമൂല്യത്തിനുമിടയിൽ സഞ്ചരിക്കുന്നു. മനുഷ്യമനസുകളുടെ മനസ്സുകളുടെ സങ്കീർണ്ണതകളും സംഘർഷങ്ങളുമാണ്‌ അദ്ദേഹത്തിന്‍റെ ഇഷ്ടവിഷയവും..! ഇത്തവണ ‘ഹേ ജൂഡ്‌’ എന്ന സിനിമയുമായാണ് മലയാളത്തിന്‍റെ ഈ വലിയ സംവിധായകന്‍ എത്തിയിരിക്കുന്നത്. 1998-ൽ ‘കല്ലുകൊണ്ടൊരു പെണ്ണ്’ സംവിധാനം ചെയ്തുകൊണ്ട് രംഗത്തുവന്ന ശ്യാമപ്രസാദ്‌ ഇതുവരെ പതിനഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഗൗരവപൂർവ്വം സിനിമകളെ സമീപിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അവയെല്ലാം മികച്ച അനുഭവങ്ങൾ തന്നെയായിരുന്നു സമ്മാനിച്ചത്‌.

‘ഇവിടെ’ എന്ന പൃഥ്വിരാജ് – നിവിന്‍ പോളി ചിത്രം കഴിഞ്ഞ്‌ രണ്ടു വർഷങ്ങൾക്കുശെഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് ജൂഡ്’. ബീറ്റില്‍സിന്‍റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന ഗാനത്തില്‍ ഗാനത്തിൽ നിന്നുമാണ്‌ ചിത്രത്തിന്റെ ടൈറ്റിൽ എടുത്തിരിക്കുന്നത്‌. നിവിൻ പോളി ശ്യാമപ്രസാദുമായി കൈകോര്‍ക്കുന്നത് ഇത് മൂന്നാം തവണയാണ്‌. നിവിൻ പോളിയെ സംബന്ധിച്ചിടത്തോളം സേഫ്‌ സോണിൽ നിന്നും വ്യതിചലിച്ചുകൊണ്ട്‌ ഏറ്റെടുത്ത കഴിഞ്ഞ വർഷത്തെ രണ്ടു ചിത്രങ്ങളും ഏറ്റുവാങ്ങിയത്‌ തികഞ്ഞ പരാജയമായിരുന്നു. സഖാവ്‌, ഒടുവിലിറങ്ങിയ റിച്ചി എന്നീ ചിത്രങ്ങളിൽ നിന്നുമുള്ള തിക്താനുഭവങ്ങൾ നിവിൻ പോളി ചിത്രം കാണുക എന്ന ഉദ്ദേശ്യത്തിൽ തിയേറ്ററുകളിലേയ്ക്ക്‌ എത്തിക്കുന്നതിൽ നിന്നും പ്രേക്ഷകരെ പിന്നോട്ടുവലിച്ചിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ ഒരു ആംഗ്ലോ ഇന്ത്യൻ ക്രൈസ്തവ കുടുംബത്തിന്റെ കഥയാണ് ‘ഹേയ് ജൂഡ്‌’ പറയുന്നത്. ആന്റിക് ഷോപ്പ് നടത്തുന്ന, വീണത്‌ വിദ്യയാക്കുന്ന, കുശാഗ്രബുദ്ധിക്കാരനായ ഡൊമിനിക്കിന്റെ മകൻ ജൂഡ്‌ പെരുമാറ്റവൈചിത്ര്യമുള്ള ഒരു യുവാവാണ്‌. തന്റെ ആന്റിയുടെ മരണത്തോടനുബന്ധിച്ച്‌ ഗോവയിലേയ്ക്ക്‌ വന്നെത്തുന്ന ജൂഡിന്റെ സ്വഭാവ വ്യതിയാനങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

തികച്ചും സ്വാഭാവികമായ നർമ്മസംഭാഷണങ്ങളിലൂടെ, ഗൗരവമാർന്ന ഒരു കഥയെ, അതിന്റെ തീവ്രത ചോർന്നുപോകാതെ അവതരിപ്പിക്കുകയാണ്‌ സംവിധായകൻ. ജൂഡിനൊപ്പം സഞ്ചരിച്ചുതുടങ്ങുന്ന ചിത്രം അവന്റെ പെരുമാറ്റരീതികളെ പ്രേക്ഷകന്‌ പരിചയപ്പെടുത്തുകയാണ്‌. അവൻ കണ്ടുമുട്ടുകയും സഹവസിക്കുകയും ചെയ്യുന്ന വ്യക്തികളിലൂടെ അവനിലുളവാകുന്ന മാറ്റങ്ങളെ ചിത്രം വിശദീകരിച്ചുതരികയാണ്‌. മിതമായ വേഗതയിൽ സഞ്ചരിച്ചുതുടങ്ങുന്ന ചിത്രത്തിന്റെ വേഗത രണ്ടാം പകുതിയിൽ അൽപ്പം കുറഞ്ഞു. കുറഞ്ഞിട്ടുണ്ട്‌. സ്വാഭാവികത നഷ്ടപ്പെടാതെ ചിത്രം പറഞ്ഞുതീർക്കുന്നതിൽ സംവിധായകൻ വിജയം വരിച്ചിട്ടുണ്ട്‌.

ഫോര്‍ട്ട് കൊച്ചിയിലും ഗോവയിലുമായി സംഭവിക്കുന്ന സിനിമയിൽ രണ്ടിടങ്ങളിലെ സംസ്കാരവും, ജീവിതവുമെല്ലാം പശ്ചാത്തലമാകുന്നുണ്ട്. ഓരോ മനുഷ്യനും ഓരോ സ്വഭാവവൈകല്യങ്ങളുണ്ട്‌. സാധാരണക്കാരുടെ ലോകത്ത് ഇത്തരം ചെറിയ വൈകല്യങ്ങളുള്ളവർ മറ്റുള്ളവരുമായി എങ്ങനെ ഇടപെടുന്നു എന്നുള്ളതാണ് ജൂഡിലൂടെ സംവിധായകൻ രസകരമായി പറയാന്‍ ശ്രമിക്കുന്നത്.

താരമൂല്യം കണ്ട് ഭ്രമിച്ച് ഒരു അടിപൊളി ത്രില്ലര്‍ പ്രതീക്ഷിച്ച്‌ പൊതു പ്രേക്ഷകർ ഒരിക്കലും ഒരു ശ്യാമപ്രസാദ്‌ ചിത്രത്തെ സമീപിക്കുവാനിടയില്ല. മറിച്ച്‌ ഗൗരവപൂർവ്വമായിരിക്കും സമീപിക്കുക. കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങള്‍ മനോഹരമായി വരച്ചുവയ്ക്കുകയാണ്‌ സംവിധായകന്‍ ചെയ്യാറുള്ളത്‌. എന്നാൽ ഇത്തവണ രസകരമായ ഒരു നിവിൻ പോളിച്ചിത്രം എന്ന നിലയിലും ശ്യാമപ്രസാദ്‌ ഇരുവിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നുണ്ട്‌. ഒരേ കടലില്‍, ആര്‍ട്ടിസ്റ്റില്‍, ഇംഗ്ലീഷില്‍, ഋതുവില്‍ ഒക്കെ കണ്ട കഥാപാത്രങ്ങളുടെ ചില ഷേഡുകള്‍ ‘ഹേയ്‌ ജൂഡി’ലെ ചില കഥാപാത്രങ്ങളിലും കണ്ടെത്താം. ആ പരിചിതഭാവം കഥാപാത്രങ്ങളുടെ മാനസികഘടന മനസിലാക്കാന്‍ ഒട്ടൊക്കെ സഹായിക്കുന്നുമുണ്ട്. സെബാസ്റ്റ്യൻ എന്ന കഥാപാത്രം അതിനുദാഹരണമാണ്‌.

ശ്യാമപ്രസാദിന്റെ മുൻചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി നർമ്മത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ചിത്രമാണ്‌ ഹേയ് ജൂഡ്. സിദ്ധീഖ്‌, നിവിൻ പോളി, വിനയ്‌ മേനോൻ തുടങ്ങിയവരുടെ സ്വാഭാവിക സംഭാഷണ രംഗങ്ങളാണ്‌ ‘ഹേയ്‌ ജൂഡി’ൽ ഹാസ്യത്തിന്റെ മേമ്പൊടി വിതറുന്നത്‌. നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ പ്രത്യേക മാനറിസങ്ങളും സംഭാഷണശൈലിയും തിയെറ്ററിൽ ഒരു ശ്യാമപ്രസാദ്‌ ചിത്രത്തിനുമപ്പുറത്തെ ചിരികളുയർത്തുന്നു. അതോടൊപ്പം തന്നെ, ഇമോഷൻസിന്റെ കാപട്യങ്ങളേക്കുറിച്ചും, സോഷ്യൽ കമ്യൂണിക്കേഷനുകളുടെ പ്രാധാന്യത്തേക്കുറിച്ചും അസന്തുലിതമായ ആവാസവ്യവസ്ഥയ്ക്ക്‌ കാരണമായ മനുഷ്യന്റെ പ്രവൃത്തികളേക്കുറിച്ചും സംവിധായകൻ ഒരാകമാനവീക്ഷണം നൽകുന്നുണ്ട്‌.

നടനെന്ന നിലയിൽ നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ്‌ ഹേയ് ജൂഡിലേത്. ബാംഗ്ലൂർ ഡേയ്സ്‌ മുതലുള്ള ചിത്രങ്ങളിലെ നിവിൻ കഥാപാത്രങ്ങളുടെ മാനറിസങ്ങളാണ്‌ അദ്ദേഹത്തിന്‌ ഇത്രയേറെ ജനപിന്തുണ നേടിക്കൊടുത്തതെങ്കിൽ ഹേയ്‌ ജൂഡ്‌ അത്തരത്തിൽ ഒരു പതിവും ആവർത്തിക്കുന്നില്ല. താരപരിവേഷമോ നിവിന്റെ ജനപ്രിയ മാനറിസങ്ങളോ ഇല്ലാതെ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രമായി മാറാൻ ജൂഡെന്ന ടൈറ്റിൽ കഥാപാത്രത്തിലൂടെ നിവിൻ പോളിയ്ക്ക്‌ കഴിഞ്ഞു. വ്യത്യസ്ത സ്വഭാവവിശേഷതകളാണ്‌ ജൂഡിനെ സമപ്രായക്കാരിൽ നിന്നും വേർതിരിച്ചത്‌.

ഡൊമിനിക് ആയി സിദ്ധിഖിന്റെ കഥാപാത്രം സൃഷ്ടിക്കുന്ന ചിരിയും ചിന്തയും ഏറെ സ്വാഭാവികതയുള്ളതാണ്. ഹേയ് ജൂഡിനെ റിയലിസ്റ്റിക്കായ സിനിമാകാഴ്ചയാക്കി മാറ്റുന്നതിൽ സിദ്ധിഖിന്റെ സാന്നിധ്യം വഹിച്ച പങ്ക്‌ നിസ്സാരമല്ല. മലയാള സിനിമയിലെ അരങ്ങേറ്റ വേഷത്തിൽ ക്രിസ്റ്റൽ ആൻ എന്ന ആംഗ്ലോ ഇന്ത്യൻ യുവതിയായി തൃഷ ശരാശരി പ്രകടനം കാഴ്ചവച്ചു. സയനോരയുടെ ഡബ്ബിംഗ്‌ തൃഷയുടെ കഥാപാത്രത്തിന്‌ ഒട്ടും അനുയോജ്യമായിരുന്നില്ല. ഏതാനും മിനിറ്റുകൾ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന അജു വർഗ്ഗീസും പ്രേക്ഷകനെ നന്നായി ചിരിപ്പിക്കുന്നുണ്ട്‌. നീനാകുറുപ്പ്, വിജയ് മേനോൻ, അപൂർവ്വ ബോസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ശ്യാമപ്രസാദിന്റെ തന്നെ ചിത്രങ്ങളായ ‘ഒരേ കടലി’നും, ‘അരികെ’യിലും ഔസേപ്പച്ചൻ മുൻപ് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ‘അകലെ’ എന്ന സിനിമയ്ക്കു വേണ്ടി എം ജയചന്ദ്രനും ‘ഇവിടെ’ എന്ന ചിത്രത്തിനായി ഗോപീസുന്ദറും, ‘ഋതു’ വിനു വേണ്ടി രാഹുൽരാജും ഇതിനോടകം ശ്യാമപ്രസാദിനൊപ്പം ചേർന്നിട്ടുണ്ട്‌. ട്രൈലറിൽ കേട്ട, പശ്ചാത്തലസംഗീതത്തിന്‌ ‘ചാർളി’ സിനിമയുടേതുമായി വലിയ സാമ്യം ഉണ്ടായിരുന്നു. ഗാനങ്ങൾ ശരാശരിനിലവാരം പുലർത്തിയപ്പോൾ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു. ഒരു ബാൻഡ് പെർഫോമൻസ് രംഗത്തിൽ ഗിത്താറുമായി ഔസേപ്പച്ചൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഗപ്പി, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങൾക്ക്‌ ഛായാഗ്രഹണം നിർവ്വഹിച്ച ഗിരീഷ് ഗംഗാധരനാണ് ഹേയ് ജൂഡിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഫോർട്ട്‌ കൊച്ചി, ഗോവ തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. കഥയ്ക്കു ചേരും പടി പശ്ചാത്തലം മിഴിവുറ്റതാക്കാൻ ഗിരീഷിനായി. ചിത്രത്തിന്റെ കലാസംവിധാന മികവും എടുത്തുപറയേണ്ടതാണ്.

ശ്യാമപ്രസാദിന്റെ മികച്ച ചിത്രങ്ങളുടെ നിരയിലേക്ക് ഹേയ് നിരയിലാണ്‌ ജൂഡിന്റെയും സ്ഥാനം. മലയാള സിനിമയിൽ അടുത്തിടെ സംഭവിച്ച ഫീൽ ഗുഡ്‌ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഹേയ് ജൂഡിന്റെയും സ്ഥാനം. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും അഭിനേതാക്കളുടെയും കൈയൊപ്പ് ഒരുപോലെ പതിഞ്ഞ ഹേയ്‌ ജൂഡ്‌ ദൃശ്യമികവ് കൊണ്ടും കഥാപശ്ചാത്തലത്തിലെ വ്യത്യസ്തത കൊണ്ടും സമീപകാലസിനിമകളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു.

സേഫ്‌സോണിൽ നിന്നുകൊണ്ടുള്ള വേഷങ്ങളേ തിരഞ്ഞെടുക്കുന്നുള്ളൂ എന്ന ആക്ഷേപം നിവിൻ പോളിയ്ക്കെതിരെ ചിലർ ഉന്നയിക്കാറുണ്ട്‌. ഈ ചിത്രത്തോടുകൂടി, അത്തരത്തിലുള്ള ആരോപണങ്ങൾക്കെല്ലാം നിവിൻ പോളി ഒരു മറുപടി കൊടുത്തിരിക്കുകയാണ്‌. ഒപ്പം, വാണിജ്യപ്രാധാന്യമുള്ള ചിത്രമെന്നതിനേക്കാൾ, ഇത്തരം ചിത്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള നിവിൻ പോളിയുടെ തീരുമാനവും അഭിനന്ദനാർഹമാണ്‌.

അരങ്ങേറ്റം ചുവടുപിഴയ്ക്കാതെ

മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന്റെ മകൻ പ്രണവിന്റെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ബാലതാരമായി പ്രേക്ഷകരെ മുൻപ്‌ വിസ്മയിപ്പിച്ചിട്ടുള്ള പ്രണവ്‌ മോഹൻലാൽ, മേജര്‍ രവി സംവിധാനം ചെയ്ത ‘പുനര്‍ജ്ജനി’യിലൂടെ ‘മികച്ച ബാലതാരത്തിനുള്ള’ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിരുന്നു. പിന്നീട് ‘ഒന്നാമന്‍’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കുകയും, വര്‍ഷങ്ങള്‍ക്ക് ശേഷം ‘സാഗര്‍ ഏലിയാസ് ജാക്കി’യിലെ ഒരു ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പൊതുവേ മാധ്യമങ്ങൾക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെടാൻ വൈമുഖ്യമുള്ള പ്രണവ്‌ മോഹൻലാലിനെ കേരളം വരവേറ്റത്‌ മുൻപ്‌ ഒരു പുതുമുഖനടനും ലഭിക്കാത്തവിധത്തിലായിരുന്നു. മോഹൻലാലിന്റെ മകൻ എന്ന സ്ഥാനത്തിനു പുറത്തേയ്ക്ക്‌ പ്രണവ്‌ എത്തിച്ചേരുമോ എന്ന ആകുലത ആരാധകർക്കുണ്ടായിരുന്നു.

മോഹൻലാൽ തന്നെ അനൗൺസ്‌ ചെയ്ത ചിത്രത്തിലേയ്ക്ക്‌ പ്രേക്ഷകർ ഉറ്റുനോക്കുവാനുണ്ടായ മറ്റൊരു പ്രധാന ഘടകം, ജീത്തു ജോസഫ്‌ എന്ന സംവിധായകനായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒൻപതാമത്തെ ചിത്രം കൂടിയാണ്‌ ആദി. ദൃശ്യത്തിലൂടെ പ്രേക്ഷകനെ അമ്പരപ്പിക്കുകയും, മലയാള സിനിമയെ വാണിജ്യപരമായി മറ്റൊരു തലത്തിലെത്തിക്കുകയും ചെയ്ത ജീത്തു ജോസഫിന്റെ അവസാന ചിത്രമായ ‘ഊഴ’വും തിരക്കഥയെഴുതിയ ‘ലക്ഷ്യ’വും തൃപ്തികരമല്ലായിരുന്നു. ആദിയുടെ ആദ്യ ട്രൈലർ തികച്ചും നിരാശാജനകമായിരുന്നെങ്കിലും, ആക്ഷൻ സീനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട്‌ ശേഷമിറങ്ങിയ ടീസർ ആരാധകർക്ക്‌ നഷ്ടപ്പെട്ട ആവേശം തിരികെ നൽകി.

സംഗീത സംവിധായകനായിത്തീരുവാനായി യത്നിക്കുന്ന ആദിത്യ മോഹൻ എന്ന യുവപ്രായക്കാരന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. പിതാവിന്റെ ആവശ്യപ്രകാരം ബാംഗ്ലൂരിലേയ്ക്ക്‌ പോകുന്ന ആദിത്യ ഒരു വലിയ കുഴപ്പത്തിൽ അകപ്പെടുന്നു. ബാറിൽ ഗായകനായ ആദിയിൽ നിന്നും ആരംഭിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ അവന്റെ സൗഹൃദം, കുടുംബാന്തരീക്ഷം എന്നിവയ്ക്ക്‌ പ്രാധാന്യം നൽകിയിരിക്കുന്നു. ബാംഗ്ലൂരിലേയ്ക്ക്‌ യാത്രതിരിക്കുന്ന ആദിയ്ക്ക്‌ നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങൾ അവന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്‌.

കുടുംബബന്ധങ്ങൾക്ക്‌ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ത്രില്ലർ ഒരുക്കുക എന്ന സംവിധായകന്റെ ലക്ഷ്യം ഒരു പരിധിവരെ പൂർണ്ണതയിലെത്തിയിട്ടുണ്ട്‌. ആദ്യാവസാനം പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തിക്കൊണ്ട്‌ ലളിതവും പഴകിയതുമായ ഒരു കഥാതന്തുവിനെ മികവോടുകൂടി വികസിപ്പിക്കുവാൻ സംവിധായകനു കഴിഞ്ഞു. ശാന്തമായി പറഞ്ഞുതുടങ്ങുന്ന ചിത്രം ക്രമേണ ചടുലമായിത്തീരുന്നു. ഇടവേളയോടടുക്കുമ്പോൾ തുടങ്ങുന്ന ഉദ്വേഗം രണ്ടാം പകുതിയിലും നിലനിൽക്കുന്നു. ഊഹിക്കാവുന്ന വിധത്തിലുള്ള ക്ലൈമാക്സ്‌ രംഗങ്ങൾ ആകെത്തുകയിൽ ചിത്രത്തിനു ഗുണം ചെയ്യുന്നില്ല. ഹാസ്യസംഭാഷണങ്ങളോ, അനാവശ്യമായി കൂട്ടിച്ചേർക്കപ്പെട്ട രംഗങ്ങളോ ചിത്രത്തിലുണ്ടായിരുന്നില്ല എന്നത്‌ നേട്ടമാണ്‌.

താരപുത്രൻ എന്ന ലേബലിൽ രംഗപ്രവേശം നടത്തിയ പ്രണവിന്‌ തിയേറ്ററുകൾ നിറയ്ക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. നായകനായെത്തിയ ആദ്യസിനിമയിൽ നിന്ന് ആരാധകർ എന്ത്‌ പ്രതീക്ഷിക്കുന്നോ, അതിനുമപ്പുറം നൽകുവാൻ പ്രണവിനു കഴിഞ്ഞു. അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നെങ്കിലും, ലക്ഷ്യബോധമുള്ള, പാവത്താനായ ഒരു യുവാവിന്റെ വേഷം ലഭിച്ചപ്പോൾ, അത്‌ പൂർണ്ണതയിലെത്തിക്കുവാൻ പ്രണവിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഭാവിയിൽ നല്ല വേഷങ്ങൾ പ്രണവിനെ തേടിയെത്തട്ടെ. നായകന്റെ മെയ്‌വഴക്കം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആക്ഷൻ രംഗങ്ങളാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. ‘പാർക്കൗർ’ ആക്‌ഷൻ രീതിയാണ് ഇൗ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളിൽ കണ്ടുപരിചയമുള്ള ദൈർഘ്യമേറിയ ഇത്തരം ആക്ഷൻ സീനുകൾ ശ്വാസമടക്കിപ്പിടിച്ചു മാത്രമേ കണ്ടുതീർക്കുവാൻ കഴിയുകയുള്ളൂ.

ചിത്രത്തിൽ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അതിഥി രവി എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അനുശ്രീ മിതത്വത്തോടുകൂടി തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ലെനയുടെ കഥാപാത്രം അഭിനയത്തിന്റെയും അമിതാഭിനയത്തിന്റെയും ഇടയിലൂടെ സഞ്ചരിച്ചു. വൈകാരികസമ്മർദ്ദങ്ങൾ പ്രകടിപ്പിക്കുന്നതിൽ എല്ലായ്പ്പോഴും മികവു പുലർത്തിയിട്ടുള്ള സിദ്ധീഖ്‌ നായകന്റെ പിതാവിന്റെ വേഷത്തിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. സിജു വിൽസൺ, ഷറഫുദ്ദീൻ, മേഘനാഥൻ എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്.

സിനിമയുടെ ആദ്യഭാഗത്തുതന്നെയുള്ള അതിഥിതാരത്തിന്റെ ആഗമനവും മറ്റ്‌ കഥാപാത്രങ്ങളുടെ ശാരീരിക വർണ്ണനകളും പുകഴ്ത്തലുകളുമെല്ലാം കേവലം ഫാൻസിന്റെ തൃപ്തിയ്ക്കുവേണ്ടി മാത്രമായിമാറി. കഥാപരമായ പുതുമകളൊന്നും ആദിയിൽ അവകാശപ്പെടുവാനില്ല. പ്രതിനായകൻ, അദ്ദേഹത്തിന്റെ ബിസിനസ്സ്‌, വലം വയ്ക്കുന്ന ആളുകൾ, പ്രതികരിക്കുന്ന വിധങ്ങൾ തുടങ്ങിയവയിലൊന്നും, വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതിൽ നിന്നും യാതൊരു വ്യത്യാസങ്ങളുമില്ല.

ഒരു ത്രില്ലർ മുവീ എന്നതിൽക്കവിഞ്ഞ്‌ കുടുംബസ്നേഹവും സഹാനുഭൂതിയും ഇഴചേർക്കപ്പെട്ടപ്പോൾ രണ്ടാം പകുതിയിലെ ചില രംഗങ്ങൾ കണ്ണീർപ്പരമ്പരകളുടെ നിലവാരം മാത്രമായിമാറി. പ്രശ്നങ്ങളിൽ അകപ്പെട്ട ശേഷം കുരുക്കുകൾ പാടുപെടുന്ന നായകൻ തേടുന്ന വഴികളിൽ നിരവധി ക്ലീഷേകളും അവ്യക്തതകളുമുണ്ട്‌. ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ പൊതുപ്രേക്ഷകനെ തൃപ്തിപ്പെടുത്തത്തക്കവിധമുള്ള ട്വിസ്റ്റുകളോ ബുദ്ധിപരമായ നീക്കങ്ങളോ ഒന്നും തന്നെ ആദിയിൽ കാണുവാൻ കഴിയില്ല. എന്നിരുന്നാലും ഇത്തരം അപര്യാപ്തതകളെയെല്ലാം നായകന്റെ ശാരീരികമായ കഴിവുകൾ കൊണ്ട്‌ മറച്ചുപിടിക്കുന്നതിൽ സംവിധായകൻ വിജയിച്ചു.

സിനിമാലക്ഷ്യങ്ങളുള്ള ഇന്നത്തെ യുവത്വത്തെ നായകനിലൂടെ വരച്ചുകാട്ടുന്ന സംവിധായകൻ, അതോടനുബന്ധിച്ച മറ്റുചില വിഷയങ്ങളേക്കുറിച്ചും സംസാരിക്കുന്നു. സിനിമാമേഖലയുടെ അനിശ്ചിതത്വം, അവസരങ്ങൾ, സോഷ്യൽ മീഡിയകൾ വഴിയുള്ള പ്രൊമോഷനുകൾ തുടങ്ങിയ വിഷയങ്ങളും പറഞ്ഞുപോവുന്നുണ്ട്‌.

മെമ്മറീസ്‌ മുതലുള്ള ജീത്തു ജോസഫിന്റെ സിനിമകൾ ശ്രദ്ധിച്ചാൽ സംഗീതം, പശ്ചാത്തലസംഗീതം എന്നീ മേഖലകളിൽ അദ്ദേഹം പുലർത്തുന്ന സൂക്ഷ്മത ദൃശ്യമാണ്‌. ഈ ചിത്രങ്ങൾക്കെല്ലാം സംഗീതം പകർന്ന അനിൽ ജോൺസൺ ഇത്തവണ ആദിയിലും മികച്ച രീതിയിൽ തന്റെ ജോലി നിർവ്വഹിക്കുകയുണ്ടായി. ഗാനങ്ങൾ ശരാശരിയായിരുന്നെങ്കിലും പശ്ചാത്തലസംഗീതം ഗംഭീരമായിരുന്നു. പിതാവിന്റെ രംഗപ്രവേശത്തിനു വഴിയൊരുക്കിയ ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ ‘മിഴിയോരം’ എന്ന എന്നാരംഭിക്കുന്ന ഗാനം തിയേറ്ററിൽ കേൾക്കുവാൻ കഴിഞ്ഞു. സതീഷ് കുറുപ്പാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പാർക്കൗർ ഫൈറ്റിംഗ്‌ സീനുകളും അനുബന്ധ സംഘട്ടനരംഗങ്ങളും നേരിട്ടുകാണുന്ന ഫീൽ പ്രേക്ഷകനു പകർന്നു നൽകുവാൻ ഛായാഗ്രഹകന്‌ സാധിച്ചു. ബനാറസ്, പാലക്കാട്, രാമശ്ശേരി, ഫോര്‍ട്ട് കൊച്ചി, ബെംഗളുരു തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ചിത്രം പൂർത്തിയാക്കിയത്‌. എഡിറ്റിംഗ്‌ നിർവ്വഹിച്ചപ്പോൾ ചിത്രത്തിന്‌ പൂർണ്ണത കൈവന്നു. മറ്റ്‌ സാങ്കേതിക വശങ്ങളും ചിത്രവുമായി ഇഴ ചേർന്നു നിൽക്കുന്നു.

താരപുത്രന്റെ ആഗമനത്തെ വരവേൽക്കുവാനായി തിയേറ്ററുകളിലേയ്ക്കെത്തുന്ന പ്രേക്ഷകനെ ചിത്രം നിരാശരാക്കുന്നില്ല. മലയാളത്തിൽ മുൻപ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട ഒരു ത്രില്ലർ മുവീ കാണണമെന്ന ഉദ്ദേശ്യത്തിൽ ധൈര്യമായി ടിക്കറ്റെടുക്കാം.

വിഡ്ഢിത്തരങ്ങളുടെ ഘോഷയാത്ര – ശിക്കാരി ശംഭു

കുറച്ച് നാളുകളായി ചാക്കോച്ചന്റെ സിനിമകൾ ശ്രദ്ധിച്ചാൽ നായകനാവണം എന്ന് വലിയ നിർബന്ധമൊന്നുമില്ലെന്നും, നല്ല സിനിമകളുടെ ഭാഗമാകുവാനാണ്‌ അദ്ദേഹത്തിന്‌ താത്പര്യമെന്നും നമുക്ക്‌ മനസ്സിലാകും. ‘ടേക്ക് ഓഫി’ൽ പാർവതിയും ‘രാമന്റെ ഏദൻതോട്ട’ത്തിൽ അനു സിത്താരയും ‘വർണ്യത്തിൽ ആശങ്ക’യിൽ സുരാജും ‘ദിവാൻജിമൂല ഗ്രാൻഡ്‌ പ്രി’യിൽ നൈല ഉഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ, മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചുകൊണ്ട് ചാക്കോച്ചൻ ചുവടുമാറ്റം ഭംഗിയാക്കിയതായി കാണാവുന്നതാണ്‌. ഇമേജോ വലിപ്പച്ചെറുപ്പമോ നോക്കാതെ, നല്ല സിനിമകളുടെ ഭാഗമാകുവാനുള്ള ചാക്കോച്ചന്റെ ഈ തീരുമാനം അഭിനന്ദനാർഹമാണ്.
ചാക്കോച്ചന്റേതായി ഈ വർഷം ആദ്യമിറങ്ങിയ ‘ദിവാൻജിമൂല ഗ്രാൻഡ്‌ പ്രി’ നേരിട്ട കനത്ത പരാജയത്തിന്‌ ശേഷമിറങ്ങുന്ന ചിത്രമാണ്‌ ശിക്കാരി ശംഭു. ‘ഓർഡിനറി’ നേടിയ എക്സ്ട്രാ ഓർഡിനറി വിജയം സുഗീതുമൊത്തുള്ള ചാക്കോച്ചന്റെ കൂട്ടുകെട്ടിൽ വീണ്ടും ചിത്രമിറങ്ങുവാൻ ഇടയാക്കി. ത്രീ ഡോട്സ്‌, ഒന്നും മിണ്ടാതെ, എന്നീ സുഗീത്‌ ചിത്രങ്ങൾ വൻ പരാജയമായപ്പോൾ ‘മധുരനാരങ്ങ’ ശരാശരിവിജയം നേടിയിരുന്നു. ഓർഡിനറി, മധുരനാരങ്ങ, പോളിടെക്നിക്‌, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങൾക്ക്‌ തൂലിക ചലിപ്പിച്ച നിഷാദ്‌ കോയയുടെ അടുത്ത സംരംഭം കൂടിയാണ്‌ ശിക്കാരി ശംഭു..!
ബാലരമയിലെ ഏവർക്കും പ്രിയങ്കരനായ ഒരു കഥാപാത്രമാണ്‌ ശിക്കാരി ശംഭു. ഭീരുവും തമാശക്കാരനുമായ ശംഭുവിന്റെ ആകുലതകളും അതുവഴി അബദ്ധത്തിൽ നടക്കുന്ന പുലിപിടുത്തവുമെല്ലാം ഒരുകാലത്ത്‌ നമ്മിൽ പലരും വായിച്ചു രസിച്ച കഥകളാണ്‌. സ്വാഭാവികമായും ഇതേ പേരിൽ ഒരു ചിത്രമിറങ്ങുമ്പോൾ, ഒരു കോമഡി സിനിമ എന്നതിലുപരി സ്ഥാനമുണ്ടാവില്ല എന്നതുറപ്പാണ്‌.
കുരുതിമലക്കാവ് എന്ന ഗ്രാമത്തിൽ നിന്നുമാണ്‌ കഥ പറഞ്ഞുതുടങ്ങുന്നത്‌. നിറഞ്ഞ സദസ്സിൽ ഏതാനും സുഹൃത്തുക്കൾ പുലിമുരുകൻ സിനിമ കാണുകയാണ്‌. തിരിച്ചുവരും വഴി അതിലൊരാളെ പുലി ആക്രമിക്കുന്നു. കുരുതിമലക്കാവ് ഗ്രാമത്തിലെ പുലിയെ പിടികൂടാൻ കുന്ദംകുളത്തുനിന്നും വരുന്ന അല്പസ്വല്പം തരികിടയും കള്ളത്തരവുമൊക്കെയുള്ള പീലി എന്ന ഫീലിപ്പോസും, സുഹൃത്തുക്കളായ ഷാജി, അച്ചു എന്നിവരും വന്നെത്തുമ്പോൾ അന്നാട്ടിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ്‌ ചിത്രത്തിന്റെ പശ്ചാത്തലം.
നര്‍മത്തിലൂടെ പുലിവേട്ടയുടെ കഥയാണ് സംവിധായകൻ പറയുവാൻ ശ്രമിക്കുന്നത്‌. കോമഡി എന്ന പേരിലുള്ള കേവലം കാട്ടിക്കൂട്ടലുകൾ മാത്രമായിരുന്നു ആദ്യപകുതി. നായകന്റെ മോഷണശ്രമങ്ങൾ, പിടിക്കപ്പെടലുകൾ തുടങ്ങി കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന കാഴ്ചകളെല്ലാം അപക്വമായിരുന്നു. രണ്ടാം പകുതിയിൽ അൽപം ഗൗരവവും നന്മയുമെല്ലാം കടത്തിവിട്ടിടുണ്ട്‌. ഇപ്പോൾ ആഘോഷസിനിമകളിൽ ട്വിസ്റ്റ്‌ ഇല്ലാതെ പറ്റില്ല എന്നതിനാൽ ക്ലൈമാക്സിൽ ഒരു വലിയ ട്വിസ്റ്റും ചേർക്കപ്പെട്ടു. ഒരു കോമഡിച്ചിത്രമാണെങ്കിലും ആസ്വദിക്കത്തക്കതായി യാതൊന്നുമില്ലായിരുന്നു എന്ന് പറഞ്ഞേ മതിയാവൂ. വിലകുറഞ്ഞതും ആസ്വാദ്യകരമല്ലാത്തതുമായ സംഭാഷണരംഗങ്ങൾ ചിത്രത്തെ ദുരനുഭവമാക്കിത്തീർക്കുന്നു.
പുലിമുരുകൻ തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്‌ കഥ നടക്കുന്നതെങ്കിലും, നാടും നാട്ടുകാരും വർഷങ്ങൾക്ക്‌ മുൻപുള്ള അതേ അവസ്ഥയിൽത്തന്നെ. നാട്ടിലെ കാഴ്ചകളാണെങ്കിൽ മലയാളസിനിമ പിറവിയെടുത്ത കാലം മുതൽ കണ്ടുവരുന്ന അതേ കാഴ്ചകൾ തന്നെയാണ്‌. തൊഴിലില്ലാത്ത ചെറുപ്പക്കാർ, പഴയ ചായക്കട, അവിടെ കൂടിയിരുന്ന് പരദൂഷണം പറയുന്ന ആളുകൾ, ആര്‌ എന്തുപറഞ്ഞാലും കണ്ണുമടച്ച്‌ വിശ്വസിക്കുന്ന, പുറത്തുനിന്ന് വരുന്ന ആളുകളെ രക്ഷകൻ സ്ഥാനത്ത്‌ പരിഗണിക്കുന്ന ഗ്രാമവാസികൾ, പ്രശ്നക്കാരനായ ഒരാൾ, നന്മ ചെയ്യുന്ന നായകൻ എന്നിങ്ങനെയുള്ള ക്ലീഷേകളെല്ലാം ഇവിടെയും വന്നുചേർന്നിട്ടുണ്ട്‌.
ചാക്കോച്ചന്‌ തീരെ യോജിക്കാത്ത കഥാപാത്രമായിരുന്നു പീലി. ഹാസ്യരംഗങ്ങളിൽ മറ്റുള്ളവരെ ചിരിപ്പിക്കുവാനുള്ള പരാക്രമം കാണാമായിരുന്നു. നായകന്‌ നൽകിയ, അസ്ഥാനത്തുള്ള മാസ്സ്‌ ഡയലോഗുകളും മറ്റും ചിരിയുണർത്തുന്ന വിധത്തിലുള്ളതാണ്‌. എന്നാൽ സംഘട്ടനരംഗങ്ങളിൽ മുൻപത്തേക്കാൾ മികവ്‌ പുലർത്തിയിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. നായകന്റെ സഹചാരികളായി രണ്ടുപേരാണുള്ളത്‌. വിഷ്ണു ഉണ്ണികൃഷ്ണനും, ഹരീഷ്‌ കണാരനും. ഹരീഷ്‌ കണാരൻ തന്റെ പതിവു ശൈലിയിലുള്ള സംഭാഷണങ്ങളിലൂടെ ഒന്നുരണ്ട്‌ തവണ ചെറുതായി ചിരിപ്പിച്ചിട്ടുണ്ട്‌. വിഷ്ണുവിന്റേത്‌ ശരാശരി പ്രകടനം. ശിക്കാരി ശംഭുവിനെ നായികാപ്രാധാന്യമുള്ള ഒരു ചിത്രമാക്കുവാനും ഒരു ശ്രമം നടന്നിട്ടുണ്ട്‌. സുധി വാത്മീകം, ഇടി, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങൾക്കുശേഷമുള്ള ശിവദയുടെ മോശം പ്രകടനം.
വന്യമൃഗസംരക്ഷണനിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്‌, നായാട്ട്‌ എന്ന സംവിധായകന്റെ സങ്കൽപ്പത്തിലെ യുക്തിയെ ഇത്തരമൊരു ചിത്രത്തിൽ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ചിത്രം ഒരുവിധത്തിലും ആസ്വാദനം നൽകിത്തരുന്നില്ല എന്നത്‌ ദുഃഖകരമാണ്‌. ഈ ഹാസ്യചിത്രത്തിൽ പ്രണയവും സാഹസികതയും പ്രതികാരവുമെല്ലാം കൂട്ടിയിണക്കുവാൻ സംവിധായകൻ ശ്രമം നടത്തിയിട്ടുണ്ട്‌. കണ്ടുപഴകിയ സഹതാപങ്ങളും പ്രണയചേഷ്ടകളും പ്രേക്ഷകനെ നന്നായിത്തന്നെ ബുദ്ധിമുട്ടിക്കുന്നു. വർണ്ണവിവേചനയും അൽപ സ്വൽപ ദ്വയാർത്ഥ സംഭാഷണങ്ങളും ചിത്രത്തിൽ അങ്ങിങ്ങായി വന്നുചേർന്നിട്ടുണ്ട്‌. “കുന്ദംകുളത്തിനടുത്തുള്ള കാട്‌ ചാവക്കാട്‌” തുടങ്ങിയ വാട്സ്‌ ആപ്‌ കോമടികളും തികച്ചും അപക്വമായൊരുക്കിയ സംഭാഷണരംഗങ്ങളും പ്രേക്ഷകനെ പ്രയാസപ്പെടുത്തുകയാണ്‌.
ശ്രീജിത്ത്‌ എടവനയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മോശമായിരുന്നു. ഫൈസൽ അലി ഛായാഗ്രഹണവും സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.. മറ്റ്‌ സാങ്കേതികവശങ്ങളൊന്നും തന്നെ പൂർണ്ണതൃപ്തി പ്രദാനം ചെയ്യുന്നില്ല. ആകെത്തുകയിൽ യാതൊരുവിധ മേന്മകളും അവകാശപ്പെടാനില്ലാത്ത ശരാശരിക്കും താഴെയുള്ള ഒരു ചിത്രം മാത്രമാണ്‌ ശിക്കാരി ശംഭു. നിഷാദ്‌ കോയയുടെ തികച്ചും സഹതാപകരമായ തിരക്കഥയുടെ വളരെ മോശം അവതരണമാണ്‌ ചിത്രം. പ്രതീക്ഷകളോടെ സമീപിക്കുകയാണെങ്കിൽ നിരാശമാത്രമാകും ഫലം.

ഫഹദിന്റെ ‘ഒറ്റയാൾ പോരാട്ടം’

സിനിമ’ എന്നത് കേവലമൊരു വിനോദോപാധി മാത്രമല്ലെന്നും, അതിന് പ്രേക്ഷകരോടും സമൂഹത്തോടും പലതും സംവദിക്കാനുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്ന ചിത്രങ്ങളാണ് എക്കാലത്തും മലയാള സിനിമയുടെ യശസ്സ് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ‘ദയ’യ്ക്കുശേഷമുള്ള പതിനഞ്ചു വർഷങ്ങളുടെ ഇടവേളയിലൂടെ, മലയാളത്തിലെ മുന്‍നിര ഛായാഗ്രഹകൻ കൂടിയായ വേണു നമുക്ക്‌ നൽകിയത്‌ ‘മുന്നറിയിപ്പ്‌’ എന്ന മികച്ച സിനിമാനുഭവമായിരുന്നു. ശേഷം, വീണ്ടും സംവിധായക വേഷമണിയുന്ന വേണുവും യുവനിരയിലെ ഏറ്റവും മികച്ച നടനായ ഫഹദിന്റെ നായകവേഷവും, പ്രഖ്യാപിച്ച ആദ്യഘട്ടം മുതൽക്കേ തന്നെ പ്രേക്ഷകനെ ആകര്‍ഷിക്കുകയും, കാത്തിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

പാലാക്കാരനായ സിബി സെബാസ്റ്റ്യനോടൊപ്പമുള്ള ഒരു യാത്രയാണ്‌ ‘കാർബൺ.’ വീട്ടുകാരെയും നാട്ടുകാരെയും പറയിപ്പിച്ച്‌ അലസജീവിതം നയിക്കുന്ന സിബിച്ചൻ പെട്ടെന്ന് ധനവാനാകാനുള്ള ശ്രമത്തിലാണ്‌. ഫാന്‍റസി കലർന്ന വിഷയങ്ങളിലാണ്‌ എല്ലായ്പ്പോഴും സിബിക്ക്‌ താത്പര്യം. അതുകൊണ്ടുതന്നെ, മരതക കല്ല്, വെള്ളിമൂങ്ങ, ആനക്കച്ചവടം തുടങ്ങിയ കച്ചവട തന്ത്രങ്ങിലാണു അയാളുടെ ശ്രദ്ധ. ഇവയെല്ലാം പരാജയപ്പെട്ട സമയത്ത്‌, ബഷീർ ഭായ്‌ എന്നയാളുടെ നിർദ്ദേശപ്രകാരം വനാന്തർഭാഗത്തേയ്‌ക്കുള്ള സിബിയുടെ താമസത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാവുന്ന ചില സംഭവങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം.

ഒരു അഡ്വഞ്ചർ ത്രില്ലറായാണ്‌ സംവിധായകൻ തന്റെ മൂന്നാം ചിത്രമൊരുക്കിയിരിക്കുന്നത്‌. അലസജീവിതം നയിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതിനിധിയായ സിബിയുടെ നാട്ടിലെ ചില ബിസിനസ്‌ ശ്രമങ്ങളിൽ നിന്നുമാരംഭിക്കുന്ന ചിത്രം ക്രമേണ ഒരു സാഹസികയാത്രയുടെ പരിവേഷം കൈക്കൊള്ളുന്നു. ഹാസ്യസംഭാഷണങ്ങളുടെ അകമ്പടിയോടുകൂടിയാണ്‌ ചിത്രത്തിന്റെ അവതരണം. ബിസിനസ്സിനേപ്പറ്റിയും ജീവിതത്തേപ്പറ്റിയുമുള്ള സിബിയുടെ തിയറിയും ഫാന്റസിയും ആദർശങ്ങളും ന്യായീകരണങ്ങളുമെല്ലാം ചിത്രത്തിന്റെ ആദ്യഭാഗങ്ങളെ രസകരമാക്കുമ്പോൾ, അൽപം ഗൗവരവമാർന്ന വിഷയങ്ങൾ കൂടി ഉൾക്കൊള്ളിക്കപ്പെട്ട രണ്ടാം പകുതി പൂർണ്ണമായും വനാന്തർഭാഗത്താണ്‌ നടമാടുന്നത്‌.

വളരെ ലളിതമായ ഒരു കഥാതന്തുവിന്‌ ശക്തമായ സിനിമാഭാഷ്യമൊരുക്കിയതും വേണു തന്നെയാണ്‌. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും, ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത കഥാപാത്രങ്ങളും ഏതൊരു പ്രേക്ഷകനേയും ആകർഷിക്കും. വേണു തന്‍റെ കഥാപാത്രങ്ങളിലൂടെ അവസരോചിതമായി തൊടുത്തുവിട്ട ആക്ഷേപഹാസ്യം നിറഞ്ഞ സംഭാഷണങ്ങൾ പലപ്പോഴും ഇന്നത്തെ സമൂഹത്തിന്‍റെ പൊങ്ങച്ച പ്രവണതകളെ കീറിമുറിക്കുന്നുണ്ട്. അലക്ഷ്യമായെന്നവണ്ണം സ്ക്രീനില്‍ നിറയുന്ന പല രംഗങ്ങളും ചിത്രം കഴിഞ്ഞ് കൂടുതല്‍ ചിന്തിക്കുവാനും വിട്ടുപോയ പല കണ്ണികളും കൂട്ടിച്ചേർക്കുവാനും പ്രേക്ഷകനെ സഹായിക്കുകയും ചെയ്യും. ‘മുന്നറിയിപ്പി’ൽ എന്നതുപോലെ, അപ്രതീക്ഷിതമായി ഉപസംഹരിക്കപ്പെട്ട ചിത്രം ഏതാനും ചോദ്യങ്ങളും പ്രേക്ഷകനോട്‌ ഉന്നയിക്കുകയാണ്‌.

കേവലാസ്വാദനം എന്നതിലുപരിയായി പ്രയോജനകരവും ചിന്തോദ്ദീപകവുമായ നിരവധിസന്ദേശങ്ങൾ ചില ജീവിതങ്ങളെ സാക്ഷ്യം നിർത്തി പറയുവാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു. അടങ്ങാത്ത ആഗ്രഹങ്ങളുള്ള മനുഷ്യന്റെ പ്രവർത്തനങ്ങളും മിതവ്യയശീലമുള്ള മനുഷ്യരുടെ ജീവിതരീതികളും തമ്മിലുള്ള ഒരു താരതമ്യപഠനം ചിത്രം വച്ചുനീട്ടുന്നുണ്ട്‌. ‘ആഷസ്‌ ആൻഡ്‌ ഡയമണ്ട്സ്‌’ എന്ന ടാഗ്‌ ലൈനിനോട്‌ ചിത്രം നീതിപുലർത്തിയെന്ന് പറയുവാൻ കഴിയും. രണ്ട്‌ വിധങ്ങളിലുള്ള മനുഷ്യന്റെ സ്വഭാവവിശേഷതയെ കാർബൺ മൂലം തുലനം ചെയ്യുകയാണ്‌ സംവിധായകൻ. കരിക്കട്ടയും വജ്രവും രണ്ടും കാര്‍ബണ്‍ തന്നെയാണ്. രണ്ടും രണ്ട്‌ രൂപഭേദങ്ങളാണ്‌. മറ്റ്‌ മൂലകങ്ങളുമായി ചേർന്ന് വിവിധ സംയുക്തങ്ങളായി മാറുവാൻ കഴിവുള്ള കാര്‍ബണ്‍ ആണ്‌ എല്ലാത്തിന്റെയും ആധാരം. അതേസമയം കരിക്കട്ട വിലയില്ലാത്ത ഒന്നുമാകുന്നു. മനുഷ്യന്റെ വികാരങ്ങളും പ്രവർത്തനങ്ങളും ഇതുപോലെ തന്നെയാണ്. സ്വഭാവത്തില്‍ ചിലര്‍ കരിക്കട്ടയും ചിലര്‍ വജ്രവുമായിരിക്കും, പക്ഷെ പരസ്പരം വേർതിരിച്ചറിയുക എന്നത്‌ ശ്രമകരമാണ്‌ എന്നും ചിത്രം പറയുന്നു.

ആദിവാസി സമൂഹത്തിന്റെ സത്യസന്ധമായ ജീവിതചര്യകളും, വിശ്വാസങ്ങളും, വനസമ്പത്ത്‌ ദുരുപയോഗം ചെയ്യാതെ, വന്യമൃഗങ്ങളുമായി ഇടപഴകിയുള്ള ജീവിതശൈലിയും ചിത്രം ഉയർത്തിക്കാണിക്കുകയാണ്‌. എളുപ്പത്തിൽ സമ്പന്നരാകുവാനുള്ള ഇന്നത്തെ യുവാക്കളുടെ ശ്രമങ്ങളും ചതികളും കുടുംബാവസ്ഥകളുമെല്ലാം ചിത്രം വരച്ചുകാട്ടുന്നതോടൊപ്പം ആവർത്തനവിരസതയില്ലാതെ, അതിപ്രാധാന്യമുള്ള ചില സംഭവവികാസങ്ങളും സംവിധായകൻ ശ്രദ്ധയിൽപ്പെടുകയാണ്‌. നായകന്റെ കുടുംബസാഹചര്യങ്ങൾ ഉൾപ്പെടെയുള്ള ചില വിഷയങ്ങൾ വിശദീകരിക്കുന്നതിൽ അപൂർണ്ണത പ്രകടമായിരുന്നു.

അഡ്വഞ്ചർ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണെങ്കിലും, ഇത്തരം ചിത്രങ്ങളിൽ പൊതുവായി കണ്ടുവരുന്ന നാടകീയത കൈവെടിഞ്ഞ് റിയലിസ്റ്റിക് പാത സ്വീകരിച്ചിരിക്കുന്നു എന്നത് സാധാരണ പ്രേക്ഷകരെ നിരാശരാക്കിയേക്കാമെങ്കിലും ചിത്രം സഞ്ചരിക്കുന്ന സരണി എങ്ങോട്ടാണ് നീളുന്നത് എന്ന ആകാംക്ഷയും ചിന്തകളും അവരെ വിട്ടൊഴിയുന്നില്ല. ഒടുവില്‍ പ്രേക്ഷകരുടെ അതുവരെയുള്ള കണക്കുകൂട്ടലുകൾ നിരാകരിച്ചുകൊണ്ട് പ്രേക്ഷക മനസുകളില്‍ വിസ്ഫോടനം സൃഷ്ടിച്ചേക്കാവുന്ന ഉപസംഹാരഭാഗങ്ങൾ, ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു. രണ്ടാം പകുതിയിലെ അലക്ഷ്യമായ, അര്‍ത്ഥരഹിതമെന്നും, അനാവശ്യമെന്നും തോന്നുന്ന പല രംഗങ്ങള്‍ക്കും അതോടുകൂടി വിശദീകരണം ലഭിക്കുകയാണ്‌. തിയേറ്റര്‍ വിട്ടിറങ്ങിയാലും അത് പ്രേക്ഷക മനസ്സുകളെ വേട്ടയാടുകയും ചിന്തിപ്പിക്കുകയും ചെയ്തേക്കാം.

നായകന്റെ സംഘർഷാവസ്ഥകൾ പ്രേക്ഷകന്‌ അതേപടി വേദ്യമാകുന്നുമുണ്ട്‌. ഫഹദിന്റെ കഥാപാത്രമായുള്ള മാറ്റം വിസ്മയാവഹമാണ്‌. ഒരർത്ഥത്തിൽ ഫഹദിന്റെ ഒറ്റയാൾ പ്രകടനമാണ്‌ ചിത്രത്തിലുടനീളം കാണാൻ സാധിക്കുന്നത്‌. ഹാസ്യവും സംഘർഷങ്ങളും, ഭയവും, ഭീരുത്വവും, നിഗൂഢതകളുമെല്ലാം പ്രതിഫലിപ്പിക്കേണ്ട കഥാപാത്രമായിരുന്നു. ചിലയവസരങ്ങളിൽ ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനുമായി സിബിയുടെ പെരുമാറ്റരീതികൾക്ക്‌ സാമ്യം തോന്നിയേക്കാം. ചിത്രത്തിന്റെ രണ്ടാം പകുതി നായകന്റെ മാനസിക വ്യാപാരങ്ങളിലേക്ക് ഊളിയിടാനും മറ്റു കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളിലേക്ക് കടന്നുകയറാനും ശ്രമിക്കുമ്പോൾ ചെറുതായി ഇഴയുന്ന പ്രതീതി സാധാരണ പ്രേക്ഷകനില്‍ ഉളവാക്കിയേക്കാമെങ്കിലും, ആകാംക്ഷയുടേയും ഉദ്വേഗത്തിന്റേയും അന്തരീക്ഷം സദാ സൂക്ഷ്മമായി നിലനിറുത്തുവാൻ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ജാഗരൂകരായിട്ടുണ്ട്. മംത മോഹൻദാസിന്റെ ഊർജ്ജസ്വലമായ നായികാവേഷവും വിജയരാഘവന്‍, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മണികണ്ഠന്‍ ആചാരി, ഷറഫുദ്ദീന്‍, മാസ്റ്റര ചേതൻ തുടങ്ങിയവരുടെ പ്രകടനങ്ങളും ചിത്രത്തിനു പ്രയോജനകരമായി.

പുതുമയുള്ള അവതരണശൈലി ‘കാർബണി’ന്‌ മുതൽക്കൂട്ടാണ്‌. പല രംഗങ്ങളും പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാന്‍ ദൃശ്യങ്ങളിലെ മൂര്‍ച്ചയും, ശബ്ദമിശ്രണ, വെളിച്ച സംവിധാനങ്ങളിലെ നിഗൂഢതയും വലിയ പങ്കുവഹിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം കെ.യു മോഹനനാണ്. വനാന്തർഭാഗത്തെ ദൃശ്യങ്ങൾ മനോഹരമായി ഒപ്പിയെടുക്കപ്പെട്ടു. ചില ഹെലിക്യാം ഷോട്ടുകളും രാത്രിദൃശ്യങ്ങളും എടുത്തുപറയേണ്ടതുതന്നെ. കാടിനുള്ളിലൂടെയുള്ള സാഹസികയാത്രാവേളകളിലും, വന്യമൃഗങ്ങളുടെ ദൃശ്യങ്ങൾ പശ്ചാത്തലവുമായി ഇഴചേരാത്ത വിധത്തിലാണ്‌ കൂട്ടിച്ചേർത്തിരിക്കുന്നത്‌. എന്നിരുന്നാലും ആകമാനവീക്ഷണത്തിൽ രംഗങ്ങളുടെ പൂര്‍ണ്ണതയും, ആസ്വാദ്യതയും ഉദ്വേഗവും ചോർന്നുപോവാതെ, സൂക്ഷമായ എഡിറ്റിംഗിലൂടെ ബീന പോളും സംവിധായകന് മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്.

സിനിമയെ സംബന്ധിച്ച്‌ പ്രത്യേകം എടുത്തുപറയേണ്ട മറ്റൊന്നാണ്‌ വിശാൽ ഭരദ്വാജ്‌ എന്ന അതുല്യ പ്രതിഭയുടെ സാന്നിധ്യം. വേണുവിന്റെ തന്നെ ‘ദയ’ക്ക് വേണ്ടി സംഗീതം നൽകിയ വിശാൽ ഭരദ്വാജാണ്‌ റഫീഖ് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. സംവിധായകൻ, സംഗീത സംവിധായകൻ, ഗായകൻ എന്നീ മേഖലകളുടെ ഔന്നത്യത്തിൽ വിരാജിക്കുന്ന വിശാൽ ഒരുക്കിയ ഗാനങ്ങൾക്ക്‌ ബെന്നി ദയാൽ, വിശാൽ ഭരദ്വാജിന്റെ ഭാര്യ രേഖ ഭരദ്വാജ്‌ എന്നിവരായിരുന്നു ശബ്ദം നൽകിയത്‌. ബിജിബാലിന്റെ മികച്ച പശ്ചാത്തലസംഗീതവും പ്രേക്ഷകന്‌ നല്ല അനുഭവം പ്രദാനം ചെയ്യുന്നു.

ഒരവാര്‍ഡ്‌ ചിത്രത്തിന്‍റെ വിഭാഗത്തിൽപ്പെടുത്താവുന്ന, അതിന്‍റെ ചട്ടക്കൂട്ടില്‍ നിർമ്മിതമായ, പ്രേക്ഷകരെ ആസ്വാദനത്തില്‍ നിന്നും ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുന്ന ഒരു മറ സൃഷ്ടിച്ചിട്ടുള്ള സങ്കേതങ്ങള്‍ പിന്തുടരുന്ന ഒരു ചിത്രമോ, വാണിജ്യലക്ഷ്യം മാത്രം മുൻനിർത്തിയുള്ള ഒരു ചിത്രമോ അല്ല കാർബൺ. എന്നാൽ ഇതിനിടയിൽ നിലകൊള്ളുന്ന, മലയാള സിനിമയില്‍ അടുത്തകാലത്തിറങ്ങിയ ജീവിതഗന്ധിയായ ഒരു മികച്ച ത്രില്ലറാണ് ‘കാർബൺ’ എന്ന് നിശ്ശേഷം പറയാം. ആഘോഷ സിനിമകളിൽ അഭിരമിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഭാഗികമായ സംതൃപ്തി മാത്രമേ ഒരുപക്ഷേ കാർബണിൽ നിന്നും ലഭിക്കുവാനിടയുള്ളൂ. എന്നാൽ മലയാളത്തിലിറങ്ങുന്ന സമകാലിക ചിത്രങ്ങളുമായുള്ള ബന്ധത്തിൽ കാർബൺ ശോഭിച്ചുനിൽക്കും. ഗൗരവപൂർവ്വം സിനിമയെ സമീപിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മനസ്സ് നിറയ്ക്കുന്ന, അസ്വസ്ഥമാക്കുന്ന, ചിന്തിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരിക്കും കാർബൺ.

നടിപ്പിൻ നായകന്റെ തണുപ്പൻ ചിത്രം

സൂര്യ എന്ന നടനെ ഒരു സമയത്ത്‌ മലയാളികൾ ഏറെയിഷ്ടപ്പെട്ടിരുന്നു. വ്യത്യസ്ഥങ്ങളായ നിരവധി കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകിയിട്ടുള്ള സൂര്യ ഏതാനും വർഷങ്ങളായി തന്നേക്കൊണ്ട്‌ ചെയ്ത്‌ ഫലിപ്പിക്കുവാൻ പ്രയാസമുള്ളതും, ജനങ്ങൾ ആഗ്രഹിക്കാത്ത വിധത്തിലുള്ളതുമായ കഥാപാത്രങ്ങൾ സ്വീകരിച്ചു തുടങ്ങിയത്‌ നിരവധി ആളുകളിൽ നിന്നുമുള്ള അപ്രീതിക്ക്‌ കാരണമായി. സിംഗം സിരീസുകൾ, അഞ്ജാൻ, മാസു തുടങ്ങിയ സമീപകാല സിനിമകൾ അദ്ദേഹത്തിന്റെ തുടർ പരാജയങ്ങളുടെ ആക്കം വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ‘നാനും റൗഡിതാനി’ലൂടെ ശ്രദ്ധേയനായ വിഘ്നേഷ്‌ ശിവനുമൊത്തുള്ള അദ്ദേഹത്തിന്റെ മുപ്പത്തിയഞ്ചാം ചിത്രം പ്രതീക്ഷ നൽകിയതിനു പിന്നിൽ പല കാരണങ്ങളുണ്ടായിരുന്നു. സൂര്യ എന്ന ‘താരത്തിന്റെ’ ചിത്രമല്ല എന്ന തോന്നലുളവാക്കിയ ട്രൈലറും, ഷെറിൽ കടവൻ, അന്നാ ജോർജ്ജ്‌ തുടങ്ങിയവരുൾപ്പെട്ട ഗാനത്തിന്റെ ടീസറും ഏറെ ചർച്ചാവിഷയമായിരുന്നു.
നൂറ് കോടി ക്ലബ്ലില്‍ പ്രവേശിച്ച ബോളിവുഡിലെ മികച്ച ത്രില്ലറുകളില്‍ ഒന്നായ നീരജ്‌ പാണ്ഢെ-അക്ഷയ്‌ കുമാർ ടീമിന്റെ ‘സ്‌പെഷ്യല്‍ ഛബ്ബീസിന്റെ തമിഴ്‌ പുനരവതരണമാണ്‌ ‘താനേ സേർന്ത കൂട്ടം.’ 1987 മാർച്ച് 19 ന്, മുംബൈയിലെ ത്രൈഭോവൻദാസ്‌ ഭിംജി സവേരി & സൺസ്‌ ജ്വല്ലേഴ്സിന്റെ ഓപ്പറ ഹൗസ് ബ്രാഞ്ചിൽ വ്യാജ വരുമാന നികുതി അന്വേഷണ റെയ്ഡ് നടത്തി സിബിഐ ഉദ്യോഗസ്ഥരെ കബളിപ്പിച്ച ഒരു സംഭവത്തിനാണ്‌ സംവിധായകൻ ചലച്ചിത്രഭാഷ്യം നൽകിയിരിക്കുന്നത്‌.
എൺപതുകളുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോവുന്ന ചിത്രം തൊഴിലില്ലായ്മ മൂലം മോഷണം ശീലമാക്കിയ ഒരുകൂട്ടം ആളുകളിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. സിബിഐ ഓഫിസർ ആവണമെന്ന് അതിയായി ആഗ്രഹിക്കുകയും എന്നാൽ ആർഹതയുണ്ടായിട്ടും, സീനിയർ ഉദ്യോഗസ്ഥരുടെ ചില നിലപാടുകൾ മൂലം ആ ജോലി ലഭിക്കാതെ വരികയും ചെയ്യുന്ന നായകൻ ചില തിക്താനുഭവങ്ങൾ നിമിത്തം പതിയെ മോഷണത്തിലേക്ക്‌ കടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്‌ ചിത്രത്തിനാധാരം.
റെഗുലര്‍ ആക്ഷന്‍ ചിത്രങ്ങളില്‍നിന്ന് മാറി കോമഡിയിലുള്ള സൂര്യയുടെ പരീക്ഷണം കൂടിയാണ് ഈ ചിത്രം. ഹാസ്യത്തിന്റെ അകമ്പടിയോടുകൂടിയാണ്‌ ചിത്രം പറഞ്ഞുപോകുന്നത്‌. കരുത്തില്ലാത്തതും, യുക്തിക്ക്‌ നിരക്കാത്തതുമായ തിരക്കഥയാണ്‌ വിഘ്നേഷ്‌ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്‌. ആദ്യഭാഗങ്ങൾ ആവേശജനകമായിരുന്നെങ്കിലും ക്രമേണ ചിത്രത്തിന്റെ വീര്യം കുറഞ്ഞുവരികയാണുണ്ടായത്‌. രണ്ടാം പകുതി കണ്ടിരിക്കുക തന്നെ ശ്രമകരമാണ്‌. സൂര്യയുടെ തന്നെ മുൻ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന, ഫാൻസിനുവേണ്ടി മാത്രമുള്ള അവസാനഭാഗങ്ങൾ പ്രേക്ഷകനെ നന്നായിത്തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌.
യാതൊരുവിധ പുതുമകളും ചിത്രത്തിനില്ല. കാലങ്ങളായി തമിഴിലും ഇതരഭാഷകളിലുമായി കണ്ടുശീലിച്ച കഥ തന്നെയാണ്‌ ഇവിടെയും. വേഷം മാറിയുള്ള മോഷണം എന്ന ത്രെഡ്ഡിനെ വികസിപ്പിക്കുമ്പോൾ പോലും, സാങ്കേതികമായി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ്‌ കഥ നടക്കുന്നത്‌ എന്നതൊഴിച്ചാൽ പ്രേക്ഷകനു വിശ്വസനീയമായ വിധത്തിൽ അവതരിപ്പിക്കുവാൻ സംവിധായകനു സാധിച്ചില്ല. നായകൻ കീഴടക്കുന്ന മേഖലകളോ അതിജീവിക്കുന്ന വിധങ്ങളോ യുക്തിപൂർവ്വകമല്ല. എല്ലാ യോഗ്യതകളും ഉള്ളവർ അവഗണിക്കപ്പെടുകയും കൈക്കൂലി കൊണ്ട്‌ മറ്റ്‌ ചിലർ കാര്യങ്ങൾ സ്ഥാപിച്ചെടുക്കുകയും ചെയ്യുമ്പോൾ, ഈ സിസ്റ്റത്തോടുതന്നെയുള്ള നായകന്റെ പ്രതിഷേധവും പോരാട്ടവുമാണ്‌ ചിത്രത്തിൽ കാണാൻ കഴിയുന്നത്‌. അതുപോലെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തേയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്‌.
ആരാധകരെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശം ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്‌. നന്മ നിറഞ്ഞ, പരസഹായത്തിൽ വ്യാപൃതനായ, വെടിയുണ്ടകളേൽക്കാത്ത നായകനേയും കൂട്ടാളികളേയും ഇവിടെയും കാണാവുന്നതാണ്‌. ഇന്റർവെൽ പഞ്ചും, സംഘട്ടനരംഗങ്ങളും തിയേറ്ററുകളെ ഇളക്കിമറിക്കാൻ പര്യാപ്തമാണ്‌. എങ്കിലും പൊതുപ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ചിത്രം തൃപ്തികരമായ അനുഭവം പ്രദാനം ചെയ്യുന്നില്ല. എൺപതുകളെ ഇന്നിലേയ്ക്ക്‌ പറിച്ചുനടുവാൻ സംവിധായകനു സാധിച്ചിട്ടുണ്ടെങ്കിലും കഥ പറഞ്ഞുതുടങ്ങുന്ന കാലഘട്ടവുമായി പലപ്പോഴും നായകന്റെ വസ്ത്രധാരണം ചേർന്നുനിൽക്കാതെ വരുന്നുണ്ട്‌.
സ്പെഷ്യൽ ഛബ്ബീസിന്റെ തമിഴ്‌ പുനരവതരണമെന്ന നിലയിൽ വീക്ഷിക്കുകയാണെങ്കിൽ ‘താനേ സേർന്ത കൂട്ടം’ തികച്ചും നിരാശാജനകമാണ്‌. തമിഴ്‌ പ്രേക്ഷകർക്ക്‌ വേണ്ടി മാത്രമായി കൂട്ടിവിളക്കുവാൻ ശ്രമിച്ച പ്രണയം, അസ്ഥാനത്തുള്ള തമാശാ പ്രയോഗങ്ങൾ, സെന്റിമെന്റ്സ്‌ തുടങ്ങിയവ ചിത്രത്തിന്റെ നിറം കെടുത്തിയിട്ടുണ്ട്‌. ദ്വയാർത്ഥ കോമഡികളും ധാരാളമായി കടന്നുവന്നിരുന്നു. സിംഗം ശ്രേണിയിൽ അകപ്പെട്ട്‌ ജനങ്ങളിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന സൂര്യയെ സംബന്ധിച്ചിടത്തോളം, ‘താനേ സേർന്ത കൂട്ടം’ തമ്മിൽ ഭേദപ്പെട്ട ഒരു ചിത്രം മാത്രമേ ആകുന്നുള്ളൂ. ഹാസ്യം എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരുന്നെങ്കിലും, ‘ദുരൈ സിംഗം’ ഒരബദ്ധമായിരുന്നു എന്ന് നായകന്‌ തോന്നിത്തുടങ്ങിയോ എന്ന് ചില പരാമർശങ്ങൾ സൂചിപ്പിക്കുന്നുണ്ട്‌.
സൂര്യയുടെ ഊർജ്ജസ്വലമായ പ്രകടനം തന്നെയാണ്‌ ചിത്രത്തിന്റെ പ്ലസ്‌ പോയന്റ്‌. ഇമോഷണൽ രംഗങ്ങളിൽ മിതത്വം പാലിച്ചപ്പോൾ നൃത്ത രംഗങ്ങളിൽ അദ്ദേഹം തിളങ്ങി. പ്രധാന സ്ത്രീകഥാപാത്രമായി രമ്യാ കൃഷ്ണൻ നിറഞ്ഞാടിയപ്പോൾ കീർത്തി സുരേഷ്‌ അവതരിപ്പിച്ച കഥാപാത്രത്തിന്റെ യാതൊരാവശ്യവും സിനിമയിൽ ഇല്ലായിരുന്നു. സുരേഷ് മേനോന്‍, തമ്പി രാമയ്യ, തുടങ്ങിയവരാണ് ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കൊമേഡിയന്‍ സെന്തില്‍ മടങ്ങി വരവ് നടത്തുന്ന ചിത്രം കൂടിയാണിത്.
ഏതാനും ആഴ്ചകളായി സംഗീത ലോകത്ത് തരംഗമായ, മണി അമുദവന്‍, വിഗ്നേഷ് ശിവന്‍ എന്നിവരുടെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന സൊടക്ക് മേലെ സൊടക്ക്’ എന്ന ഗാനം തിയേറ്ററിൽ ഇന്നോളം കണ്ടിട്ടില്ലാത്തത്ര വലിയ ഓളമാണ്‌ സൃഷ്ടിക്കുന്നത്‌. ആന്റണി ദാസന്‍ ആലപിച്ച ഈ ഗാനമൊഴിച്ചാൽ മറ്റുള്ള ആറു ഗാനങ്ങളും വളരെ മോശമായിരുന്നു. പലപ്പോഴും തുടർച്ച നഷ്ടപ്പെട്ടതും ചിത്രവുമായി സംയോജിക്കാത്തതുമായ പശ്ചാത്തലസംഗീതം ആസ്വാദ്യതയെ ബാധിക്കുകയുണ്ടായി. ദിലീപ്‌ സുബ്ബരായന്റെ സംഘട്ടനരംഗങ്ങളും ദിനേഷ്‌ കൃഷ്ണന്റെ ഛായാഗ്രഹണവും മികച്ചുനിൽക്കുന്നു.
ആകെത്തുകയിൽ, ചില സാമൂഹികവിഷയങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തികച്ചും നിരാശാജനകമായ ഒരു സിനിമാനുഭവം മാത്രമാണ്‌ സൂര്യ ഇത്തവണയും തന്റെ ചിത്രത്തിലൂടെ പ്രേക്ഷകന്‌ വച്ചുനീട്ടുന്നത്‌.

അക്രമരാഷ്ട്രീയത്തോട്‌ ഏറ്റുമുട്ടിയ പ്രണയം.

സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച ആളുകൾ സംവിധാനരംഗത്തേയ്ക്ക്‌ കടക്കുന്നത്‌ പുതിയ സംഭവമല്ല. ഛായാഗ്രഹണം, ചിത്രസംയോജനം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ച ഏതാനുമാളുകൾ ഈ അടുത്ത സമയങ്ങളിൽ സംവിധാനരംഗത്തേയ്ക്ക്‌ പ്രവേശിച്ചിരുന്നു. ചിത്രസംയോജകരായി പേരെടുത്ത മഹേഷ്‌ നാരായണൻ, ഡോൺ മാക്സ്‌, തുടങ്ങിയവർ കഴിഞ്ഞവർഷം ഓരോ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നെങ്കിലും, പത്തു കൽപ്പനകൾ തികഞ്ഞ പരാജയവും, ടേക്കോഫ്‌ വിജയവും നേടിയെടുത്തു. ഇവർക്കു പിന്നാലെ എഡിറ്റിംഗ്‌ രംഗത്ത്‌ പ്രശസ്തനായ അജിത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈട.
വർഷങ്ങളായി കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കണ്ണൂരിന്റെ കലുഷിതരാഷ്ട്രീയം പ്രമേയമാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മൈസൂരിന്റെയും ഉത്തരമലബാറിന്റെയും പശ്ചാത്തലത്തിൽ പറയുന്ന അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രണയകഥയാണ് ഈട. വടക്കൻ കേരളത്തിൽ ‘ഇവിടെ’ എന്ന് പറയുവാനായി ഉപയോഗിക്കുന്ന വാക്കാണ് ‘ഈട.’
ശക്തമായ ഒരു വിഷയത്തെ സിനിമയാക്കിമാറ്റുമ്പോൾ പ്രണയത്തെ കൂട്ടുപിടിക്കുക എന്നതാണ്‌ ഏറ്റവുമെളുപ്പം. രണ്ട്‌ പക്ഷത്തുള്ള ആളുകൾ തമ്മിലുള്ള സംഘട്ടനങ്ങൾക്കിടയിൽ പറഞ്ഞുപോകുന്ന പ്രണയകഥ എന്നത്‌ ഷേക്‌സ്പിയറിന്റെ ‘റോമിയോ ആന്റ് ജൂലിയറ്റ്’ ഉൾപ്പെടെ നിരവധി കൃതികളിലും നാടകങ്ങളിലും സിനിമകളിലും പലയാവർത്തി നാം കണ്ടിട്ടുള്ള കാഴ്ചയാണ്‌. ‘ഈട’ പറയുന്നതും അത്തരത്തിലൊരു പ്രണയകഥയാണ്‌. അക്രമരാഷ്ട്രീയത്തിന്റെ വിളനിലമായ കണ്ണൂരിന്റെ മണ്ണിൽ നിന്നുമാണ്‌ ഈട പറഞ്ഞുതുടങ്ങുന്നത്‌. പല നാടുകളിലും പ്രണയത്തിന്‌ തടസ്സം നിൽക്കുന്നത്‌ ജാതിയും മതവുമാണെങ്കിൽ, ഈ നാട്ടിൽ തങ്ങൾ ആശ്രയിക്കുന്ന പാർട്ടികളാണ്‌ പ്രണയത്തിനു തടസ്സം നിൽക്കുന്നത്‌. സ്വന്തം പാർട്ടിക്കുവേണ്ടി പോരാടുവാൻ-മരിക്കുവാൻ പോലും-തയ്യാറായി നിൽക്കുന്ന ഏതാനുമാളുകൾ. KJP-KPM രാഷ്ട്രീയ കൊലപാതകങ്ങൾ നിത്യസംഭവങ്ങളാകുന്ന കണ്ണൂരിലെ ഒരു ഗ്രാമത്തിലാണ്‌ കഥ നടക്കുന്നത്‌. KPM പാർട്ടി പശ്ചാത്തലത്തിലുള്ള കുടുംബാംഗമാണ് ഐശ്വര്യ. KJP പാർട്ടി പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ് ആനന്ദ്. ഐശ്വര്യ പഠനാവശ്യത്തിനും, ആനന്ദ്‌ ജോലിനാവശ്യത്തിനുമായി മൈസൂരിൽ താമസിക്കുന്നു. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന പ്രണയത്തിന്റെ കഥയാണ്‌ ഈട സംസാരിക്കുന്നത്.
ഒരു സാധാരണ പ്രണയകഥയ്ക്കുമപ്പുറം ശക്തമായ രാഷ്ട്രീയ നിലപാടുള്ള ചിത്രം കൂടിയാണ്‌ ‘ഈട.’ കണ്ണൂരിലെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങി പല ഹർത്താലിലൂടെ വികസിക്കുന്ന ചിത്രം അവസാനിക്കുന്നതും ഹർത്താൽ ദിനത്തിലാണ്‌. വളരെ പരിചിതവും അതേസമയം അപകടകരവുമായ ഒരു വിഷയത്തേയാണ്‌ ചിത്രം കൈകാര്യം ചെയ്യുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേയ്ക്ക്‌ നേരിട്ടിറങ്ങാതെ, പ്രതികൂല സാഹചര്യങ്ങളിൽ പ്രണയിക്കുന്ന ആനന്ദിന്റെയും ഐശ്വര്യയുടേയും ജീവിതത്തിലെ സംഘർഷങ്ങളും പ്രതിബന്ധങ്ങളും നിസ്സഹായതകളുമാണ് ‘ഈട’ പറയുന്നത്. പതിഞ്ഞ താളത്തിൽ ആരംഭിച്ച ചിത്രം റിയലിസ്റ്റിക്‌ തലത്തിനും വാണിജ്യതലത്തിനുമിടയിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. ആദ്യാവസാനം ഒരേവേഗതയിൽ പറഞ്ഞുപോകുന്ന ചിത്രത്തിൽ ഇടവേളയ്ക്ക്‌ ശേഷമുള്ള രംഗങ്ങളാണ്‌ ഹൈലൈറ്റ്‌. നിരവധി ചോദ്യങ്ങൾ പ്രക്ഷകനു സമർപ്പിച്ചുകൊണ്ടാണ്‌ ചിത്രം ഉപസംഹരിച്ചത്‌.
രാഷ്ട്രീയം സംസാരിക്കുന്ന സിനിമയെന്നാൽ, ആക്ഷേപഹാസ്യമോ, ഭയപ്പെട്ടു നിന്നുകൊണ്ടുള്ള തഴുകിത്തലോടലോ മാത്രമല്ല എന്ന് മലയാളികൾക്ക്‌ കാണിച്ചുതരികയാണ്‌ സംവിധായകൻ. വളരെ സമർത്ഥമായിത്തന്നെ പക്ഷം ചേരലിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, ഒരുവിഭാഗത്തിന്റെ പ്രശംസകളേറ്റുവാങ്ങുവാൻ സാഹചര്യമുണ്ടായിട്ടും ഒരു രാഷ്ട്രീയ കക്ഷികളുടെയും പക്ഷം ചേരാതെ, ഒരു പാർട്ടിയെയും ഉയർത്തിക്കാണിക്കാതെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളിലൂന്നിയാണ്‌ ചിത്രം സഞ്ചരിച്ചത്‌. അതുകൊണ്ട്‌ തന്നെ മനുഷ്യന്റെ പക്ഷത്ത് നിന്നു കൊണ്ടാണ് ഈട സംസാരിക്കുന്നത് എന്ന് പറയുവാനാകും, അതുതന്നെയാണ്‌ ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടവും. സംവിധാനരംഗത്തേക്ക്‌ പുതുതായി പ്രവേശിച്ച ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത്‌ ധീരമായ ഒരു സമീപനം തന്നെയാണ്‌.
അക്രമരാഷ്ട്രീയത്തിന്റെ ഭൂമികയാണ്‌ കണ്ണൂർ എന്ന് പൊതുവേ പറയാറുണ്ട്‌. കണ്ണൂരിന്‌ ഈ പേർ വന്നുചേർന്നിട്ട്‌ വർഷങ്ങളായി. ഈ നാട്ടിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണങ്ങളിലേയ്ക്കും, അതിനിരകളായിത്തീരുന്ന മറ്റുള്ളവരിലേയ്ക്കും ചിത്രം ചെന്നെത്തുന്നു.

പല

തലമുറകളിലുള്ളവർ അക്രമത്തിലേയ്ക്ക്‌ പ്രത്യക്ഷമായും പരോക്ഷമായും ചെന്നെത്തുന്ന വിധങ്ങളും ചിത്രം കാണിച്ചുതരുന്നുണ്ട്‌.

അഭിമാനത്തോടെ

മരിക്കണം, നമ്മൾ എത്ര നാൾ ജീവിച്ചു എന്നതില്ല എങ്ങനെ ജീവിച്ചു എന്നതിലാണ്‌ കാര്യം, ആണുങ്ങളായാല്‍ വെട്ടണം, നായയായല്ല നരിയായാണ് ജീവിക്കേണ്ടത് എന്നിങ്ങനെയുള്ള കേട്ടുകേഴ്‌വികളിൽ അഭിരമിച്ച്‌ സ്വജീവൻ ത്യജിക്കുന്ന ഏതാനുമാളുകളെ ചിത്രത്തിൽ കാണാവുന്നതാണ്‌.
വളരെ ഗൗരവത്തോടുകൂടിയാണ്‌ സംവിധായകൻ തന്റെ പ്രഥമചിത്രമൊരുക്കിയത്‌. പ്രണയത്തിന്റെ തീവ്രഭാവങ്ങളെ അതിന്റെ സ്വാഭാവികത ചോർന്നുപോവാതെ, കൈയ്യടക്കത്തോടെ സംവിധായകന്‍ ആലേഖനം ചെയ്തിട്ടുണ്ട്‌. സംഭാഷണങ്ങൾക്ക്‌ പ്രാധാന്യമുള്ള ചിത്രത്തിൽ ഹാസ്യരംഗങ്ങൾ പേരിനുപോലുമില്ല. കണ്ണൂർ ശൈലിയിലുള്ള സംഭാഷണങ്ങളാണ്‌ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും തെല്ലും കൃത്രിമത്വം തോന്നാത്തവിധത്തിൽ അത്‌ നിർവ്വഹിച്ചിട്ടുണ്ട്‌. സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന യാതൊന്നും ചിത്രത്തിലില്ലായിരുന്നു. വിവിധ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ഗൂഢാലോചനയ്ക്ക്‌ ഇരകളാകേണ്ടിവരുന്ന ഒരുവിഭാഗമാളുകളിലേയ്ക്ക്‌ ചിത്രം ഇറങ്ങിച്ചെല്ലുന്നതോടൊപ്പം, രക്തസാക്ഷിത്വം വരിച്ച വ്യക്തികളുടെ കുടുംബാവസ്ഥകളേക്കുറിച്ചും ചിത്രം വരച്ചുകാട്ടുന്നുണ്ട്‌. രാഷ്ട്രീയ മുതലെടുപ്പിന് ബാക്കിപത്രമായി മാറിയേക്കാവുന്ന ഇന്നത്തെ തലമുറയ്ക്ക്‌ ചിന്തിക്കുവാനുള്ള അവസരം നൽകിക്കൊണ്ടാണ്‌ ചിത്രം ഉപസംഹരിച്ചതും.
കണ്ണൂരിന്റെ കലുഷിതരാഷ്ട്രീയത്തേയും, തിന്മകളേയും ചിത്രം അനാവൃതമാക്കുമ്പോൾ ഒരിക്കൽപ്പോലും കണ്ണൂർ എന്ന നാടിന്റെ നന്മയേക്കുറിച്ചോ നേട്ടങ്ങളേക്കുറിച്ചോ സംവിധായകൻ പറയുന്നില്ല. തെയ്യം, തിറ ആചാരാനുഷ്ഠാനങ്ങൾ, കാവുകൾ തുടങ്ങിയവ ചിത്രത്തിൽ കാണുവാൻ കഴിയുന്നുണ്ട്‌. മുഖ്യകഥാപാത്രങ്ങളുടെ പ്രണയകഥ മാറ്റിനിറുത്തിയാൽ ഉപകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സംഭവങ്ങളൊന്നുംതന്നെ പ്രേക്ഷകനെ സ്പർശിക്കുന്നില്ല എന്നത്‌ ന്യൂനതയാണ്‌.
ആൺ അഹങ്കാരങ്ങളിൽ വിധവകളാക്കപ്പെടുന്ന, അതിജീവനത്തിനായി പൊരുതുന്ന ഏതാനും സ്ത്രീകളുടെ കൂടി കഥ ചിത്രം പറയുന്നുണ്ട്‌. ആലപ്പുഴക്കാരിയായ ഭാര്യ അക്രമപ്രവൃത്തികളെ തള്ളിപ്പറയുമ്പോൾ ‘കണ്ണൂരിന്റെ കഥ വേറെ’യാണെന്ന് ദിനേശൻ മറുപടി നൽകുന്നതും, എന്തിനും തയ്യാറായ പ്രവർത്തകരുടെ കൂടെ നിൽക്കേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന്റെ ആവശ്യമാണെന്ന് ചെന്ന്യം സുധാകരൻ ഐശ്വര്യയോട്‌ പറയുന്നതും ചില ഓർമ്മപ്പെടുത്തലുകളാണ്‌.
ഷെയിൻ നിഗം, മലയാളത്തിന്റെ ഭാവി വാഗ്ദാനമാണെന്ന് ‘ഈട’യിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്‌. പക്വത കുറഞ്ഞ, എന്നാൽ വ്യക്തമായ തീരുമാനങ്ങളുള്ള ആനന്ദ്‌ എന്ന കഥാപാത്രമായി ഷെയിൻ ജീവിക്കുകയായിരുന്നു. സങ്കീര്‍ണ്ണമായ ഭാവങ്ങള്‍ അനാസമായി പ്രകടിപ്പിച്ചതിന്റെ ഉദാഹരണം രണ്ടാം പകുതിയിൽ കാണാം. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേയ്ക്കെത്തിയ നിമിഷ സജയൻ ഐശ്വര്യ എന്ന നായികാകഥാപാത്രത്തെ മനോഹരമായവതരിപ്പിച്ചു. അഭിനയിച്ച എല്ലാവരും തന്നെ തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയിട്ടുണ്ട്‌. റിയലിസ്റ്റിക്‌ സ്പർശമുള്ള സിനിമയിൽ അലൻഷ്യർ, സുജിത്‌ ശങ്കർ തുടങ്ങിയവരെ കാണുമ്പോൾ ചിലർക്കെങ്കിലും ‘ഞാൻ സ്റ്റീവ്‌ ലോപ്പസ്‌’ ഓർമ്മവന്നേക്കാം. മണികണ്ഠൻ ആചാരിക്ക്‌ കമ്മട്ടിപ്പാടത്തിനുശേഷം ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഉപേന്ദ്രൻ.
ചന്ദ്രൻ വെയാട്ടുമ്മൽ, ജോണ്‍ പി. വര്‍ക്കി എന്നിവർ ചേർന്ന് എന്നിവരാണ്‌ സംഗീതസംവിധാനം നിർവ്വഹിച്ചത്‌. ഗാനങ്ങൾ ചിത്രവുമായി ഇഴുകിച്ചേരുമ്പോൾ പശ്ചാത്തലസംഗീതം അൽപം പിന്നോട്ടാണ്‌. പപ്പുവിന്റെ ഛായാഗ്രഹണം ചിത്രത്തിന്‌ മാറ്റുകൂട്ടിയിരിക്കുന്നു. എഡിറ്റിംഗ്‌ മേഖലയിൽ തിളങ്ങിനിന്ന ഒരാൾ സംവിധാനം നിർവ്വഹിച്ചതിന്റെയും, സംവിധായകന്‍ തന്നെ എഡിറ്റു ചെയ്തതിന്റെയും മേന്മ സിനിമയിലുടനീളം ദൃശ്യമായിരുന്നു.
കൃത്രിമത്വം തെല്ലുമില്ലാതെ, റിയലിസ്റ്റിക്‌ തലവുമായി ചേർന്നുനിൽക്കുന്ന മനോഹരമായ ഒരു പ്രണയകഥയാണ്‌ ഈട. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായുള്ള ബന്ധത്തിൽ ചിത്രത്തിനുള്ള കാലികമായ പ്രസക്തിയും ചെറുതല്ല.

വ്യത്യസ്തത പേരിൽ മാത്രം

അനിൽ രാധാകൃഷ്ണമേനോൻ എന്ന സംവിധായകന്റെ കരിയർ ഗ്രാഫ്‌ ഇഴകീറി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും, ഒന്നുകിൽ കേട്ടാൽ ലളിതമെന്ന് തോന്നുന്ന വിഷയമോ അല്ലെങ്കിൽ ഇതുവരെ ആരും പറയാത്ത കാര്യങ്ങളോ ആയിരിക്കും അദ്ദേഹം വെള്ളിത്തിരയിലെത്തിക്കുവാൻ താത്പര്യം കാണിക്കാറുള്ളത്‌. ഉദാഹരണമായി ‘നോർത്ത്‌ 24 കാതം’ എന്ന ചിത്രത്തിന്റെ Entire Theme “Walking with a Naked Foot” എന്നത്‌ മാത്രമാണ്‌. ആ ഒരു സബ്ജക്റ്റ്‌ വികസിപ്പിച്ച്‌ ഒരു രസകരമായ ചിത്രമൊരുക്കുകയും ദേശീയ അവാർഡ്‌ കരസ്ഥമാക്കുകയും ചെയ്തു എന്നത്‌ അത്ര നിസ്സാരവത്കരിക്കുവാൻ കഴിയുന്ന ഒന്നല്ല. ‘സപ്തമശ്രീ തസ്ക്കരാ’ വഴി ഏഴ്‌ കള്ളന്മാരുടെ ജീവിതകഥ കോർത്തിണക്കി രസകരമായൊരു സിനിമാറ്റിക്ക്‌ അനുഭവം പ്രേക്ഷകർക്ക്‌ സമ്മാനിച്ച അനിൽ രാധാകൃഷ്ണമേനോൻ ഒടുവിൽ ചെയ്തതോ, മലയാളസിനിമയെ സംബന്ധിച്ചിടത്തോളം മുൻപ്‌ കേട്ടുകേൾവി പോലുമില്ലാത്ത ഒരു പരീക്ഷണമായിരുന്നു. അവതരണത്തിലെ freshness തന്നെയാണ്‌ അനിൽ രാധാകൃഷ്ണമേനോൻ എന്ന സംവിധായകന്റെ മുഖമുദ്ര. സിനിമയിൽ മാത്രമല്ല, ചിത്രത്തിനു ടൈറ്റിൽ സ്വീകരിക്കുന്ന കാര്യത്തിലും സംവിധായകന്‌ തന്റേതായ ചില രീതികളുണ്ട്‌.
കഴിഞ്ഞ വർഷം തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ഏതാനും മലയാളചിത്രങ്ങളിറങ്ങിയിട്ടുണ്ട്‌. ജോർജ്ജേട്ടൻസ്‌ പൂരം, തൃശ്ശിവപേരൂർ ക്ലിപ്തം, പുണ്യാളൻ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ ചിത്രങ്ങൾ അക്കൂട്ടത്തിൽ പെടും. ഈ വർഷത്തെ ആദ്യ റിലീസുകളിൽ ഒന്നായ ദിവാൻജിമൂല ഗ്രാൻഡ്‌ പ്രിയും തൃശൂർ നഗരത്തെ ചുറ്റിപ്പറ്റിയാണ്‌ അരങ്ങേറുന്നത്‌. അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് ഒരുക്കിയ ‘കസ്തൂരിമാൻ’ എന്ന ചിത്രം നായക കഥാപാത്രമായ സാജൻ ജോസഫ് ആലുക്ക, IAS പാസ്സായി കളക്ടർ ആവുന്നിടത്തായിരുന്നു അവസാനിച്ചത്‌. ഈ കഥാപാത്രമായിത്തന്നെ ചാക്കോച്ചൻ വീണ്ടുമെത്തുകയാണ്‌ എന്ന പ്രത്യേകതയും ദിവാൻജിമൂല ഗ്രാൻഡ്‌ പ്രിയ്ക്കുണ്ട്‌. സിനിമയുടെ മറ്റൊരു പ്രധാന ആകര്‍ഷണം കോഴിക്കോട്ടുകാരുടെ ‘കളക്ടര്‍ ബ്രോ’ ആയിരുന്ന എന്‍ പ്രശാന്ത്, സംവിധായകന്‍ അനില്‍ രാധാകൃഷ്ണനൊപ്പം ചേര്‍ന്ന് സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നു എന്നുള്ളതാണ്.
തൃശൂർ ജില്ലാ കലക്ടർ ആയി സാജൻ ജോസഫ് ചാർജ്ജെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചില സംഭവവികാസങ്ങളിലൂടെയാണ്‌ ചിത്രം പറഞ്ഞുതുടങ്ങുന്നത്‌. തൃശൂരിലെലെ സാധാരണക്കാർ താമസിക്കുന്ന ഒരു കോളനിയായിരുന്നു ദിവാൻജിമൂല. മേൽപ്പാലത്തിനായി സ്ഥലമെടുത്തപ്പോൾ നാനാദിക്കിലേക്ക് മാറിത്താമസിക്കേണ്ടിവന്നതുവഴി ഗുണ്ടായിസവും മോഷണവുനൊക്കെയായി ഉപജീവനം നടത്തേണ്ടിവന്ന ദിവാൻജിമൂലക്കാരുടെ ഐക്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ചിത്രം പറയുന്നത്. ജില്ലാകളക്ടർ സാജൻ ജോസഫാണ്‌ അതിന് നേതൃത്വം നൽകുന്നത്‌. തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ അനുമതി നൽകുവാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ കളക്ടർ റേസിംഗ് എന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോൾ ദിവാൻജിമൂല നിവാസികൾ അത്‌ ആവേശത്തോടെ സ്വീകരിക്കുന്നു.
ഹാസ്യത്തിന്റെ അകമ്പടിയോടുകൂടി കാലികപ്രസക്തിയുള്ള ഒരു ചിത്രമൊരുക്കുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. ഒരു പരിധിവരെ അദ്ദേഹത്തിന്‌ അത്‌ സാധിച്ചിട്ടുമുണ്ട്‌. എന്നാൽ പരാമർശിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെടുത്തിനോക്കിയാൽ മലയാളത്തിലും ഇതരഭാഷകളിലുമായി മുൻപിറങ്ങിയിട്ടുള്ള പല ചിത്രങ്ങളിലും പറഞ്ഞ അതേ കഥ തന്നെയാണ്‌ ഇവിടെയും അവതരിപ്പിക്കപ്പെട്ടത്‌. പുതുമ ടൈറ്റിലിൽ മാത്രമേ കാണുവാൻ കഴിയുന്നുള്ളൂ. തിരക്കഥാകൃത്ത്‌ ഒരു കളക്ടർ ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ചില സംഭവങ്ങളും, കാലികപ്രാധാന്യമുള്ള മറ്റുചില വിഷയങ്ങളും ചിത്രത്തിൽ ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്‌

.

ചിത്രത്തിന്റെ ടൈറ്റിൽ കാർഡ്‌ ഉൾപ്പെട്ട ആദ്യഭാഗങ്ങൾ പുതുമയുള്ളതും രസകരവുമായ അനുഭവം പ്രദാനം ചെയ്തുവെങ്കിലും പിന്നീടങ്ങോട്ട്‌ പതിവുകാഴ്ചകളിലേയ്ക്കുതന്നെ ചിത്രം ചെന്നെത്തിയിരിക്കുകയാണ്‌. നായകൻ-നായിക എന്നിവരെ മാത്രമായി വലം വെയ്ക്കുകയോ ഇവരുൾപ്പെട്ട വിഷയങ്ങൾക്ക്‌ അമിതപ്രാധാന്യം നൽകുകയോ ചെയ്യാതെ ഒരു സമൂഹത്തിലെ വിവിധ ആളുകളിലേയ്ക്കും അവർ നേരിടുന്ന ചില പ്രശ്നങ്ങളിലേയ്ക്കും ചിത്രം ചെന്നെത്തി. കോളനി പ്രദേശം, അവിടുത്തെ വിവിധ തൊഴിലുകൾ ചെയ്ത്‌ ജീവിതം നയിക്കുന്ന ജനവിഭാഗങ്ങൾ, അവരനുഭവിക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ചിത്രത്തിൽ സാന്ദർഭികമായി വന്നുചേരുകയാണ്‌.
കാലങ്ങളായി കണ്ട്‌ ശീലിച്ച സ്പോർട്സ്‌ ബേസ്ഡ്‌ സിനിമകളിലെല്ലാം പൊതുവായി ചില വിശേഷതകൾ സമ്മേളിക്കാറുണ്ട്‌. എതിർപ്പുകളെ അതിജീവിച്ച്‌ കഠിനശ്രമങ്ങളിലൂടെ ലക്ഷ്യത്തിലെത്തുവാൻ ശ്രമിക്കുക, തടസ്സം നിൽക്കുവാൻ ഒരുവിഭാഗം, പ്രചോദനം നൽകുവാൻ മറ്റൊരു വിഭാഗം, ഒടുവിൽ വിജയം കൈവരിക്കുക തുടങ്ങിയവ സ്ഥിരം കാഴ്ചകളാവുമ്പോൾ അതിലുപരിയായി ദിവാൻജിമൂലയിലും
യാതൊന്നും സംഭവിക്കുന്നില്ല. അപ്രതീക്ഷിത ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാതെ തന്നെ ഒരു കൊച്ചുകഥയിൽ മുഴുകിയിരിക്കുവാൻ പ്രേക്ഷകർക്ക്‌ കഴിയുന്നു.

കഥാപാത്രരൂപീകരണത്തിന്റെ

പൂർണ്ണതയുടെ കാര്യത്തിൽ അനിൽ രാധാകൃഷ്ണമേനോൻ ഇത്തവണയും ശ്രദ്ധചെലുത്തിയിട്ടുണ്ട്‌. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് പൊതുപ്രശ്നങ്ങളിൽ ഇടപെടുന്ന നന്മയുടെ പ്രതീകമായാണ്‌ കളക്ടറെ സൃഷ്ടിച്ചിരിക്കുന്നത്‌.
എങ്കിലും ചാക്കോച്ചൻ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്‌ ആകെത്തുകയിൽ കാഴ്ചക്കാരന്റെ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അകമ്പടിവാഹനത്തിനു മുൻപിൽ സ്വന്തം ആഢംബര ബൈക്കിൽ യാത്രചെയ്യുന്ന കളക്ടർ, ആരുടെ ഭാവനയുടെ ഉൽപ്പന്നമായിരിക്കുമെന്ന് സംശയിക്കേണ്ടതില്ലല്ലോ. രണ്ടാം പകുതിയിൽ പരമ്പരാഗത വിശ്വാസങ്ങൾക്കുവേണ്ടിയുള്ള കളക്ടറുടെ സംഭാഷണങ്ങൾ പലപ്പോഴും ബോറായിത്തീരുന്നുണ്ട്‌. രാജീവ്‌ പിള്ളയുടെ ഷിബു എന്ന കഥാപാത്രം ചിലയവസരങ്ങളിൽ രസിപ്പിച്ചു.
ദിവാൻജിമൂലയിലെ പഴയകാല ബൈക്ക്‌ റേസ്‌ ജേതാവായിരുന്ന ജിതേന്ദ്രനും മകൾ എഫ്ഫിമോളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി കഥ ചിത്രം പറയുന്നുണ്ട്‌. ഒരുകാലത്ത് ദിവാൻജിമൂലക്കാരുടെ ഹീറോയായിരുന്നു റേസർ ജിതേന്ദ്രൻ ട്രാക്കിൽ എതിരാളിയുടെ ചതിയിൽപെട്ട് ശരീരം തളർന്നിരിക്കുകയാണ്‌. സിദ്ധീഖിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ജിതേന്ദ്രൻ. അന്നാട്ടിലെ പൊതു പ്രവർത്തകയും തൃശൂർ കോർപ്പറേഷൻ മുപ്പത്തെട്ടാം ഡിവിഷൻ കൗൺസിലറുമായ എഫ്ഫി മോളെ നൈല ഉഷ അവതരിപ്പിച്ചു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന നൈല ഉഷ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഊർജ്ജസ്വലമായ പ്രകടനം തന്നെയായിരുന്നു. ശത്തൻ എന്ന മൂകനും ബധിരനുമായ കഥാപാത്രത്തെ രാഹുൽ തരക്കേടില്ലാതെ ചെയ്തു. സപ്തമശ്രീ തസ്കരഃയിലെ ലീഫ് വാസു എന്ന കഥാപാത്രത്തേയും തൂവാനത്തുമ്പികളിലെ ഋഷിയേയും പ്രാഞ്ചിയേട്ടനിലെ സുബ്രനേയും ദിവാൻജിമൂലയിലൂടെ വീണ്ടും കാണുവാൻ സാധിച്ചിട്ടുണ്ട്‌. നിരവധി കഥാപാത്രങ്ങൾ ചിത്രത്തിലുണ്ടെങ്കിലും വിനായകൻ അവതരിപ്പിച്ച വറീത്‌ ബ്രദർ എന്ന വിചിത്രസ്വഭാവക്കാരനായ സുവിശേഷകന്റെ കഥാപാത്രമായിരുന്നു മികച്ചുനിൽക്കുന്നത്‌.
തൃശൂർ‌പൂരത്തിന്റെയും വികസനത്തിന്റെയും ബൈക്ക് റേസിംഗിന്റേയുമൊക്കെ കഥ പറയുമ്പോഴും തന്റെ സ്വതസിദ്ധമായ നരേഷൻ സ്റ്റൈലിൽ നിന്നും തെല്ലിട വ്യതിചലിക്കുവാൻ സംവിധായകൻ തയ്യാറായില്ല. വികസനം പലപ്പോഴും ദോഷകരമായി ബാധിക്കുന്നത്‌ സാധാരണ ജനങ്ങളെയാണ്‌ എന്ന് ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്‌. മാറിവരുന്ന ഗവണ്മെന്റുകളുടെ നയങ്ങളും അധികാരികളുടെ അനാസ്ഥയും നിമിത്തം ഒരുനാട്ടിലെ ജനങ്ങളുടെ ജീവിതം അങ്കലാപ്പിലാകുന്നതിന്റെ ഉദാഹരണങ്ങൾ ചിത്രത്തിൽ ദൃശ്യമാണ്‌. ഓരോ നാടിനും ചില പൈതൃകങ്ങളുണ്ട്‌. ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ നിലപാടുകളും വിശ്വാസങ്ങളുമെല്ലാം ചിത്രത്തിൽ കാണുവാനാകുന്നുണ്ട്‌. എങ്കിലും ‘വെടിക്കെട്ടിനു പകരം ബൈക്ക്‌ റേസ്‌’ എന്ന ആശയം എങ്ങനെ പ്രാവർത്തികമാക്കുവാൻ കഴിയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
സാങ്കേതികപരമായി ചിത്രം ഏറെ മുന്നിൽ നിൽക്കുന്നു. ഗോപി സുന്ദർ ഒരുക്കിയ സംഗീത വിഭാഗവും അലക്സ്‌ ജെ പുളിക്കലിന്റെ ഛായാഗ്രഹണവിഭാഗവും അവരവർ നന്നായി നിറവേറ്റി. റേസിംഗ്‌ ദൃശ്യങ്ങളും നിരവധി ആകാശക്കാഴ്ചകളും കൊണ്ട്‌ ദിവാൻജിമൂല സമ്പന്നമായിരുന്നു.
പ്രത്യേക സംഭവവികാസങ്ങളോ അപ്രതീക്ഷിത സംഭവങ്ങളോ ഇല്ലാത്തതും, ആർക്കും ഊഹിക്കാവുന്ന വിധത്തിലുള്ളതുമായ ക്ലൈമാക്സാണ്‌ ചിത്രത്തിന്‌. ഒരു സറ്റയർ കോമഡി ചിത്രമെന്ന നിലയിൽ ശരാശരി സംതൃപ്തി നൽകുവാൻ ചിത്രത്തിനു സാധിച്ചിട്ടുണ്ട്‌.

ബോറൻ വിമാനയാത്ര

തൊടുപുഴക്കാരനായ സജി തോമസിനെ നമ്മിൽ പലർക്കും അറിയാമായിരിക്കും. ബധിരനും മൂകനുമാമായ സജി തോമസിന്‌ ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നെങ്കിലും ജന്മനാ ഉള്ള തന്റെ പരിമിതികൾക്കും പ്രതികൂല ജീവിതസാഹചര്യങ്ങൾക്കും മുൻപിൽ തളരാൻ അയാൾ തയ്യാറായിരുന്നില്ല. റബ്ബർതോട്ടങ്ങളിൽ കീടനാശിയടിക്കാൻ വന്ന ഹെലികോപ്റ്ററുകൾ കണ്ട്‌, ആ പതിനഞ്ചുകാരന്റെ സ്വപ്‍നങ്ങളിൽ വിമാനങ്ങൾ പറന്നുയർന്നു. പിന്നീട് സ്വന്തമായി വിമാനങ്ങൾ നിർമ്മിക്കാനുള്ള നിരന്തര പരിശ്രമങ്ങളായിരുന്നു സജിയുടെ ജീവിതത്തിൽ. വിമാനനിർമ്മാണം സംബന്ധിച്ച പുസ്തകങ്ങൾ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങൾ തേടിയും സജി ഒടുവിൽ തന്റെ സ്വപ്നം പൂവണിയിക്കുക തന്നെ ചെയ്‍തു. പതിനഞ്ചു വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ സജി സ്വന്തമായി വിമാനം നിർമ്മിച്ചു പറപ്പിച്ചു. വിമാനം രൂപകൽപന ചെയ്ത ഭിന്നശേഷിയുടെ ആദ്യ വ്യക്തി എന്ന നേട്ടവുമായി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സജിയുടെ പേര് ഇടം നേടി. ഡിസ്കവറി ചാനലിൽ ഋഥ്വിക്‌ റോഷൻ അവതരിപ്പിച്ച പ്രോഗ്രാമിലും അടുത്തിടെ സജിയുടെ കണ്ടുപിടിത്തങ്ങൾ കയ്യടി നേടി. വൈകല്യങ്ങൾ മറികടന്ന് ജീവിതവിജയം സ്വന്തമാക്കിയ ഒൻപത്‌ ഹീറോകളുടെ പട്ടികയിലായിരുന്നു നാൽപ്പത്തിയഞ്ചുകാരനായ സജി ഇടംപിടിച്ചത്.
മറ്റുള്ളവർക്കു പ്രചോദനമായിമാറിയ സജിയുടെ ഈ ജീവിതകഥയാണ് ‘വിമാനം’ എന്ന പേരിൽ സിനിമയാകുന്നത്. വിനീത്‌ ശ്രീനിവാസൻ നായകനായി ഏതാനും മാസങ്ങൾക്ക്‌ മുൻപിറങ്ങിയ ‘എബി’ എന്ന ചിത്രത്തിലും സജി തോമസിന്റെ ജീവിതകഥതന്നെയായിരുന്നു ഉപയോഗപ്പെടുത്തിയത്‌. ഒരു യഥാർത്ഥ കഥ സിനിമയാക്കി മാറ്റുമ്പോൾ പുലർത്തേണ്ട മിനിമം നിലവാരം പോലും എബിയിൽ ഉണ്ടായിരുന്നില്ല. വിനീത്‌ ശ്രീനിവാസന്റെ ഗോഷ്ടികളും അപക്വമായ അവതരണവും ‘എബി’യെ ഒരു ദുസ്സഹമായ അനുഭവമാക്കി മാറ്റിയിരുന്നു. ‘വിമാന’ത്തിലേക്ക്‌ എത്തുമ്പോഴോ?
ഒഴുക്കിനെതിരെ നീന്തി, മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ്‌ പൃഥ്വിരാജ്. തലപ്പാവ്‌, സെല്ലുലോയ്ഡ്‌, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലൂടെ, യഥാർത്ഥ കഥാപാത്രങ്ങളെ ഭംഗിയായി തിരശ്ശീലയിലെത്തിച്ച പൃഥ്വിരാജ് വീണ്ടും ജീവിതകഥ പ്രമേയമാകുന്ന സിനിമയിലെ നായകനാവുകയാണ്‌.
നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‌ തണുപ്പൻ മട്ടിലുള്ള പ്രൊമോഷനുകളായിരുന്നു. ട്രൈലറോ ഗാനങ്ങളോ ഒട്ടും തന്നെ ആശാവഹമായിരുന്നില്ല. എന്നാൽ പൃഥ്വിരാജ്‌ എന്ന നടനിലുള്ള നടനിലും, മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവിലും ഉള്ള വിശ്വാസവും, പൊതുപ്രേക്ഷകന്‌ ചില പ്രതീക്ഷകൾ അവശേഷിപ്പിച്ചിരുന്നു. ഒരുവർഷത്തിനു മുൻപേ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‌ സജി തോമസിന്റെ ജീവിതമാണ്‌ ആധാരമെങ്കിലും, അല്‍പ്പം ഭാവനകൂടി ചേര്‍ത്തുള്ള സ്വതന്ത്രാഖ്യാനമാവും വിമാനമെന്ന് സംവിധായകന്‍ മുൻകൂർ പറഞ്ഞിരുന്നു.
പത്മഭൂഷന്‍ പുരസ്‌കാരം നേടിയ പ്രൊഫ. വെങ്കിടേശ്വരന്‍ എന്ന ശാസ്ത്രജ്ഞനില്‍ നിന്നുമാണ്‌ ചിത്രം ആരംഭിക്കുന്നത്. അയാളുടെ ഓര്‍മകളിലൂടെ, യുവാവായ വെങ്കിടിയുടെ ജീവിതത്തിലേയ്ക്ക് ചിത്രം ചെന്നെത്തുകയാണ്‌. വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ചെറുപ്പം മുതലേ ആഗ്രഹിച്ച, ശ്രവണപരിമിതികളുള്ള വെങ്കിടിയുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും, വെല്ലുവിളികളെ തരണം ചെയ്തുകൊണ്ടുള്ള അവന്റെ വിജയത്തിന്റെയും കഥയാണ് സിനിമ പറയുവാൻ ശ്രമിക്കുന്നത്‌. ഒപ്പം, അവന്റെ പ്രണയത്തിന്റെയും പരാജയങ്ങളുടെയും കഥ കൂടി പാരരലായി പറഞ്ഞുപോവുകയാണ്‌.
വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ അമ്മാവന്റെ വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്യുമ്പോഴും വെങ്കിടിയുടെ സ്വപ്നം പറക്കുക എന്നത്‌ മാത്രമാണ്‌. സ്വന്തമായി വിമാനമുണ്ടാക്കാനുള്ള കഠിന പരിശ്രമത്തിലാണ് വെങ്കിടി. അയാള്‍ക്ക് പിന്തുണയുമായി ഒപ്പമുള്ളത് അയാളുടെ അമ്മാവനും റോജർ എന്ന പ്രൊജക്ഷനിസ്റ്റുമാണ്. അയൽവക്കത്തെ സമ്പന്നകുടുംബത്തിലെ പെൺകുട്ടിയായ ജാനകിയുമായി വെങ്കിടിക്കുള്ളത്‌ കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. വെങ്കിടിക്ക് വിമാനത്തോടുള്ള പ്രണയവും ജാനകിയോടുള്ള ഇഷ്ടവും സമാന്തരമായാണ് വളരുന്നതും വികസിക്കുന്നതും. നാട്ടുകാര്‍ പൊട്ടനെന്നും ഭ്രാന്തനെന്നും വിളിച്ചു പരിഹസിക്കുന്ന വെങ്കിടിയുടെ കഴിവുകളും അയാളുടെ സ്വപ്നങ്ങളുടെ തീവ്രതയും യഥാര്‍ഥത്തില്‍ അറിയുന്നത് ജാനകിക്കാണ്. മറ്റെന്തിനേക്കാളും വിമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വെങ്കിടിക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നതും അവളാണ്. വെങ്കിടിയുണ്ടാക്കുന്ന വിമാനത്തില്‍ ഒരുമിച്ച്‌ പറക്കുക എന്നതാണ്‌ ഇരുവരുടെയും ഏറ്റവും വലിയ സ്വപ്നം.
യഥാർത്ഥ ജീവിതകഥ നൽകുന്ന പ്രചോദനവുമായുള്ള താരതമ്യത്തിൽ പ്രേക്ഷകന്റെ ഹൃദയങ്ങളെ സ്പർശിക്കുന്ന വിധത്തിലുള്ള അവതരണമല്ല ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്‌. ‘വിമാനം’ പോലെതന്നെ പ്രണയവും പ്രണയ സംഘർഷങ്ങളും സിനിമയുടെ പ്രധാന വിഷയംതന്നെയാണ്. എന്നാൽ രണ്ട്‌ വിഷയങ്ങളിലും നിർവികാരത മാത്രമാണ്‌ പ്രേക്ഷകന്‌ അനുഭവപ്പെടുന്നത്‌. വൈകാരിക മുഹൂർത്തങ്ങളെല്ലാം വെറും പൊള്ളയായ കാഴ്ചകളായിരുന്നു. അതിശയോക്തി കലരാതെ കഥാപരിസരങ്ങളെ രൂപപ്പെടുത്തുവാനോ യുക്തിപൂര്‍വകമായി ദൃശ്യവത്കരിക്കുവാനോ തിരക്കഥാകൃത്ത്‌ കൂടിയായ സംവിധായകനു സാധിച്ചിട്ടില്ല.
മലയാളത്തിലും മറ്റ്‌ ഭാഷകളിലുമായിറങ്ങുന്ന മോട്ടിവേഷണൽ സിനിമകൾക്കെല്ലാം ചില പൊതു സ്വഭാവങ്ങളുണ്ട്‌. ലക്ഷ്യങ്ങളും മോഹങ്ങളുമുള്ള ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും അവയുടെ മുൻപോട്ടുള്ള പ്രയാണം. അവൻ/അവൾ ഒരുപക്ഷേ കൊച്ചുകുട്ടികളോ കൗമാരക്കാരോ യുവാക്കളോ ആയിരുന്നേക്കാം. എതിർക്കുവാനും നിരുത്സാഹപ്പെടുത്തുവാനും ഒന്നോ അതിലധികമോ ആളുകൾ, ക്ലേശപൂരിതമായ സാഹചര്യങ്ങളിലൂടെ വളർന്നുവന്ന അവൻ/അവൾ മറ്റൊരാളുടെ സഹായത്താൽ ലക്ഷ്യത്തിലെത്തിച്ചേരുന്നു. സമാന്തരമായി ഒരു പ്രണയകഥയോ ഒരു സഹതാപ വശമോ ഇത്തരത്തിലുള്ള ചിത്രങ്ങളിൽ കാണാം. വിമാനത്തിന്റെ കാര്യവും ഇതുതന്നെ. കണ്ടുപഴകിയ ക്ലീഷേ കഥകളിൽ നിന്നും തെല്ലിട വ്യതിചലിക്കാതെയുള്ള അവതരണം പ്രേക്ഷകനെ നന്നായിത്തന്നെ ബോറടിപ്പിക്കുന്നുണ്ട്‌.
പതിഞ്ഞ താളത്തിലാണ്‌ ചിത്രത്തിന്റെ സഞ്ചാരം. നായകന്റെ ബാല്യകാലത്ത്‌ അവനനുഭവിക്കുന്ന പ്രശ്നങ്ങളിൽനിന്നുമാരംഭിക്കുന്ന ചിത്രം വിലകുറഞ്ഞതും അപക്വവുമായ സംഭാഷണരംഗങ്ങളുടെ അകമ്പടിയോടെ കടന്നുപോകുന്നു. രണ്ടാം പകുതിയിൽ ചിത്രം കൂടുതൽ നാടകീയതകളിലേക്ക് കടക്കുകയാണ്. പലതവണ വിമാനം ഇടിച്ചിറക്കേണ്ടി വന്നിട്ടും പരാജയപ്പെട്ടിട്ടും വീണ്ടും വീണ്ടും തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി ശ്രമിക്കുന്ന വെങ്കിടിയുടെ ജീവിതത്തെ പ്രചോദനത്തിന്റെ മാതൃകയാക്കുവാനുള്ള ശ്രമവും നടന്നിരുന്നു. ഉപസംഹാര ഭാഗങ്ങളിലേയ്ക്കെത്തുമ്പോഴാണ്‌ അവതരണം അൽപമെങ്കിലും ചടുലമാകുന്നത്‌. സ്വാഭാവിക അന്ത്യത്തിലേക്കാണ്‌ കഥ നീങ്ങുന്നത് എന്നതുകൊണ്ടുതന്നെ ട്വിസ്റ്റുകളോ അപ്രതീക്ഷിത സംഭവങ്ങളോ ചിത്രത്തിലില്ല. എന്നാൽ പലപ്പോഴും കഥാപാത്രങ്ങളുടെ പ്രതികരണങ്ങളിൽ സ്വാഭാവികത തോന്നിയില്ല.
വെങ്കിടിയുടെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങളാണ്‌ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം, ശരാശരി പ്രകടനങ്ങൾ എന്നേ പറയുവാനാകൂ. യുവാവായ വെങ്കിടിയില്‍നിന്ന് വൃദ്ധനായ വെങ്കിടിയിലേയ്ക്കെത്തുമ്പോള്‍ രൂപത്തിലും ഭാവത്തിലും കൃത്രിമത്വം പ്രകടമായിരുനുന്നു. വിഗ്ഗ്‌ മിക്കപ്പോഴും ചിരിക്കുവാനുള്ള വക നൽകി. കേൾവി ശക്തി കുറഞ്ഞ കഥാപാത്രമായി, പലപ്പോഴും ഫ്ലക്സിബിൾ ആകാനുള്ള അദ്ദേഹത്തിന്റെ ശ്രമം കാണാം. പുതുമുഖം ദുർഗ്ഗാ കൃഷ്ണയായിരുന്നു നായികയായഭിനയിച്ചത്‌. മോശം പ്രകടനമായിരുന്നു. പ്രണയരംഗങ്ങളിലും ഗാനരംഗങ്ങളിലും ഡയലോഗ്‌ പ്രസന്റേഷനിലും കൃത്രിമത്വം നിഴലിച്ചിരുന്നു. വൃദ്ധകഥാപാത്രമായി മാറിയപ്പോഴേയ്ക്കും നായികാനായകന്മാരുടെ പ്രഛന്നവേഷം തികച്ചും അനുചിതമായിത്തോന്നി.
നായികാനായകന്മാരുടെ കുടുംബസാഹചര്യങ്ങൾ ടെലിവിഷൻ സീരിയലുകളെ ഓർമ്മിപ്പിക്കും. നായകന്റെ സ്വഭാവത്തിൽ മനം നൊന്ത്‌ പിറുപിറുക്കുന്ന അമ്മ, കദനകഥ പറച്ചിൽ, നായകനെ, പിന്തുണയ്ക്കുന്ന അമ്മാവൻ, നായികയിൽ സമ്മർദ്ദം ചെലുത്തുന്ന മാതാപിതാക്കൾ, സ്ഥിരം കൂടിക്കാഴ്ചകൾ, പിറന്നാൾ സമ്മാനം എന്നിങ്ങനെ കണ്ടുമുഷിഞ്ഞ കാഴ്ചകളുടെ പുനരവതരണം തന്നെയായിരുന്നു. നായികയുടെ പിതാവായഭിനയിച്ച നടൻ അറുബോറൻ പ്രകടനം കാഴ്ചവച്ചു. അശോകൻ, സൈജു കുറുപ്പ്‌ തുടങ്ങിയവരും പ്രതീക്ഷ നഷ്ടപ്പെടുത്തിയപ്പോൾ അലന്‍സിയറും സുധീര്‍ കരമനയും ലെനയും സ്വാഭാവികമായ അഭിനയംകൊണ്ട് തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
സിനിമയിൽ നായകന്റെ സ്വപ്നങ്ങളുടെ ആഖ്യാനത്തിൽ മാത്രമല്ല, പ്രണയരംഗങ്ങളിലും യാതൊരു പുതുമയുമില്ല. കാലാകാലങ്ങളായി സിനിമകളില്‍ കണ്ടുവരുന്ന പ്രതിബന്ധങ്ങള്‍ത്തന്നെയാണ് അവരുടെ പ്രണയത്തിലുമുള്ളത്‌. കാമുകിയോടുള്ള പ്രണയവും, വിമാനത്തോടുള്ള പ്രണയവും സമാന്തരമായി വിശദീകരിക്കുമ്പോൾത്തന്നെ രണ്ടിലും നേരിടുന്ന സംഘർഷങ്ങളും വിജയങ്ങളും അതേപടി തന്നെ വിശദീകരിക്കുവാൻ സംവിധായകൻ ശ്രമിച്ചിരുന്നു. നായകന്റെ ആദ്യ പറക്കലിനോടനുബന്ധിച്ചുള്ള ചില കഥാപാത്രങ്ങളുടെ പ്രതികരണങ്ങളും പുഷ്പവൃഷ്ടിയുമെല്ലാം തികച്ചും ബാലിശമായ കാഴ്ചകളായിരുന്നു.
മനുഷ്യന്റെ ആഗ്രഹങ്ങൾക്ക്‌ പരിമിതികളില്ല. ഉറച്ച സ്വപ്നങ്ങളും കഠിന ശ്രമവും ഒരാളെ വിജയത്തിലേയ്ക്കു നയിച്ചേക്കാം. എന്ന തത്വമാണ്‌ ചിത്രം ആത്യന്തികമായി പറയുവാൻ ശ്രമിക്കുന്നത്‌. ലക്ഷ്യപൂർത്തീകരണത്തിനായി നായകൻ കണ്ടെത്തുന്ന വഴികളും അനുബന്ധ സംഭവങ്ങളും, തിരക്കഥാകൃത്തിന്റെ വികലമായ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ്‌. ഏത്‌ വിധേനെയും ലക്ഷ്യം സഫലീകരിക്കുക എന്ന ഉദ്യമമായിരുന്നു നായകനുള്ളത്‌ എങ്കിലും അതിനുവേണ്ടി എന്ത്‌ കൊള്ളരുതായ്മകളും ചെയ്യും എന്ന തലത്തിലേയ്ക്കാണ്‌ കാര്യങ്ങൾ പോകുന്നത്‌. നായകന്റെ അനുചിതമായ പ്രവർത്തനരീതിയെ മൃദുസമീപനത്തോടുകൂടി നോക്കിക്കണ്ട്‌ അവയെ ന്യായീകരിക്കുവാൻ ശ്രമിക്കുക വഴി, സജി തോമസിന്റെ ശ്രമങ്ങളുടെമേൽ സംവിധായകൻ കളങ്കം വീഴ്ത്തുകയാണ്‌ ചെയ്തത്‌.
ഇത്തരമൊരു പ്രമേയത്തിന്റെ അവതരണത്തിൽ ഹാസ്യത്തിന്‌ പങ്കില്ല. എന്നാൽ നായകനുചുറ്റും വലം വയ്ക്കുന്ന ചില കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും, അവരേക്കൊണ്ട്‌ കോമഡി പറയിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്ത സംവിധായകൻ വിരസതയുള്ള അനുഭവം പ്രേക്ഷകർക്ക്‌ സമ്മാനിച്ചു. സൈജു കുറുപ്പുമൊത്തുള്ള ആദ്യ രംഗങ്ങളും, വർക്ക്‌ ഷോപ്പിലെ സ്ഥിരം സന്ദർശകരായ മറ്റ്‌ കഥാപാത്രങ്ങൾ ഉൾപ്പെട്ട രംഗങ്ങളും അതിനുദാഹരണങ്ങളാണ്‌.
‘മുഖം നോക്കി’ സിനിമകൾക്ക്‌ സംഗീതം നൽകാറുള്ള ഗോപി സുന്ദറിന്റെ അസഹ്യമായ ഗാനങ്ങളും പശ്ചാത്തലസംഗീതവും ആസ്വാദനത്തിന്‌ വലിയ അളവിൽ ഭംഗം വരുത്തി. ‘മേഘക്കനവിന്‌’ എന്നുതുടങ്ങുന്ന ഗാനവും, നൃത്തരംഗങ്ങളും പ്രേക്ഷകനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്‌. ഷഹ്നാദ് ജലാലിന്റെ ഛായാഗ്രഹണം മികവു പുലർത്തി. വിദേശ ടെക്നീഷ്യൻസിന്റെ സഹായത്താൽ ചിത്രീകരിച്ച ആകാശയാത്രയും ദൃശ്യങ്ങളും മികച്ചുനിൽക്കുന്നു. ബൈജു കുറുപ്പിന്റെ എഡിറ്റിംഗ്‌ അപാകത ചിത്രത്തിലുടനീളം പ്രകടമായിരുന്നു.
റിയൽ ലൈഫ്‌ സ്റ്റോറി സിനിമയാക്കുക എന്നത്‌ ഏറെ ശ്രമകരമായ ഒന്നുതന്നെയാണ്‌. ഒട്ടേറെയാളുകളുടെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിയായ സജി സുരേന്ദ്രന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്‌ പറിച്ചുനടുമ്പോൾ, അതിലേയ്ക്ക്‌ സിനിമാറ്റിക്‌ ഘടകങ്ങളുടെ കൂട്ടിച്ചേർക്കലുകൾ ആവശ്യമാണ്‌ എന്നത്‌ അംഗീകരിക്കുന്നു. എങ്കിൽത്തന്നെയും പൊതുപ്രേക്ഷകനോട്‌ സാമാന്യനീതിപോലും പുലർത്താത്ത വെറും ആവിഷ്കാരങ്ങൾ മാത്രമായി ഇവ മാറുന്നത്‌ ജീവിച്ചിരിക്കുന്ന യഥാർത്ഥ വ്യക്തികളോട്‌ ചെയ്യുന്ന ക്രൂരതയാണ്‌. വിനീത്‌ ശ്രീനിവാസൻ നായകനായ ‘എബി’ തന്നെയായിരുന്നു സജി തോമസിന്റെ ജീവിതത്തോട്‌ അൽപമെങ്കിലും കൂറുപുലർത്തിയത്‌. വിമാനത്തിലേക്ക്‌ വന്നപ്പോൾ, യഥാർത്ഥ സംഭവങ്ങളെ വളച്ചൊടിച്ച്‌ വികൃതമാക്കി, അതിനെ തികച്ചും സഹതാപകരമായ ഒരുൽപ്പന്നമാക്കി മാറ്റുകയായിരുന്നു..
ഒരു യഥാർത്ഥകഥയെ എത്രത്തോളം വലിച്ചുനീട്ടി വികലമാക്കി അവതരിപ്പിക്കാമോ അതാണ്‌ വിമാനത്തിന്റെ ആകെത്തുക. എടുത്തുപറയത്തക്കതായ ഒരു മേന്മയും ചിത്രത്തിലില്ല. പ്രെഡിക്ടബിൾ ആയ കഥയായിരിക്കെ തന്നെ ക്ലീഷേകളിൽ നിന്നും മുക്തിനേടിയ ഒരു സിനിമയൊരുക്കുവാൻ സംവിധായകന്‌ സാധിക്കാതെപോയി. നാടകീയത നിറഞ്ഞ സന്ദർഭങ്ങളും, പ്രധാന കഥാപാത്രങ്ങളുടെ മോശം പ്രകടനങ്ങളും അപക്വമായ അവതരണവും ചിത്രത്തെ ഒരു മോശം അനുഭവമാക്കിത്തീർക്കുകയാണ്‌.