നീരാളി തിയെറ്ററിൽ – മരണഭയം പ്രേക്ഷകന്‌.

മുഴുമലയാളികളും ചർച്ചാവിഷയമാക്കിയ ഒന്നായിരുന്നു മോഹൻലാലിന്റെ ഗെറ്റപ്പ്‌ ചേഞ്ച്‌. ‘ഒടിയനി’ലെ കഥാപാത്രത്തിനായി ശരീരം ക്രമപ്പെടുത്തി, തടികുറച്ച്‌ വന്ന മോഹൻലാലിനെ സോഷ്യൽ മീഡിയ വരവേറ്റതും കൊച്ചിയിലെ വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോൾ വൻ ജനാവലി സ്വീകരിച്ചതും ശ്രദ്ധേയമായിരുന്നു. പുതിയ ഗെറ്റപ്പിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ആദ്യചിത്രമെന്ന പേർ നീരാളി കരസ്ഥമാക്കി. നീരാളിയിലേയ്ക്ക്‌ പ്രേക്ഷകൻ ഉറ്റുനോക്കിയിരിക്കുവാൻ ഇടയാക്കിയതും ഇതുതന്നെ. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് നീരാളി ചിത്രീകരണത്തിലുടനീളം രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചിരുന്നു. സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംവിധായകനോ നടനോ യാതൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

സന്തോഷ്‌ കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ 34 വർഷങ്ങൾക്കു ശേഷം മോഹൻലാലും നാദിയാ മൊയ്തുവും ഒരുമിച്ചഭിനയിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ആയിരിക്കുമെന്നും, അതിനായി ഹോളിവുഡിനെ പോലും വെല്ലുന്ന ഗ്രാഫിക്സ്‌ തയ്യാറാക്കിയിട്ടുണ്ടെന്നും അണിയറയിൽ നിന്നും അറിയാൻ കഴിഞ്ഞു. എല്ലാ മനുഷ്യരിലും ഉണ്ടാകുന്ന ഭീതിയുടെ നിമിഷമാണ് നീരാളിയെന്ന് മോഹൻലാലും, ഭയത്തിന്‍റെ ചലച്ചിത്രഭാഷ്യമാണ്‌ നീരാളിയെന്ന് പ്രിവ്യൂ ഷോ കണ്ട വി.ബി സത്യനും, നീരാളി മനോഹരമായ ഒരനുഭവമായിരിക്കുമെന്ന് പാർവതി നായരും പറഞ്ഞിരുന്നു. തുടക്കം മുതൽ മാർക്കറ്റിംഗ്‌ മേഖലയിലും ഓൺലൈൻ പരസ്യപ്രചാരണങ്ങളുടെ കാര്യത്തിലും അണിയറപ്രവർത്തകർ നിസ്സംഗതപാലിച്ചപ്പോൾ ഒടുവിലിറങ്ങിയ ട്രൈലർ അതുവരെയുള്ള പ്രേക്ഷകന്റെ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കിയിരുന്നു.

ചിത്രത്തിലേയ്ക്ക്‌ വരുമ്പോൾ, ബാംഗ്ലൂരിൽ രത്‌നക്കല്ലുകളുടെ മുല്യം നിശ്ചയിക്കുന്ന ഒരു ജെമ്മോളജിസ്റ്റാണ് സണ്ണി. അദ്ദേഹത്തിന്റെ പൂർണ്ണഗർഭിണിയായ ഭാര്യക്ക്‌ അപ്രതീക്ഷിതമായുണ്ടായ വേദന നിമിത്തം സണ്ണി നാട്ടിലേയ്ക്ക്‌ വരുമ്പോൾ ഒരപകടം സംഭവിക്കുന്നു. ട്രൈലറിൽ കണ്ടതുപോലെ, കൊക്കയിലേയ്ക്ക്‌ ഇപ്പോൾ വീഴും എന്നമട്ടിൽ കിടക്കുന്ന വാഹനത്തിൽ നിന്നും രക്ഷപെടാനുള്ള സണ്ണിയുടെ ശ്രമമാണ്‌ ചിത്രം.

സർവൈവൽ ത്രില്ലർ ജോണറുമായി ബന്ധപ്പെടുത്തി ഒരു പരീക്ഷണം മലയാളത്തിൽ നടത്തുക എന്ന അജോയ്‌ വർമ്മയുടെ പൂർണ്ണമായും പാളിപ്പോയ ശ്രമമാണ്‌ നീരാളി. ട്രൈലറിൽ നിന്നുതന്നെ ഊഹിച്ചെടുക്കാവുന്ന കഥയ്ക്കുമപ്പുറത്തേയ്ക്ക്‌ യാതൊന്നും ഈ ചിത്രത്തിലില്ല. നായകനിൽ നിന്നുമാരംഭിച്ച്‌ നായകനിൽത്തന്നെ അവസാനിക്കുന്ന ചിത്രം യാതൊരുവിധത്തിലുമുള്ള സംതൃപ്തി പൊതുപ്രേക്ഷകന്‌ നൽകുന്നില്ല.

നായകനും സുഹൃത്തും അപകടകരമായ സാഹചര്യത്തെ തരണം ചെയ്യുമ്പോൾ അത്‌ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനും അവരോടൊപ്പം സഞ്ചരിക്കേണ്ടിയിരിക്കുന്നു. അവിടെയാണ്‌ അവതരണമികവിന്റെ വിജയം. നീരാളിയിൽ നേരെ തിരിച്ചാണ്‌ സാഹചര്യങ്ങൾ. നായകൻ ഭയപ്പെടുമ്പോൾ പ്രേക്ഷകൻ ഊറിച്ചിരിക്കുന്നു. നായകൻ മരണത്തിനും ജീവിതത്തിനുമിടയിൽ പെട്ട്‌ ഉഴലുമ്പോൾ പോലും അത്‌ തീവ്രത നഷ്ടമാവാതെ പ്രേക്ഷകനു മുൻപിൽ വിളമ്പാൻ സംവിധായകനു സാധിക്കുന്നില്ല. സിനിമയ്ക്കൊപ്പം ചരിക്കേണ്ട പ്രേക്ഷകൻ വിരസതമൂലം അസ്വസ്ഥനാവുന്നു.

നായകനിലൂടെത്തന്നെ പറഞ്ഞുപോകുന്ന കഥയിലേയ്ക്ക്‌ സബ്‌ പ്ലോട്ടുകൾ വന്നുചേരുമ്പോൾ തിരക്കഥ ബാലിശമായിത്തീരുന്നു. നായകന്റെ കഥയ്ക്കൊപ്പം വന്നുചേർന്ന ഡ്രൈവർ വീരപ്പന്റെ കഥ ആർക്കും ഊഹിക്കാവുന്ന വിധത്തിൽ പര്യവസാനിക്കുന്നു. സുരാജ്‌ സമീപകാലത്ത്‌ അവതരിപ്പിച്ച ഏറ്റവും മോശം കഥാപാത്രമെന്ന് പറയാം. കഥാപാത്രങ്ങൾ വൈകാരികതയിലേയ്ക്ക്‌ കടക്കുമ്പോൾ സന്ദർഭങ്ങളും പ്രകടനങ്ങളും തമ്മിൽ യോജിച്ചുനിൽക്കുന്നില്ല. തന്മൂലം സിനിമയ്ക്കൊപ്പമുള്ള പ്രേക്ഷകന്റെ സഞ്ചാരം പാതിവഴിയിൽ അവസാനിക്കുകയാണ്‌.

വിലകുറഞ്ഞതും, ഒരർത്ഥത്തിലും സന്ദർഭങ്ങളുമായി ചേർന്നുനിൽക്കാത്തതുമായ സംഭാഷണരംഗങ്ങൾ ചിത്രത്തെ ബോറൻ അനുഭവമാക്കിത്തീർക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അസ്ഥാനത്തുള്ള നർമ്മശ്രമങ്ങൾ, ഭാര്യാകഥാപാത്രത്തിന്റെ അമിതോത്കണ്ഠകൾ, ഇടയ്ക്കുള്ള നന്മസംഭാഷണങ്ങൾ എന്നിവ പ്രേക്ഷകനെ വളരെയധികം ബുദ്ധിമുട്ടിക്കുകയുണ്ടായി. ശത്രുവിനെ സ്നേഹിക്കുക, നന്മ ചെയ്യുക തുടങ്ങിയ ‘വ്യത്യസ്തങ്ങളായ’ ആശയങ്ങളാണ്‌ ചിത്രം പകർന്നുനൽകുന്നത്‌.

പുതിയ രൂപം മാത്രമല്ല, അരോചകമായ ഭാവപ്രകടനങ്ങൾ കൂടി മോഹൻലാൽ എന്ന നടനിൽ കാണുവാനായി. ഒരുപക്ഷേ കാലാതിവർത്തിയായ അഭിനയമുഹൂർത്തങ്ങളിലൂടെ നാളിതുവരെ നമ്മെ വിസ്മയിപ്പിച്ച മോഹൻലാലിന്റെ ഏറ്റവും മോശം പ്രകടനവും ഈ ചിത്രത്തിൽത്തന്നെയെന്ന് പറയാം. ആകെമൊത്തം കൃത്രിമത്വം അദ്ദേഹത്തിൽ പ്രകടമായിരുന്നു. സൂപ്പർ താരമായിട്ടുകൂടി അമാനുഷികത്വത്തിൽ നിന്നും താഴെയിറങ്ങിനിൽക്കുന്നു എന്നത്‌ മാത്രമാണ്‌ ഈ കഥാപാത്രം തിരഞ്ഞെടുത്ത മോഹൻലാലിൽ കണ്ട ഏക നേട്ടം. സണ്ണിയുടെ ഭാര്യ മോളിക്കുട്ടിയായി നദിയ മൊയ്തു അഭിനയിക്കുന്നു. പ്രസവവാർഡിൽ കിടന്ന് വിഡ്ഢിത്തരങ്ങൾ പറയുന്ന, പക്വതയില്ലാത്ത ഭാര്യാകഥാപാത്രമായിരുന്നു.

ശ്രദ്ധേയനായ സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ സ്പർശം ടൈറ്റിൽ ഗാനത്തിലും പശ്ചാത്തല സ്കോറുകളിലും പ്രകടമായിരുന്നു. മോഹൻലാൽ, എം ജി ശ്രീകുമാർ എന്നിവർ ആലപിച്ച ഗാനങ്ങൾ സഹതാപകരമാണ്‌. അജോയ് വർമ്മ, സജിത്‌ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ചിത്രസംയോജനം നിർവ്വഹിച്ചപ്പോൾ സന്തോഷ് തുണ്ടിയിൽ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചു. എങ്കിൽത്തന്നെയും സങ്കേതികവിഭാഗം ഭാഗികമായേ തൃപ്തി നൽകുന്നുള്ളൂ.

ആകെത്തുകയിൽ നീരാളി പ്രേക്ഷകനു നൽകുന്നത്‌ പൂർണ്ണ നിരാശയാണ്‌. ഒരു സിനിമ എന്നതിനേക്കാൾ ‘നാടകം’ എന്ന വിശേഷണമാണ്‌ നീരാളി കൂടുതലായി അർഹിക്കുന്നത്‌. ഒടിയൻ, കുഞ്ഞാലിമരയ്ക്കാർ, ലൂസിഫർ തുടങ്ങിയ വൻ പ്രോജക്ടുകളുമായി മുന്നേറുന്ന മോഹൻലാൽ ഇത്തരം ചിത്രങ്ങൾക്ക്‌ തലവച്ചുകൊടുക്കുന്നത്‌ ഉചിതമായി തോന്നുന്നില്ല.

Rating: ★☆☆☆☆

#jomonthiru

തങ്ങളുടേതല്ലാത്ത തെറ്റിനാൽ മാറ്റിനിറുത്തപ്പെടുന്ന ഒരു സമൂഹത്തിനു പൊതുധാരയിലേയ്ക്ക്‌ കടന്നുവരാനുള്ള പ്രചോദനമാണ്‌ ‘ഞാൻ മേരിക്കുട്ടി.’

ഇന്നിന്റെ ശബ്ദം – ഞാൻ മേരിക്കുട്ടി.

കാലാകാലങ്ങളായി മലയാളസിനിമ പിന്തുടരുന്ന ചില വാർപ്പ് മാതൃകകളുണ്ട്. അവയിലൊന്നാണ് ട്രാൻസ്ജെൻഡേഴ്സിന്റെ – പൊതുവേ മലയാള സിനിമകളിലൂടെ പറയാതെ പറയുന്ന – അവഗണനയുടെ കഥകൾ. കുറെയധികം സിനിമകളിൽ ട്രാൻസ്ജെൻഡേഴ്സ്‌ കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും ഒരു പ്രധാന കഥാപാത്രമായി ഈ വിഭാഗം പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു സൂത്രധാരൻ. അതേസമയം സ്ത്രൈണതയുള്ള ഒരു കഥാപാത്രത്തെ ചാന്തുപൊട്ടിലൂടെ അവതരിപ്പിച്ച്‌ ലാൽ ജോസ്‌ വാണിജ്യവിജയം നേടിയിരുന്നു. സൂത്രധാരനിൽ ട്രാൻസ്ജെൻഡേഴ്സിനെ മാത്രം ഉപയോഗിച്ച് ഇവരുടെ സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായിരുന്നു ശ്രമമെങ്കിലും അതൊരിക്കലും ട്രാൻസ്ജെൻഡേഴ്സിന്റെ സ്വാതന്ത്ര്യവുമായുള്ള ബന്ധത്തിൽ നീതിപൂർവ്വകമായ ഒന്നായിരുന്നില്ല. സമീപകാലത്ത്‌ മായാനദി, പൂമരം, ആഭാസം എന്നീ ചിത്രങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിനെ ചെറിയ വേഷങ്ങളിൽ കാണുവാനായി. ജയസൂര്യ തന്നെ, സ്ത്രൈണതയുള്ള ഒരു കഥാപാത്രത്തെ ‘101 വെഡ്ഡിംഗ്സ്‌’ എന്ന ചിത്രത്തിലൂടെ വികലമായി അവതരിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്‌.

മേൽപ്പറഞ്ഞ ചിത്രങ്ങൾ ഉൾപ്പെടുന്ന മലയാള സിനിമ അല്ലെങ്കിൽ മലയാളി, ട്രാൻസ്ജെൻഡേഴ്സിനേപ്പറ്റി സമൂഹത്തിൽ വേറിട്ട ഒരു സങ്കൽപമാണ് സൃഷ്ടിച്ചിരിക്കുന്നത്‌. ഈ ശ്രേണിയിൽ ‘ആഭാസം’ ഒഴികെയുള്ള ഏതാണ്ടെല്ലാ ചിത്രങ്ങളും തന്നെ ഒരർത്ഥത്തിൽ ട്രാൻസ്‌ജെൻഡേഴ്സിനെ കോമാളിവേഷം കെട്ടിക്കുകയായിരുന്നു എന്ന് പറഞ്ഞേ മതിയാവൂ. സമൂഹത്തിൽ നിന്നും ഒരിക്കൽ പോലും നാം അടർത്തിമാറ്റുവാൻ പാടില്ലാത്ത ഇക്കൂട്ടരെ ഒരു കൈയ്യകലത്തിൽ മാത്രം നിർത്താനാണ് അത്തരം ചിത്രങ്ങൾ സഹായിച്ചത്. വളച്ചൊടിക്കാതെ പറയുകയാണെങ്കിൽ, മലയാള സിനിമ ട്രാൻസ്ജെൻഡേഴ്സിനെ ഇന്നോളം അംഗീകരിക്കുവാൻ പഠിപ്പിച്ചിട്ടില്ല. ആണിനോ പെണ്ണിനോ മാത്രമാണ്‌ ഈ ഭൂമിയിൽ സ്ഥാനമുള്ളത്‌ എന്നമട്ടിലുള്ള നിലപാടുകൾ കാലങ്ങളായി മലയാളസിനിമയിൽ വ്യക്തമായിരുന്നു. ആ വിധത്തിൽ ഇക്കാലമത്രയും കുമിഞ്ഞുകൂടിയ പലതരം മാലിന്യങ്ങൾ ഇന്ന് സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സമയത്താണ്‌ ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രവുമായി ജയസൂര്യ-രഞ്ജിത് ശങ്കർ ടീം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഇരുപത്തിയേഴാം വയസ്സുവരെ മാത്തുക്കുട്ടിയായി ജീവിച്ച ഒരു വ്യക്തി പിന്നീട് സ്വയം തിരിച്ചറിഞ്ഞ് മേരിക്കുട്ടിയായി മാറുന്നതും, ഒറ്റപ്പെടുത്തിയത് സമൂഹം തിരിച്ചറിയാനും താനുൾപ്പെടുന്ന ജനവിഭാഗത്തെ അംഗീകരിക്കുവാനും വേണ്ടി നടത്തുന്ന പോരാട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. 27 വർഷം പുരുഷ ശരീരത്തിൽ അകപ്പെട്ട് കിടന്ന ആ പെണ്മനസ്സ്, സ്ത്രീ ശരീരം സ്വന്തമാക്കുന്ന കഥയല്ല ചിത്രം പറയുന്നത്. മറിച്ച് ഈ ലോകത്തിൽ തന്നെ സ്ത്രീയായി ബഹുമാനിക്കാൻ സമൂഹത്തിന് കഴിയുന്ന വിധത്തിൂള്ള ഒരു വ്യക്തിയായി ജീവിക്കുവാനാഗ്രഹിച്ച മേരിക്കുട്ടിയുടെ കഥയാണ് സംവിധായകൻ പറയുന്നത്. രഞ്ജിത് ശങ്കർ ചിത്രങ്ങളുടെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കാവുന്ന പല മോട്ടിവേഷണൽ തത്വങ്ങൾ ഇവിടെ വീണ്ടും ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കൽ പോലും അത് ആസ്വാദനത്തെ ബാധിക്കുന്നില്ല. നന്മ, ഇൻസ്പിരേഷൻ തുടങ്ങിയ ചേരുവകൾ തന്നെയാണ് ഈ ചിത്രത്തിലും. പക്ഷെ കൃത്യമായ അളവിൽ അവ ചേർക്കപ്പെട്ടതുകൊണ്ടുതന്നെ മേരിക്കുട്ടി ഒരവസരത്തിലും മടുപ്പുളവാക്കുന്നില്ല എന്നത് സത്യം തന്നെയാണ്. ആത്മാർത്ഥതയോടുകൂടി എഴുതപ്പെട്ട ഒരു തിരക്കഥയും, അതിനും മുകളിലായി നിൽക്കുന്ന ഒരഭിനേതാവിന്റെ മികച്ച പ്രകടനവും കൂടിച്ചേരുമ്പോൾ തന്നെ ഒരസാധാരണ ചിത്രമായി മേരിക്കുട്ടിയെ കാണുന്നതിൽ തെറ്റില്ല.

സൊസൈറ്റി ഒരു വിഭാഗമാളുകളെ സമീപിക്കുന്ന രീതിയെ ശക്തമായ ഭാഷയിൽ സംവിധായകൻ ചോദ്യം ചെയ്യുന്നുണ്ട്‌. എന്നിരുന്നാലും സംവിധായകൻ പൂർണമായും സമൂഹത്തെ അടച്ചാക്ഷേപിക്കുന്നില്ല. പുതിയ കാര്യങ്ങൾ സമൂഹം ഏറ്റെടുക്കാൻ സമയമെടുക്കുമെന്ന പൊതുവായ കാര്യത്തെ അദ്ദേഹം തുറന്നുകാണിക്കുകയും, തന്മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരുവിഭാഗമാളുകളിലേയ്ക്ക്‌ ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. എന്നാൽ ഈ ചിത്രത്തിലൂടെ, ട്രാൻസ്‌ ജെൻഡേഴ്സിനെ എല്ലാവരും അംഗീകരിക്കുന്ന ഒരു സമയത്തിനായി കാത്തിരിക്കുവാനല്ല സംവിധായകൻ പ്രോത്സാഹിപ്പിക്കുന്നത്‌, മറിച്ച്‌ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി അവർ തന്നെ മുന്നിട്ടിറങ്ങിയാൽ അവരുടെ ഒപ്പം നിൽക്കാൻ പതിയെയാണെങ്കിലും ഈ സമൂഹവും കൂടെയുണ്ടാകും എന്ന് സ്ഥാപിക്കുവാൻ വേണ്ടിയാണ്‌.

എല്ലാത്തരത്തിലും നമ്മുടെ സമൂഹം മാറുന്നതിനോടൊപ്പം മാറ്റിനിർത്തപ്പെടുന്ന ഈ വിഭാഗത്തോടുള്ള സമീപനത്തിലും ചെറുതാണെങ്കിലും വളരെയധികം മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. സർക്കാരുകൾ ആണെങ്കിൽ പോലും ഇത്തരം ആളുകളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്. എങ്കിൽത്തന്നെയും അവരുടെ അവകാശങ്ങൾ എല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഒരു ചോദ്യം കൂടി ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. അവരെ ‘മറ്റൊരു തരക്കാരായി’ മാറ്റിനിർത്താതെ ആണിന്റെയും പെണ്ണിന്റെയും ഒപ്പം എല്ലാവിധ അവകാശങ്ങളോടും കൂടി ഒരുമിച്ചു നിർത്തുകയാണ് പക്വതയാർന്ന ഒരു സമൂഹം ചെയ്യേണ്ടത്. ഒരാളുടെ ലൈംഗികത അത് അയാളുടെ മാത്രമാണ്. മറ്റൊരാൾക്ക് അല്ലെങ്കിൽ ഒരു മതത്തിന് അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്ക് അതിൽ അഭിപ്രായം പറയുവാനോ അതിനെ ചോദ്യം ചെയ്യാനോ യാതൊരവകാശവും ഇല്ല. അത് വളരെ കൃത്യമായി പറഞ്ഞുകൊണ്ടുതന്നെ സംവിധായകൻ തന്റെ രാഷ്ട്രീയം ചിത്രത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

മേരിക്കുട്ടിയേപ്പോലെ ഒരാളുടെ പുരോഗമനം സ്വയം പര്യാപ്തതയിലൂന്നി വേണമെന്ന് ചിത്രം പലവുരു പറയുന്നുണ്ടെങ്കിലും മേരിക്കുട്ടിയുടെ സാമ്പത്തിക ഭദ്രത, കളക്ടറുടെ അസ്വാഭാവിക ഇടപെടൽ എന്നിവ, കഥാപാത്രത്തിന്റെ സ്വയം പര്യാപ്തതയെ ചോദ്യം ചെയ്യുന്നുണ്ട്‌. ഞാൻ ട്രാൻസ്‌ജെൻഡറല്ല, ട്രാൻസ് സെക്ഷ്വൽ ആണെന്ന് മേരിക്കുട്ടി ഓർമ്മപ്പെടുത്തുന്നതും നമ്മൾ ഓർത്തു വയ്ക്കേണ്ടതുമായ ഒന്നാണ്. ആണിന്റെയും പെണ്ണിന്റെയും ലോകത്തിനപ്പുറം വളരെ വിശാലമായൊരു കഴിവിന്റെ ലോകമിങ്ങനെ തുറന്ന് കിടക്കുമ്പോൾ സിനിമയിലെ മേരിക്കുട്ടി ഓരോ പടികൾ കയറി ആ ലോകത്തേക്ക് മുന്നേറുന്നത് പോലെ യഥാർത്ഥ ജീവിതത്തിലെ മേരിക്കുട്ടിമാർക്ക് മുന്നേറണമെങ്കിൽ നമ്മൾ കൂടി വിചാരിച്ചേ തീരൂ. സംവരണമല്ല ആണിന്റേയും പെണ്ണിന്റെയും ഒപ്പമല്ലാതെ ‘മനുഷ്യന്റെ’ ഒപ്പം തോളോട് തോൾ ചേർന്ന് നിൽക്കുവാനുള്ള അവസരങ്ങളാണ്‌ അവർക്ക് വേണ്ടത്.

വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭങ്ങളും സമരങ്ങളും നടക്കുന്ന ഈ കാലത്തും സ്വന്തം ലൈംഗികതയുടെ പേരിൽ മാത്രം ചോദ്യം ചെയ്യപ്പെടുന്ന ഒരു സമൂഹം നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ചോദ്യം ചെയ്യപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ്‌ മേരിക്കുട്ടി. അത്തരം ആളുകളെ ഒപ്പം നിറുത്തിയാൽ മാത്രമേ നമ്മൾ ജീവിക്കുന്ന ഈ സമൂഹത്തിൽ വലുതായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. നീതിനിഷേധങ്ങളും അവകാശലംഘനങ്ങളും വലിയ വാർത്തയാകുന്ന നാളുകളിൽ തന്റെ ലൈംഗികതയുടെ പേരിൽ മാത്രം എത്രപേർ മുഖ്യധാരയിലേക്ക് വരുന്നുണ്ട്? അല്ലെങ്കിൽ തന്റെ ലൈംഗികത തുറന്നുപറയാനുള്ള ധൈര്യം ഈ സമൂഹം എത്രപേർക്ക് നൽകുന്നുണ്ട്? ചോദ്യങ്ങൾ ഒരുപാടുണ്ട് പക്ഷേ ഉത്തരങ്ങളില്ല. നമ്മുടെ കൂടെത്തന്നെ ജീവിക്കേണ്ടവരായ ട്രാൻസ്ജെൻഡേഴ്സിന്റെ ഇന്നിന്റെ ശബ്ദമാണ് മേരിക്കുട്ടി. അത് കേൾക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് അല്ലെങ്കിൽ നമ്മൾ അറിയാതെ തന്നെ അവരോട് ചെയ്യുന്ന വലിയ തെറ്റാണ്.

തനിക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ജയസൂര്യ പ്രകടമാകുന്ന പാടവം ഈ ചിത്രത്തിലും തെറ്റാതെ തന്നെ മുന്നോട്ടു പോകുന്നു. ഒരു നടനെന്ന നിലയിൽ ജയസൂര്യയെ സംബന്ധിച്ചിടത്തോളം ഇന്നോളം ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ചലഞ്ചിംഗ്‌ ആയ വേഷമായിരുന്നു മാത്തുക്കുട്ടി/മേരിക്കുട്ടി. അഭിനന്ദിക്കാൻ വേറെ എന്തുണ്ടെങ്കിലും അതൊന്നും ജയസൂര്യക്ക് മുകളിൽ പോകുന്നില്ല എന്നത് തന്നെയാണ് ചിത്രത്തെ പറ്റി പറയുമ്പോൾ എടുത്തുപറയേണ്ട ഒരുകാര്യം. ആദ്യം മുതൽക്ക് തന്നെ ജയസൂര്യ എന്ന അഭിനേതാവിൽ നിന്നും പാടെ മാറി മുഴുവൻ സമയവും മേരിക്കുട്ടിയെ മാത്രമാണ് കാണാൻ കഴിയുന്നത്. അത്രമേൽ ഹൃദ്യമായി യാതൊരു വിധ ചേഷ്ടകളും ഗോഷ്ടികളോ കാണിക്കാതെ മുന്നിൽനിൽക്കുന്നത് മേരിക്കുട്ടി തന്നെയാണ് എന്ന നിലക്ക് ചിത്രത്തിലുടനീളം പെർഫോം ചെയ്യാൻ ജയസൂര്യയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ചാന്തുപൊട്ട് എന്ന ചിത്രത്തിൽ ദിലീപ്‌ അവതരിപ്പിച്ച സ്ത്രൈണതയുള്ള കഥാപാത്രത്തിന്റെ മാതൃകയെ പലപ്പോഴായി ട്രാൻസ്‌ ജെൻഡർ കഥാപാത്രങ്ങൾ അനുകരിക്കാൻ ശ്രമിക്കുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ഏറെ മുകളിൽ നിൽക്കുന്ന തരത്തിൽ ഒരു പ്രകടനം കാഴ്ച വച്ചതിൽ ജയസൂര്യയ്ക്ക് അഭിമാനിക്കാം.

രഞ്ജിത് ശങ്കറിന്റെ തന്നെ ചിത്രമായ ‘രാമന്റെ ഏദൻതോട്ട’ത്തിൽ മികച്ച അഭിനയം കാഴ്ചവച്ച നടനാണ് ജോജു ജോർജ്ജ്. ഈ ചിത്രത്തിലും അദ്ദേഹം കയ്യടി അർഹിക്കുന്നു. അദ്ദേഹം അവതരിപ്പിച്ച കുഞ്ഞിപ്പാലു എന്ന പോലീസ് കഥാപാത്രം ഒരു പരിധിവരെ നമ്മുടെ മലയാള സമൂഹത്തിൻറെ ഒരു നേർപകർപ്പാണ്‌. ട്രാൻസ്ജെൻഡേഴ്സുമായുള്ള ബന്ധത്തിൽ നമ്മുടെ സമൂഹത്തിൽ നിൽക്കുന്ന പരിഹാസവും പുച്ഛവും തന്നെയാണ് സംവിധായകൻ ജോജുവിന്റെ കഥാപാത്രത്തിലൂടെ വരച്ചു കാണിക്കുന്നത്. ഗ്രാമവാസികളായ ഒരുവിഭാഗമാളുകൾ കഥാപാത്രത്തെ നടുറോഡിൽ അപമാനിക്കുന്നതും മറ്റും ഒറ്റപ്പെട്ട ചില കാഴ്ചകളുടെ പുനരവതരണമായിരുന്നേക്കാം. അപമാനിക്കുന്നതിനു നേതൃത്വം നൽകിയത്‌ കാവിവസ്ത്രധാരിയായിരുന്നു എന്നത്‌ യാദൃശ്ചികമല്ലെങ്കിൽ, ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യങ്ങളുമായി അതിനെ ചേർത്തുവായിക്കേണ്ടതുണ്ട്‌.

അങ്ങിങ്ങായി വന്നുചേരുന്ന തമാശയ്ക്കുള്ള ശ്രമങ്ങൾ ചിത്രത്തിൽ കല്ലുകടിയായി നിലനിൽക്കുന്നു. നായകന്റെ ശരീരവർണ്ണനയുമായി ബന്ധപ്പെട്ടുള്ള സംഭാഷണരംഗങ്ങളിലെ ദ്വയാർത്ഥങ്ങൾ, ചിത്രം വഹിക്കുന്ന വിഷയത്തോടുള്ള ബന്ധത്തിൽ അനിവാര്യമായിരിക്കുന്നു. പലരും പറയുവാൻ മറന്നുപോയ, അല്ലെങ്കിൽ പറയാൻ മടിച്ച വിഷയങ്ങളെ ധീരതയോടെ അവതരിപ്പിച്ചു എന്നതിനാൽ രഞ്ജിത്‌ ശങ്കർ കയ്യടി അർഹിക്കുന്നു. മിഥ്യാധാരണകൾ പതിയെ പൊതുസമൂഹത്തിൽ നിന്നും മാറി വളരെ ലിബറലായ ചിന്താഗതികൾക്ക് പ്രാധാന്യം കൊടുക്കേണ്ടുന്ന ഇതേസമയത്ത് മേരിക്കുട്ടിയെ പോലുള്ള ചിത്രങ്ങൾ നമ്മുടെ സമൂഹത്തിന് തന്നെ അത്യന്താപേക്ഷികമാണ്.

ശിവജി ഗുരുവായൂരിന്റെ പ്രകടനങ്ങൾ മികച്ചു നിൽക്കുമ്പോഴും ‘ചാന്തുപൊട്ടി’ലെ അമ്മവേഷം കൈകാര്യം ചെയ്ത ശോഭ മോഹൻ തന്നെ ‘മേരിക്കുട്ടി’യുടെ അമ്മയായെത്തുന്നത്‌ യാദൃശ്ചികം എന്ന് വിശ്വസിക്കുക കഷ്ടം തന്നെ. ആനന്ദ്‌ മധുസുദനന്റെ ശരാശരി ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തോടൊപ്പം ചേർന്നു, വിഷ്ണുനാരായണന്റെ ഛായാഗ്രഹണവും മികവുപുലർത്തുന്നു.

കേവലമൊരു സിനിമയെന്നതിലുപരി, വരും തലമുറയ്ക്കുള്ള ഒരു മാതൃക കൂടിയാണ്‌ ‘ഞാൻ മേരിക്കുട്ടി.’ സാമൂഹികമായി എല്ലാ മാധ്യമങ്ങളും പ്രേക്ഷകനെ ചിലതെല്ലാം പറഞ്ഞുമനസ്സിലാക്കുവാൻ ശ്രമിക്കാറുണ്ട്‌. എന്നാൽ കൊമേഴ്സ്യൽ സ്പേസിൽ മെയിൻ സ്ട്രീം സിനിമയുടെ ഭാഷയും നിലപാടുകളാണ്‌ എല്ലായ്പോഴും പൊതു പ്രേക്ഷകനെ സ്വാധീനിക്കാറുള്ളത്‌. അഥവാ ഇത്തരം സിനിമകൾക്ക്‌ മറ്റേതൊരു മാധ്യമത്തേക്കാളും പ്രേക്ഷകരുമായി എളുപ്പത്തിൽ സംവദിക്കുവാൻ സാധിക്കുന്നു. ഇവിടെയാണ്‌ രഞ്ജിത്‌ ശങ്കർ നടത്തിയ ശ്രമം മൂല്യമുള്ളതാവുന്നത്‌. പൊതുജനങ്ങളുടെമേൽ ഇത്രത്തോളം സ്വാധീനമുള്ള മെയിൻ സ്ട്രീം സിനിമയെത്തന്നെ വാണിജ്യ താത്പര്യങ്ങളേക്കാളുപരി അതിപ്രാധാന്യമുള്ള ഒരു വിഷയം പ്രതിപാദിക്കുന്നതിനായി വിനിയോഗിച്ചു എന്നതിൽ സംവിധായകനും തിരക്കഥാകൃത്തും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.

3/5

മാറ്റമില്ലാതെ മമ്മൂട്ടി, വൈകല്യമുള്ള സന്തതികൾ

‘മലയാളിയുടെ വൈകാരിക ഋതുഭേതങ്ങളുടെ ഭാവപൂർണ്ണിമ.’ -ഏതാനും വർഷങ്ങൾക്ക്‌ മുൻപ്‌ അപ്രത്യക്ഷനായ മമ്മൂട്ടി എന്ന നടനവിസ്മയത്തെ ഇപ്രകാരം വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇപ്പോഴോ? മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം കേവലമൊരു തിരിച്ചുവരവ്‌ മാത്രമല്ല ആവശ്യമായിരിക്കുന്നത്‌. ഒരു വലിയ വിജയം തന്നെ അദ്ദേഹത്തിന്‌ തന്റെ കരിയറിൽ ആവശ്യമാണ്‌. മമ്മൂട്ടി എന്ന നടന്റേതായി എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യമായ ചിത്രങ്ങളിറങ്ങിയിട്ട്‌ ഏഴുവർഷങ്ങളായി. പുതിയ സംവിധായകരോടുള്ള അമിതമായ താത്പര്യവും, അനുചിതമായ തിരക്കഥാ തിരഞ്ഞെടുപ്പുകളും, ഈ നടനെ കുടുംബപ്രേക്ഷകർ കൈയ്യൊഴിയുവാനിടയാക്കി.

സ്ട്രീറ്റ്‌ ലൈറ്റ്‌, പരോൾ, അങ്കിൾ തുടങ്ങിയ കനത്ത പരാജയങ്ങൾക്ക്‌ ശേഷം മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയുടെ ശക്തമായ ഒരു പൊലീസ് കഥാപാത്രത്തിനായി ഉറ്റുനോക്കിയിരിക്കുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷാനിർഭരമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ.’ ധാരാളം പരിമിതികളുണ്ടായിരുന്നെങ്കിലും, അവതരണ നിലവാരത്താൽ പ്രേക്ഷകർക്ക്‌ ഒരു പരിധിവരെ ഇഷ്ടപ്പെടുകയും വാണിജ്യവിജയം കരസ്ഥമാക്കുകയും ചെയ്ത ‘ദി ഗ്രേറ്റ്‌ ഫാദർ’ എന്ന ചിത്രത്തിനുശേഷം ഹനീഫ്‌ അദേനി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ്‌ ‘അബ്രഹാമിന്റെ സന്തതികൾ.’ രഞ്ജിത്ത്, ഷാജി കൈലാസ് എന്നിവരോടൊപ്പം സംവിധാനമേഖലയിൽ പ്രവൃത്തിപരിചയമുള്ള ഷാജി പാടൂരാണ് ‘അബ്രഹാമിന്റെ സന്തതികൾ’ ഒരുക്കുന്നത്‌.. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ട്രൈലറുകളും അതുവരെയുണ്ടായിരുന്ന പ്രതീക്ഷകളെ പിന്നോട്ടുവലിച്ചു.

വിചിത്രസ്വഭാവമുള്ള മൂന്നു കൊലപാതകങ്ങളിൽ നിന്നുമാണ്‌ ചിത്രം ആരംഭിക്കുന്നത്. സമാനമായ സംഭവങ്ങളിലായി അതുവരെ കൊല്ലപ്പെട്ടത്‌ ആറുപേർ. ഘാതകൻ നൽകുന്ന സൂചനകൾ പ്രകാരം അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്‌ 10 പേരാണ്‌. മറ്റുള്ളവരെ രക്ഷിക്കുവാനായി ഡെറിക്‌ എബ്രഹാം എന്ന സമർത്ഥനായ പൊലീസ്‌ കമ്മീഷണർ വന്നെത്തുന്നു. ഉദ്വേഗം നിറഞ്ഞ ഏതാനും സംഭവങ്ങളിലൂടെ ഡെറിക്‌ ഘാതകനിലേയ്ക്ക്‌ എത്തപ്പെടുന്നു

ആദ്യാവസാനം ഒരേവേഗതയിൽ സഞ്ചരിക്കുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുവാനാണ്‌ സംവിധായകൻ ശ്രമിച്ചത്‌. മലയാളത്തിലും മറ്റ്‌ ഭാഷകളിലും കാലങ്ങളായി നാമോരോരുത്തരും കണ്ടുമറന്ന പൊലീസ്‌ കഥ തന്നെയാണ്‌ ഇവിടെയും. ജീവിതപക്വതയിലേയ്ക്ക്‌ കടക്കുന്ന പൊലീസ്‌ ഓഫീസർ, സത്യസന്ധമായി ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടയിൽ സംഭവിക്കുന്ന കുടുംബപരമായ നഷ്ടങ്ങൾ, വൈകാരികതയും ജീവിതവും തമ്മിലുള്ള പോരാട്ടത്തിനിടയിൽ സംഭവിക്കുന്ന അസന്തുലിതാവസ്ഥ അതിനിടയിൽ ഏറ്റെടുക്കുന്ന ചുമതലകൾ ഇവയെല്ലാം എത്രയോ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നു! അതിൽ നിന്നും ഈ ചിത്രവും തെല്ലും വ്യത്യസ്തത പുലർത്തുന്നില്ല.

ആദ്യഭാഗങ്ങളിൽ ഒരു ത്രില്ലർ മൂഡ്‌ കൈവന്നെങ്കിലും പിന്നീടുള്ള സിനിമയുടെ പോക്കിൽ താളം തെറ്റിയിരുന്നു. സസ്പെൻസ് ത്രില്ലറിൽനിന്ന് ഇമോഷനൽ ത്രില്ലറിലേക്കുള്ള പ്രയാണം ചിലയവസരങ്ങളിൽ പ്രേക്ഷകന്‌ ബുദ്ധിമുട്ടായിത്തീരുന്നുണ്ട്‌. കണ്ടുമറന്ന സീരിയൽ കില്ലറിന്റെ പിന്നാലെ പായുന്ന ധീരനായ പൊലീസ്‌ ഉദ്യോഗസ്ഥന്റെ പഴഞ്ചൻ കഥയിലേയ്ക്ക്‌ കൂട്ടിച്ചേർക്കപ്പെടുന്ന ഉപകഥ തന്നെ താളപ്പിഴയോടുകൂടിയതായിരുന്നു. പതിയെ പറഞ്ഞുപോകുന്ന ചിത്രത്തിൽ കുടുംബബന്ധവും, വൈകാരികതയും സൗഹൃദവും ചതിയുമെല്ലാം ഉൾപ്പെട്ടിരിക്കുന്നു. ആദ്യപകുതിയിലെ കണ്ടുശീലിച്ച കാഴ്ചകൾക്കൊടുവിൽ ഇടവേള അൽപം പ്രതീക്ഷകൾ നൽകി. രണ്ടാം പകുതിയ്ക്ക്‌ വേണ്ടത്ര ഊർജ്ജം ലഭ്യമായിരുന്നില്ല. ക്ലൈമാക്സ്‌ രംഗങ്ങൾ മുൻപ്‌ പറയാൻ മറന്നുവച്ചെന്ന് തോന്നിയ രംഗങ്ങൾക്ക്‌ മറുപടി നൽകുന്നുണ്ടെങ്കിലും അത്രമേൽ ന്യായയുക്തമല്ല എന്നത്‌ പോരായ്കയാണ്‌.

വേദനയും ദുഃഖവും വിജയപരാജയങ്ങളും ഏറ്റുവാങ്ങിയ ഡെറിക് എബ്രഹാം എന്ന പൊലീസ് കമ്മീഷണറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. പ്രായത്തെ അവഗണിച്ചുകൊണ്ട്‌, ചുറുചുറുക്കോടെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി ആരാധകർക്ക്‌ ആവേശം പകർന്നു. ജാക്കറ്റ്‌, കൂളിംഗ്‌ ഗ്ലാസ്‌, പജേറോ, വിന്റേജ്‌ കാർ, തോക്ക്‌, സ്ലോമോഷൻ എന്നിവ വിട്ട്‌ ഇത്തവണയും മമ്മൂട്ടി ഒരു മാറ്റത്തിന്‌ തയ്യാറാവുന്നില്ല. ഒരു മമ്മൂട്ടി ഷോ എന്ന നിലയിൽ ആരാധകതൃപ്തിക്കായുള്ള ഏതാനും ഘടകങ്ങൾ ചിത്രത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്‌. ക്ലൈമാക്സിലെ ചില വിശദീകരണങ്ങളും ഷാർപ്പ് ഷൂട്ടിംഗും കഥാപാത്രങ്ങൾ തമ്മിലുള്ള കഴിവു തെളിയിക്കലുകളും പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്നു. ആദ്യപകുതിയിൽത്തന്നെ പ്രതീക്ഷിക്കാവുന്ന കഥാസന്ദർഭങ്ങൾ മുഴച്ചുനിന്നു. നായകനും അനുജനും ഉൾപ്പെട്ട രംഗങ്ങളും, നായകനുമായി ബന്ധപ്പെട്ട വൈകാരിക സ്വാധീനങ്ങളും തികച്ചും അപക്വമായി അനുഭവപ്പെട്ടു. സിനിമയിലെ സംഭാഷണരംഗങ്ങൾ പലപ്പോഴും ബാലിശതയിലേയ്ക്ക്‌ നീങ്ങുന്നുണ്ട്‌. പക്വതയുള്ള പൊലീസ്‌ ഓഫീസറായി വീക്ഷിക്കപ്പെടുന്ന ഡെറിക്‌ എബ്രഹാം മിക്കപ്പോഴും പ്രായത്തിനു ചേരാത്ത ഡയലോഗുകളാണ്‌ പുറത്തുവിടുന്നത്‌. ആരാധകരുടെ ആവേശം മാത്രമേ ഇത്തരം സംഭാഷണങ്ങൾ ലക്ഷ്യം വച്ചുള്ളൂ എന്ന് വ്യക്തം.

വീണ്ടുവിചാരമില്ലാത്ത സീനിയർ പൊലീസ്‌ ഉദ്യോഗസ്ഥർ, കൂട്ടത്തിൽ നിന്ന് അനവസരത്തിൽ ‘ചളിയടിക്കാൻ’ വേണ്ടി മാത്രമായി മറ്റൊരു പൊലീസുകാരൻ, ഉന്നമില്ലാത്ത തോക്കുകളുമായി വില്ലന്മാർ, ഗോഡൗൺ സംഘട്ടനങ്ങൾ ഇവയെല്ലാം വീണ്ടും ആവർത്തിക്കപ്പെടുന്നു. നായകനെ കൂടാതെയുള്ള പൊലീസ്‌ കഥാപാത്രങ്ങൾ, പ്രതിയോഗികൾ എന്നിവർ സമയാസമയങ്ങളിൽ ശൗര്യം കൂടിയും കുറഞ്ഞുമിരുന്നു. നായകന്‌ ഹീറോയിസം കാണിക്കുവാനും സസ്പെൻസ്‌ ഘടകങ്ങൾ വർക്കൗട്ട്‌ ആകുവാനും വേണ്ടി സ്വയം വിഡ്ഢിവേഷം കെട്ടുന്നുമുണ്ട്‌. സിദ്ദീഖ്, രഞ്ജി പണിക്കര്‍, എന്നിവരുടെ കഥാപാത്രങ്ങൾക്ക്‌ പ്രത്യേകിച്ചൊന്നും തന്നെ ചെയ്യുവാനില്ല. മമ്മൂട്ടിയുടെ സമീപകാല പരാജയചിത്രങ്ങളിലെ അവിഭാജ്യഘടകമായ സോഹൻ സീനുലാൽ കോമഡി എന്ന പേരിലുള്ള വിഡ്ഢിത്തങ്ങളുമായി പൊലീസ്‌ ഓഫീസർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌. കൊലപാതകിയുടെ സ്വഭാവവിശേഷതകളും അത്‌ നായകൻ കണ്ടെത്തുന്ന വൈഭവവും കേവലം കാഴ്ച മാത്രമായൊതുങ്ങി. ബൈബിളുമായുള്ള ഘാതകന്റെ ബന്ധം, നിരീശ്വരവാദത്തിനെതിരെ നിലകൊള്ളുന്ന കഥാപാത്രത്തിന്റെ വിശദാംശങ്ങൾ എന്നിവയ്ക്ക്‌ വ്യക്തവും, റീസണബിൾ ആയതുമായ വിശദീകരണങ്ങൾ നൽകുവാൻ സംവിധായകനു കഴിയാതെപോകുന്നു.

നായകന്റെ സ്തുതിപാടകരായ സഹജീവനക്കാർ, നായകനെ വിവാഹം ചെയ്യുവാൻ കഴിയാത്തതിൽ ഖേദിക്കുന്ന സ്ത്രീകഥാപാത്രം എന്നിങ്ങനെ അനുചിതവും അസ്വാഭാവികവുമായ ചില കാഴ്ചകൾക്കും ചിത്രം വേദിയാവുന്നുണ്ട്‌. കനിഹയുടെ കഥാപാത്രത്തിനു നൽകിയ അനാവശ്യ പരിഗണനയും ക്ലൈമാക്സിലേയ്ക്ക്‌ എത്തിച്ചേരുന്ന വിധങ്ങളും വളരെ ബോറൻ കാഴ്ചകളുടെ ഭാഗമായിരുന്നു. ചിത്രത്തിന്റെ സാങ്കേതികവശങ്ങൾ ഒരുൻപരിധിവരെ തൃപ്തികരമാണ്‌. ആക്ഷൻ സീനുകൾ അത്ര മികച്ചതല്ല. ‘ദി ഗ്രേറ്റ്‌ ഫാദറി’ലെ ഏറ്റവും ബോറൻ രംഗമായിരുന്ന ക്ലൈമാക്സ്‌ സംഘട്ടനം പോലെ ‘കത്തി’ രംഗങ്ങൾ ഈ ചിത്രത്തിൽ ഇല്ലായിരുന്നു എന്നത്‌ ആശ്വാസകരമാണ്‌. വിദേശ നടന്മാരെ സിനിമയിൽ ഉൾപ്പെടുത്തിയെങ്കിലും, നായകനുൾപ്പെട്ട ആക്ഷൻ രംഗങ്ങൾക്കുപകരമായി ഏവരും നിർവ്വീര്യമായിപ്പോയി.

മലയാളത്തിലെ മുൻനിര ഛായാഗ്രഹകരിൽ ഒരാളായ ആൽബിയാണ്‌ ചിത്രത്തിനായി മികച്ച ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്‌. നായകന്റെ ഇൻട്രൊഡക്ഷൻ രംഗവും ഗാനരംഗങ്ങളും ഛായാഗ്രഹകന്റെ കരവിരുത്‌ ഘോഷിക്കുന്നു. ഗ്രേറ്റ്‌ ഫാദർ സിനിമയുടെ ആകർഷകഘടങ്ങളിൽ ഒന്നായിരുന്നു സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതമെങ്കിൽ ‘അബ്രഹാമിന്റെ സന്തതികൾ’ക്കായി ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തലസംഗീതം അസഹ്യമായിരുന്നു. ഷെറിൻ ഫ്രാൻസിസ്‌, ഗോപി സുന്ദർ എന്നിവരായിരുന്നു ഗാനങ്ങളൊരുക്കിയത്‌. അനാവശ്യമായി തിരുകിക്കയറ്റിയ ഗാനങ്ങൾ മോശമായിരുന്നു. ടേക്കോഫിലൂടെ സംവിധായകന്റെ മേലങ്കിയണിഞ്ഞ മഹേഷ്‌ നാരായണന്റെ കഴിവുകൾ ഇത്തവണ എഡിറ്റിംഗിൽ പ്രകടമായിരുന്നില്ല.

മലയാളി പ്രേക്ഷകർ മലയാളവും ഇന്ത്യൻ ഭാഷയും കടന്ന് ലോകസിനിമകളെ വരെ ആസ്വദിക്കുകയും ഇഴകീറി പരിശോധിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ഒരു തികവുറ്റ ത്രില്ലർ ആയിത്തീരുവാൻ അബ്രഹാമിന്റെ സന്തതികൾക്ക്‌ സാധിക്കാതെവരുന്നുണ്ട്‌. യുക്തിബോധമുള്ള പൊതു പ്രേക്ഷകനെ പാടേ അവഗണിച്ചുകൊണ്ട്‌, സൂപ്പർ താരത്തിന്റെ വേഷവിധാനങ്ങൾ, ചലനങ്ങൾ, സ്ലോ മോഷനുകൾ എന്നിവയിൽ തൃപ്തിപ്പെടുന്ന ഫാൻസ്‌ വിഭാഗത്തിന്റെ തൃപ്തിയ്ക്കുവേണ്ടി മാത്രമായി ഒരുക്കിയ ഒരു ശരാശരിയിലും താഴെയുള്ള ഒരു ചിത്രം മാത്രമാണ്‌ അബ്രഹാമിന്റെ സന്തതികൾ.

Rating: 1.5/5

തലൈവന്റെ തലൈവരായി സംവിധായകൻ

പ്രതീക്ഷയുടെ ഒരു നായകൻ

നവതലമുറ തമിഴ് ഐഡന്റിറ്റിയുടെ, അവ അനുഭവിക്കുന്ന അത്യന്തം വ്യത്യസ്തമായ ക്രൈസിസുകളുടെ പോസ്റ്റർ ബോയ് ആണ് തന്റെ നാലാമത് ചിത്രവുമായി എത്തുന്ന പാ.രഞ്ജിത്ത് എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. ഓൺസ്‌ക്രീനിലും ഓഫ്‌സ്ക്രീനിലും, താൻ പതിഞ്ഞുകിടക്കുന്ന ഓരോ വിഷയത്തിലും എലമെന്റുകളിലും താൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിന്റെ, തമിഴ് ആകുലതയുടെ, പ്രതിസന്ധിയുടെ അടയാളങ്ങൾ ചേർത്തുകെട്ടുവാൻ കഴിഞ്ഞ ഒരു സംവിധായകനാണ് രഞ്ജിത്ത്. ജാതി, മണ്ണ്, ലൈംഗികത (Ladies & Gentlewomen എന്ന തമിഴ് ലെസ്ബിയൻ ഡോക്യുമെന്ററി നിർമ്മിച്ചത്), അധികാരം, നിലനിൽപ്പ് തുടങ്ങി വലിയൊരു സ്പാനിലുള്ള വിഷയങ്ങളെയാണ് രഞ്ജിത്ത് തന്റെ ചിത്രങ്ങളിലൂടെയും അല്ലാതെയും അഡ്രസ്സ് ചെയ്തിട്ടുള്ളത്. ആട്ടക്കത്തിയിൽ തുടങ്ങി മദ്രാസിൽ വരെ താൻ മുൻപോട്ടുവയ്ക്കുന്ന വിഷയഗൗരവത്തെ തമിഴ് സിനിമാറ്റിക് നേച്ചർ ആയ ‘ലൗഡ്‌നെസ്സ്’ലൂടെത്തന്നെ അവതരിപ്പിച്ച രഞ്ജിത്ത് കബാലിയിലൂടെ മലേഷ്യയിലെ തമിഴ് ഡയസ്പോറിയയെയും വരച്ചുകാട്ടി.

തമിഴ് സിനിമാറ്റിക് ഫോർമുലകളുടെയും കഥാപാത്രരൂപീകരണങ്ങളുടെയും കോൺഫ്ലിക്റ്റുകൾ, പ്രേത്യേകിച് സ്ത്രീകഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലും സമീപിക്കുന്നതിലും കബാലിയിൽ പ്രകടമാണെങ്കിലും, ആത്യന്തികമായി ചിത്രം മുന്നോട്ട്‌ വയ്ക്കുന്നത് മലേഷ്യൻ നാഗരികതയിൽ, അതിന്റെ Urban millieu-ൽ ജീവിക്കുന്ന തമിഴ് വിഭാഗത്തെയാണ്. രഞ്ജിത്തിന്റെ പ്രൈമറി മോട്ടീവും തമിഴ് ഐഡന്റിറ്റിയെ, ദേശാതിരുകൾക്കുമപ്പുറം തുറന്നുകാണിക്കുക എന്നതു തന്നെയാണ്. കാല ജനിക്കുന്നതും കബാലി പറയാതെ പറഞ്ഞുവന്ന ആ ബിന്ദുവിൽ നിന്നാണ്.

മഹാരാഷ്ട്രയിലെ തമിഴ്നാടാണ് ധാരവി. തമിഴ് ജനത ഏറ്റവും കൂടുതൽ ജനസംഖ്യ കയ്യാളുന്ന മഹാരാഷ്ട്രയിലെ ഈ ചേരിക്ക് തമിഴ് സ്വത്വത്തിന്റെ കഥ പറയുവാൻ ദശകങ്ങൾ പിന്നോട്ടുപോവണം. നാഗരികത സമൃദ്ധിയോട് ഉപമിക്കപ്പെട്ടിരുന്ന കാലത്തിന്റെ ഇല്ല്യൂഷനിൽ തമിഴ് ഗ്രാമങ്ങളിൽ നിന്ന് നിരവധിയാണ് ധാരാവിയിലെ ഇടുങ്ങിയ തെരുവുകളിലേക്ക് വന്നെത്തിയവർ. സമൃദ്ധിയ്‌ക്ക് പകരം, അന്നന്നത്തെ ജീവിതചലനത്തിന് പകരം, തന്റെ സ്വത്വം തന്നെ പണയം നൽകി ആരുമല്ലാതായിത്തീർന്ന ധാരാവിയിലെ തമിഴ് ജനതയ്ക്ക് ഉയർത്തിപ്പിടിക്കുവാൻ കറുപ്പ് കലർന്ന രോഷവും നിസ്സഹായാവസ്ഥയും മാത്രമേ ഉണ്ടായിരുന്നുള്ളു. കാല എന്ന രഞ്ജിത്ത് ചിത്രം ജനിക്കുന്നത് ഇവിടെയാണ്, രോഷവും നിസ്സഹായാവസ്ഥയും കൂടിച്ചേർന്ന് പ്രതീക്ഷയുടെ ഒരു നായകൻ അവരിൽ നിന്നുതന്നെ, അവരുടെ നിറത്തിൽ തന്നെ ജനിക്കുമ്പോൾ.

ധാരാവി എന്ന ചേരി ‘ശുദ്ധീകരിക്കുവാൻ’ ശ്രമിക്കുന്ന ഹരിദാദ എന്ന രാഷ്ട്രീയക്കാരന്റെയും, എന്നാൽ തങ്ങളുടെ ‘നിലം’ സംരക്ഷിക്കുവാനായി നിൽക്കുന്ന കരികാലന്റെയും കഥയാണ് കാലാ. ഒരുപക്ഷേ ഇന്ത്യൻ അധോലോകസിനിമാ കോൺടെക്സ്റ്റിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട പശ്ചാത്തലത്തിലുള്ള ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് സംവിധായകന്റെ സമീപനം മാത്രമാണ്. കാലാ നായകനിൽ നിന്നും ‘മക്കളിലേക്ക്’ നോക്കുന്ന, ഉയരത്തിലുള്ള കാഴ്ചയല്ല പ്രധാനം ചെയ്യുന്നത്. പകരം അവർക്കിടയിൽ വളരെ ഡൌൺ-ടു-ഏർത്ത് ആയ നായകനെയാണ് പ്ലേസ് ചെയ്യുന്നത്. നായകൻ-വില്ലൻ ഇമേജറിയിൽ തന്നെ, വെളുപ്പും കറുപ്പും നിറങ്ങൾ ഉപയോഗിച്ചുകൊണ്ട് മുഴുവൻ സിനിമയെ തന്നെ വിശദീകരിക്കുവാൻ, രാഷ്ട്രീയമായ മാനം അവതരിപ്പിക്കുവാൻ സംവിധായകന് ആയാസമേതുമില്ലാതെ കഴിയുന്നുണ്ട്‌. ‘കറുപ്പിന്റെ’, ആ നിറം വഹിക്കുന്ന ജനതയുടെ ഉയരവും താഴ്ചയും ശബ്ദവും ഒക്കെ ചിത്രത്തിനാകമാനം ഒരു താളം നൽകുന്നുണ്ട്.

എന്നാൽ കാലാ ഒരിക്കലും ഒരു സമ്പൂർണ്ണ രാഷ്ട്രീയ ചിത്രമായും ലേബൽ ചെയ്യുവാൻ കഴിയാത്ത ഒന്നാണ്‌. മേൽപ്പറഞ്ഞ എലമെന്റുകൾ കൃത്യമായി സന്നിവേശിപ്പിച്ച ഒരു പക്കാ കൊമേർഷ്യൽ ചിത്രമായിത്തന്നെയാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. എന്നിരുന്നാലും കഥപറച്ചിലിൽ രഞ്ജിത്ത് പതിവ് സിനിമകളേക്കാൾ ഒരടി മുന്നോട്ടുപോകുന്നുണ്ട്. കഥയവതരിപ്പിക്കുവാൻ രാമരാവണ കഥയെ കൃത്യമായി മെറ്റഫർ ആയി ഉപയോഗിക്കുന്നുണ്ട് രഞ്ജിത്ത്. രാമരാജ്യം എന്ന അലയൊലികൾ കേൾക്കുന്ന കാലത്തിൽ രഞ്ജിത്ത് ഇതിനുമുതിരുന്നു എന്നത് തന്നെ പ്രശംസനീയമാണ്. സമകാലത്തിൽനിന്നും വേർതിരിഞ്ഞുനിൽക്കുന്ന ഒരു ഹീറോയിക്-ഡീഡ് കാഴ്ചബഗ്ലാവ് ആവാതിരിക്കാൻ സംവിധായകന്റെ ശ്രമം ചിത്രത്തിലുടനീളം പ്രകടമാണ്. ‘സ്വച്ഛത’ എന്ന വാക്കിനുപോലും പലതിനെയും വഹിക്കേണ്ടുന്ന രാഷ്ട്രീയസാഹചര്യത്തിൽ ധാരാവിയെ ഒരു മെറ്റഫർ ആയി സ്വീകരിക്കുവാനും രഞ്ജിത്തിന് കഴിയുന്നുണ്ട്. എന്നാൽ കാലാ ഒരു സൊലൂഷ്യൻ പ്രൊപ്പഗേറ്റ് ചെയ്യുന്ന സിനിമയല്ല, നമ്മുടെ ജനതയുടെ വാതിൽക്കലുള്ള കടന്നുകയറ്റത്തെ വിളിച്ചുപറയാനുമല്ല രഞ്ജിത്ത് ശ്രമിക്കുന്നത്, മറിച്ചൊരു ഉട്ടോപ്യയുടെ ഉദയം കൊമേർഷ്യൽ സിനിമയുടെ ഫ്രെയിമിനുള്ളിൽ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി അവതരിപ്പിക്കുവാനാണ്‌. അതിൽ അദ്ദേഹം പൂർണ്ണമായും വിജയിക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് പരിപൂർണ്ണമായി കൺവിൻസിങ്ങ് ആയ ചിത്രത്തിന്റെ ക്ലൈമാക്സ്. ‘മക്കൾ വ്യാകുലത’യുടെ, ആ ഫാന്റസിയുടെ ഏറ്റവും മനോഹരമായ ആവിഷ്ക്കാരമാണ് ചിത്രത്തിന്റെ അവസാനഭാഗത്തിൽ ഉള്ളത്. ഒപ്പം കുറിക്കുകൊള്ളുന്ന, സമകാലീന രാഷ്ട്രീയത്തിന് നേരെ തൊടുത്തുവിടുന്ന സംഭാഷണങ്ങളും കൂടിയാകുമ്പോൾ രഞ്ജിത്ത് തന്റെ പർപ്പസ് പൂർണ്ണമാക്കുന്നുണ്ട്.

കാലാകാലങ്ങളായി കണ്ടുവരുന്ന രജനിയും ഉപഗ്രഹങ്ങളിൽ നിന്നും കാലായിൽ ആശ്വസിക്കാവുന്ന മാറ്റമുണ്ടെന്ന് പറയാതെ വയ്യ. രജനി പതിവുപോലെ ഷോമാൻ ആയി തുടരുന്നു. എന്നാൽ കഥാപാത്രത്തിനപ്പുറത്തേക്ക് വളരുന്ന രജനിയെന്ന വ്യക്തിപ്രഭാവത്തെ സംവിധായകൻ മെരുക്കിയെടുക്കുന്നുണ്ട്. കാലായെ വേണ്ടിടത് കരയിക്കുവാനും കത്തിക്കയറുവാനും അനുവദിക്കുന്നതിവിടെ താരത്തെക്കാൾ സംവിധായകൻ ആണ്. ഒരു രജനി ഷോയിൽ നിന്നും മുക്തമാക്കി മറ്റുള്ള കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന ഐഡന്റിറ്റി ഇതിൽ പ്രധാനമാണ്. രജനിയുടെ ഭാര്യവേഷം ചെയ്ത ഈശ്വരി റാവു, അഞ്ജലി പട്ടീലിന്റെ കഥാപാത്രം തുടങ്ങി ചിത്രത്തിലെ പെൺകഥാപാത്രങ്ങൾ എല്ലാം മികച്ചവയാണെന്ന് പറയാതെവയ്യ. വലുപ്പച്ചെറുപ്പങ്ങളെക്കാൾ പെൺകഥാപാത്രങ്ങളെ സമീപിക്കുന്നതിൽ രഞ്ജിത്ത് പ്രകടമാക്കുന്ന വ്യത്യസ്തത അടയാളപ്പെടുത്തേണ്ടതാണ്. ഹുമ ഖുറേഷി എന്ന മിസ്കാസ്റ്റ് ഒഴിച്ചാൽ ബാക്കിയുള്ള കാസ്റ്റിങ് ചിത്രത്തിനെ താങ്ങിനിർത്തുന്നത് പ്രധാനമാണ്. പ്രതിനായകനായി വേഷമിട്ട നാനാ പടേക്കർ-രജനി കോംബോ ചിത്രത്തിന് മറ്റൊരു ഡയമെൻഷനാണ് നൽകുന്നത്.

മദ്രാസിലും കബാലിയിലും ആവർത്തിച്ചതുപോലെതന്നെ സംഗീതത്തിൽ സന്തോഷ് നാരായണനും ഛായാഗ്രാഹണത്തിൽ മുരളിയും യഥാസ്ഥാനത്തു തുടരുന്നു. ഇവർ തന്നെയാണ് ചിത്രത്തിന്റെ നാഡീഞരമ്പുകൾ. മക്കൾ ആങ്സ്റ്റിനോട് ഏറ്റവും കൂടുതൽ അടുത്തുനിൽക്കുന്ന ഹിപ്-ഹോപ് റിഥം ചിത്രത്തിൽ ഉടനീളമുണ്ട്. അവയ്ക്കൊപ്പം മുരളിയുടെ ധാരാവി മുഴുവനായി കവർ ചെയ്യുന്ന ക്യാമറയും ചിത്രത്തിന്റെ സ്ക്കോപ്പിനെ സെറ്റ് ചെയ്യുന്നുണ്ട്.

കാലാ നല്ലതും ചീത്തയും എന്ന് വിധിയെഴുതാവുന്ന, ജനറലൈസ് ചെയ്യാൻ കഴിയുന്ന ചിത്രമായി തോന്നിയിട്ടില്ല. സിനിമ സംവിധായകന്റെ കലയാണെങ്കിൽ രഞ്ജിത്തിന്റെ മോട്ടീവ് ചിത്രത്തിൽ പൂർണ്ണമാവുന്നുണ്ട്. എന്നാൽ ഏതൊരു രജനിച്ചിത്രത്തേയും പോലെ സമീപിക്കുന്നതാണെങ്കിൽ ആസ്വാദനവും വിധിയെഴുത്തും വ്യക്തിപരമെന്നേ പറയാനാവുകയുള്ളു.

Rating: 3/5

ഏതാ നിങ്ങളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌..?? “ഞങ്ങൾക്കെല്ലാം ഒറ്റ ഗ്രൂപ്പേയുള്ളൂ ലാലേട്ടൻ.”

മോഹൻലാൽ – ഫാൻസിനു പോലും നാണക്കേട്‌.

★☆☆☆☆

മോഹൻലാൽ ഒരു മലയാളിക്ക്‌ എന്തെല്ലാമാണ്‌? കാലാതിവർത്തിയായ അഭിനയമുഹൂർത്തങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളെ കീഴടക്കിയ നടനാണ്‌ മോഹൻലാൽ. ഒരു നടൻ എന്നതിനേക്കാൾ, അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വലിയൊരു കൂട്ടം ജനങ്ങളുണ്ട്‌. ഇവരുടെ ഈ താരാരാധന ആദ്യദിവസങ്ങളിൽ തിയെറ്ററിലെത്തുന്ന പ്രേക്ഷകരിൽ നിന്ന് മനസ്സിലാക്കാം. കൈയ്യടികളും ആർപ്പുവിളികളുമായി ഇഷ്ടനടനെ വരവേൽക്കുകയും സിനിമയുടെ വിജയത്തിനായി പ്രചരണം നടത്തുകയും ചെയ്യുന്ന വലിയൊരുവിഭാഗം ആളുകൾ. അക്കൂട്ടത്തിൽ ബാല്യം വിട്ടുമാറാത്തവർ മുതൽ വാർദ്ധ്യക്യത്തിലുള്ളവരുമുണ്ട്‌ എന്നത്‌ മറ്റൊരു സത്യം. കുട്ടിക്കാലം മുതൽ തങ്ങളുടെ മനസ്സിനെ ഏറെ സ്വാധീനിച്ച മോഹൻലാലിന്റെ സിനിമകൾ ഇന്നും അവരെ താരത്തോടുള്ള ആരാധനയിൽ ആമഗ്നരായിരിക്കുവാൻ പ്രേരിപ്പിക്കുന്നു.

ഇക്കാലത്തെ ആരാധകരുടെ കാര്യം നോക്കാം. മോഹൻലാലിന്റെ സിനിമകൾ അനൗൺസ്‌ ചെയ്യുമ്പോൾ തന്നെ സോഷ്യൽ മീഡിയ വഴി അവ പ്രചരിപ്പിക്കുകയും, സിനിമകളിറങ്ങിക്കഴിയുമ്പോൾ സോഷ്യൽ മീഡിയകളിൽ മതിൽക്കെട്ടുകൾ സൃഷ്ടിക്കുകയും, തങ്ങളുടെ ആരാധ്യപുരുഷന്റെ സിനിമകൾക്കെതിരായി ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അവർക്കെതിരെ പലവിധങ്ങളിൽ ആത്മസംഘർഷം തീർക്കുന്നു. ജാതി-മത-പ്രായ-ലിംഗ ഭേദമെന്യെ ഈ വിഭാഗമാളുകൾ ഈ കാര്യത്തിൽ (ഐക്യകണ്ഠേന) കർമ്മനിരതരാകുന്നു. കുറച്ചുനാൾ മുൻപ്‌ വരെ ‘ദൃശ്യം ഡാ’ ആയിരുന്നു എതിരാളികളോട്‌ മുട്ടിനിൽക്കുവാൻ ഇക്കൂട്ടർ ഉപയോഗിച്ചിരുന്ന പ്രധാന ആയുധമെങ്കിൽ, സാമ്പത്തികലാഭത്തിന്റെ കാര്യത്തിൽ നേട്ടമുണ്ടാക്കിയ ‘പുലിമുരുക’നാണ്‌ ഏറ്റവും പുതിയ ആയുധം. ഇതിനിടയിൽ വന്നുപോയ ഇഷ്ടതാരത്തിന്റെ വിജയപരാജയങ്ങളൊന്നും ഇവർ ഗൗനിക്കാറില്ല. ഈ ഈവിഭാഗം ആരാധകരിലേയ്ക്കാണ്‌ സുനീഷ് വരനാട് രചിച്ച് സജിദ് യഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ക്യാമറ തിരിക്കുന്നത്‌.

താരാരാധന പ്രമേയമാക്കിയ നിരവധി ചിത്രങ്ങളിറങ്ങിയിട്ടുണ്ട്‌. എന്നാൽ ഒരു വലിയനടന്റെ പേർ അതേപടി ഉപയോഗിച്ചുകൊണ്ട്‌ ഒരു ചിത്രനിറങ്ങുന്നു എന്നത്‌ ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശജനകമാണ്‌. അതുതന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രത്യേകതയും. ആന്റണി പെരുമ്പാവൂർ, ശ്രീകുമാർ മേനോൻ, മമ്മൂട്ടി, മോഹൻലാൽ, മോഹൻലാൽ ഫാൻസ്‌, മമ്മൂട്ടി ഫാൻസ്‌ മോഹൻലാൽ സിനിമകൾ സംവിധാനം ചെയ്ത ഒരുപറ്റം സംവിധായകർ തുടങ്ങിയവർക്ക്‌ നന്ദിയർപ്പിച്ചുകൊണ്ടാണ്‌ ചിത്രം തുടങ്ങിയത്‌. പൃഥ്വിരാജ്‌ ആയിരുന്നു കഥാഖ്യാനം.

ആത്മഹത്യ ചെയ്യുവാനായി രവിപുരം റെയിൽവേ സ്റ്റേഷനിലേക്ക്‌ പോകുന്ന സേതുവിൽ നിന്നുമാണ്‌ ചിത്രം പറഞ്ഞുതുടങ്ങുന്നത്‌. മോഹൻലാൽ ഫാനായ ഓട്ടോ ഡ്രൈവർ പുലിമുരുകൻ ഫാൻഷോയ്ക്കുള്ള ടിക്കറ്റ്‌ അറേഞ്ച്‌ ചെയ്യാനുള്ള തിരക്കിലാണ്‌. സേതു ഇപ്പോൾ ഈ അവസ്ഥയിലേക്ക്‌ എത്തിച്ചേരുവാനുണ്ടായ കാരണത്തിലേയ്ക്കാണ്‌ ചിത്രം വിരൽ ചൂണ്ടുന്നത്‌. ഇന്ദ്രജിത്ത്‌ അവതരിപ്പിക്കുന്ന സേതു എന്ന കഥാപാത്രം നാളിതുവരെ താനനുഭവിച്ച പ്രശ്നങ്ങൾക്കെല്ലാം കാരണം മോഹൻലാലാണെന്ന് തിരിച്ചറിയുന്നു.

മോഹൻലാലിന്റെ കാര്യം ആരുപറഞ്ഞാലും വിശ്വസിക്കുന്ന, ആരിലും മോഹൻലാലിന്റെ പ്രതിരൂപം കാണുന്ന, താരാരാധന മൂത്ത്‌ സമനില തെറ്റിയ ആരാധികയായ മീനാക്ഷിയുടെ കഥയാണ്‌ ‘മോഹൻലാൽ.’ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയ ദിവസമാണ്‌ മീനു ജനിച്ചത്‌. അവൾ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത്‌ ഒന്ന് മുതൽ പൂജ്യം വരെ സിനിമ കാണുവാനിടയാവുകയും അങ്ങനെ മോഹൻലാൽ മനസിൽ കയറിപ്പറ്റുകയും ചെയ്യുന്നു. മോഹൻലാലിനൊപ്പം സിനിമയിലഭിനയിക്കണമെന്നും അവൾ ആഗ്രഹിക്കുന്നു. വളർന്ന് വന്നപ്പോൾ ആ ആരാധന Celebrity worship syndrome എന്ന അനാരോഗ്യമായ അവസ്ഥയിലേയ്ക്ക്‌ മീനാക്ഷിയെ എത്തിച്ചു.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ പുലിമുരുകൻ വരെയുള്ള ചിത്രങ്ങൾ കഥാപശ്ചാത്തലമാകുന്നുണ്ട്‌. ഈ ചിത്രങ്ങൾ തമ്മിലുള്ള 36 വർഷങ്ങളിലെ മോഹൻലാലിന്റെ സിനിമാ സാന്നിധ്യവും, അദ്ദേഹത്തിനുണ്ടായ ആരാധകബാഹുല്യവും ജനവികാരവുമെല്ലാം പ്രമേയമാകുന്നു.

പൂർണ്ണമായും ആരാധകതൃപ്തിയായിരുന്നു സംവിധായകന്റെ ഉദ്ദേശ്യം. തുടക്കം മുതൽ മോഹൻലാലിന്റെ ഹിറ്റ്‌ ചിത്രങ്ങളുടെ (മാത്രം) വീഡിയോ ക്ലിപ്പിംഗുകൾ അങ്ങിങ്ങായി കാണിക്കുന്നുണ്ട്‌. വാനപ്രസ്ഥം, രാജശിൽപ്പി തുടങ്ങിയ ചിത്രങ്ങൾ ഭാഗികമായി പരാമർശിക്കുകയും, മോഹൻലാലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ തന്മാത്രയെ കോമാളിത്തരമായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ട്‌, ആരാധകർക്ക്‌ തൃപ്തിലഭിക്കുന്ന ചിത്രങ്ങൾക്കായുള്ള ജനങ്ങളുടെ ആവേശത്തിനു തന്നെയാണ്‌ സംവിധായകൻ പ്രാമുഖ്യത നൽകിയത്‌.

സമൂഹത്തിലെ സാധാരണജനവിഭാഗത്തെയാണ്‌ ഇത്തവണയും ഫാൻസ്‌ എന്ന പേരിൽ സംവിധായകൻ കോമാളിവേഷം കെട്ടിച്ചിരിക്കുന്നത്‌. ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഗുണ്ടകൾ ഇവരെല്ലാം ഇഷ്ടതാരത്തിനുവേണ്ടി മരിക്കാൻ പോലും തയ്യാറാണ്‌. രക്തദാനപരിപാടി, സാമൂഹികസേവനങ്ങൾ, തട്ടിപ്പ്‌ നടത്തിയവനെ പിടിക്കൽ തുടങ്ങിയ ഇതര പ്രവർത്തനങ്ങളിലും ഈ വിഭാഗമാളുകൾ വളരെ ആക്ടീവാണ്‌. ദോഷം പറയരുതല്ലോ, ഇവരൊക്കെ വളരെ നല്ല വ്യക്തിത്വത്തിനുടമകളുമാണ്‌.

കേരളത്തിൽ ജനിച്ച്‌ വളർന്ന് മുപ്പതുകളിൽ ജീവിക്കുന്ന മലയാളികൾക്കെല്ലാം മോഹൻലാൽ എന്ന നടനുള്ള സ്വാധീനം നന്നായറിയാം. സിനിമയെ ജീവിതത്തിന്റെ ഭാഗമായി കാണാത്തവരും നമുക്കുചുറ്റുമുണ്ട്‌. എന്നാൽ തമിഴ്‌നാട്ടിലെ രജനീകാന്തിന്റെ ജനസ്വീകാര്യതയുമായാണ്‌ ഇവിടെ മോഹൻലാൽ ഉപമിയ്ക്കപ്പെട്ടിരിക്കുന്നത്‌. പ്രധാന കഥാപാത്രങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരും മോഹൻലാൽ ഫാൻസ്‌. വഴിപോക്കരും, ബസ്‌ യാത്രക്കാരും, വീട്ടമ്മമാരും, ഡ്രൈവർമാരും, ചന്തയിൽ കച്ചവടം നടത്തുന്നവരും, ഗ്രാമവാസികളും, നഗരത്തിലെ ഹൗസിംഗ്‌ കോളനിയിലെ ജനങ്ങളും എന്നുവേണ്ട, നാട്‌ മുഴുവൻ കടുത്ത താരാരാധകർ. ഈ നാട്ടിൽ ഓട്ടോറിക്ഷ വിളിച്ച്‌ വന്നാൽ ഡ്രൈവർക്ക്‌ പണം കൊടുക്കേണ്ട, പകരം താനൊരു മോഹൻലാൽ ഫാൻ ആണെന്ന് പറഞ്ഞാൽ മതിയാവും. ഒരുപക്ഷേ ഡ്രൈവർ പണം തിരികെ കൊടുത്തേക്കാം. കത്തിയെടുത്ത്‌ കുത്താൻ വരുന്ന ഗുണ്ടാ സംഘങ്ങളോട്‌, “തങ്ങൾ മോഹൻലാൽ ഫാൻസ്‌ ആണ്‌” എന്ന് പറഞ്ഞാൽ അവർ പിൻവാങ്ങും. എന്തിനേറെപ്പറയുന്നു, തന്റെ പ്രശ്നത്തിനു കാരണം ലാലേട്ടനാണെന്ന് പറയുമ്പോൾ അവിടെക്കിടക്കുന്ന പട്ടി പോലും കുരയ്ക്കുന്നു. മൊത്തത്തിൽ പറഞ്ഞാൽ ഈ നാട്ടിൽ ജീവിക്കണമെങ്കിൽ മോഹൻലാൽ ഫാൻ ആയിരുന്നേ തീരൂ. ഇത്തരത്തിലൊരു ജനസമൂഹമാണ്‌ താരാരാധന മൂത്ത എഴുത്തുകാരന്റെ ഭാവനയിലുണർന്നത്‌. തെലുങ്ക്‌ നാട്ടിലോ തമിഴ്‌നാട്ടിലോ പോലുമുണ്ടാകുമോ ഇത്തരത്തിലുള്ള താരാരാധന എന്ന് ചിലപ്പോഴൊക്കെ സംശയം തോന്നാറുണ്ട്‌.

ചെറിയവായിൽ ഘോരവർത്തമാനങ്ങൾ പറയുന്ന കുട്ടികൾ ഈ ചിത്രത്തിലേയും ബോറൻ കാഴ്ചയായിരുന്നു. കുട്ടികളേക്കൊണ്ട്‌ ക്ലാസ്‌ മുറിയിൽ ഹീറോയിസം കാണിക്കാനും, താരത്തിന്‌ സ്തുതിപാടുവാൻ വേണ്ടി അവരെ വിനിയോഗിക്കുവാനും സംവിധായകൻ മറന്നില്ല.

നിരവധി ക്ലീഷേകൾ ചിത്രത്തിലുണ്ട്‌. വിലകുറഞ്ഞതും നാടകീയത നിറഞ്ഞതുമായ സംഭാഷണ രംഗങ്ങൾ പ്രേക്ഷകനെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്‌. കോമഡിക്ക്‌ വേണ്ടി കൃത്രിമമായി കൂട്ടിച്ചേർത്ത നിരവധി രംഗങ്ങളുണ്ട്‌. ചീറ്റിപ്പോയ കോമഡികളാണ്‌ ഭൂരിഭാഗവും. എഴുത്തുകാരൻ ട്രോൾ ഗ്രൂപ്പുകളിൽ ആക്ടീവാണെന്നതിനു തെളിവായി കുറച്ചുരംഗങ്ങളുണ്ട്‌. കഥാപാത്രങ്ങളുടെ നിറം, ഉയരം എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ഹാസ്യരംഗങ്ങളും ചിത്രത്തിലുടനീളമുണ്ട്‌. പണം കൈക്കലാക്കിയ വില്ലൻ പരമ്പരാഗതരീതിയിൽ തോർത്തുകൊണ്ട്‌ മുഖം മറച്ച്‌ കവർന്നെടുത്ത അതേ ബാഗുകളുമായി നടന്നുനീങ്ങുന്നതും, ഫാൻസിന്റെ സഹായത്തോടെ ഓടിച്ചിട്ട്‌ പിടിക്കുന്നതുമെല്ലാം കാണാത്ത കാഴ്ചകളാണ്‌.! തിരിച്ചടവിൽ വീഴ്ചകൾ വരുത്തി, ഒടുവിൽ പണവുമായി സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ചെല്ലുന്ന വ്യക്തിയിൽ നിന്ന് ആ തുക വാങ്ങുവാൻ വിസമ്മതിക്കുന്ന ബാങ്ക്‌ ജീവനക്കാർ കൗതുകമുണർത്തി.

താരാരാധനയുടെ ദോഷഫലങ്ങളേക്കുറിച്ച്‌ ചിത്രം യാതൊന്നും പറയുന്നില്ല. നായികക്ക്‌ പൊതുവായി ഒരു സ്വഭാവവിശേഷതയില്ല. ആരാധനമൂത്ത്‌ ഉറഞ്ഞുതുള്ളുന്ന നായികയ്ക്കൊപ്പം കാഴ്ചക്കാരാവുകയാണ്‌ നാട്ടുകാരും കുടുംബാംഗങ്ങളും എന്തിന്‌ ഭർത്താവ്‌ പോലും. നായികയുടെ ചെയ്തികൾ ഒരുകാരണവശാലും ന്യായീകരണയോഗ്യമാകുന്നില്ല. മോഹൻലാലിന്റെ വിവാഹം കഴിഞ്ഞ വാർത്ത സിനിമാമാസികയിൽ നിന്ന് വായിച്ച്‌ തലകറങ്ങി വീഴുന്ന മൂന്നാം ക്ലാസുകാരി..! ഒരാർത്ഥത്തിൽ ആരാധന മൂത്ത സംവിധായകന്റെയും എഴുത്തുകാരന്റെയും ജൽപ്പനങ്ങളാണ്‌ സിനിമാരൂപത്തിൽ സ്ക്രീനിലെത്തിയിരിക്കുന്നത്‌.

‘അന്ധമായ ആരാധനയ്ക്ക്‌ പിന്നിൽ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ട്‌, അത്രമേൽ വ്യക്തവും ശക്തവുമായ കാരണം” എന്ന വാചകത്തോടുകൂടിത്തുടങ്ങിയ ചിത്രം, ഉപസംഹാരം വരേയ്ക്കും അന്ധമായ ആരാധനയ്ക്ക്‌ വ്യക്തമോ സ്പഷ്ടമോ ആയ ന്യായം പ്രേക്ഷകനുനൽകിയില്ല.

കഥാപാത്രനിർണ്ണയത്തിന്റെ കാര്യത്തിൽ തന്റെ മുൻ ചിത്രത്തിൽ സംഭവിച്ചതിനേക്കാൾ വലിയ പിഴവാണ്‌ ഇത്തവണ സംഭവിച്ചിരിക്കുന്നത്‌. ഇന്നോളം ഏൽപ്പിക്കപ്പെട്ട വേഷങ്ങൾ എല്ലാം തന്നെ മികവോടുകൂടി അവതരിപ്പിച്ചിട്ടുള്ള നടനായ ഇന്ദ്രജിത്ത്‌ വ്യക്തിത്വം തീരെയില്ലാത്ത ഒരു കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. ഇന്ദ്രജിത്തിന്റെ ഭർത്താവ്‌ വേഷം പലപ്പോഴും പൊട്ടൻ കളിക്കുന്നത്‌ പ്രേക്ഷകനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്‌. തന്റെ സഹധർമ്മിണിയുടെ വൈകല്യങ്ങൾ ചെറുപ്പം മുതലേ മനസിലാക്കിയിട്ടും വിവാഹം കഴിഞ്ഞും അദ്ദേഹം അമ്പരക്കുന്നു. നായികയുടെ പെരുമാറ്റ വൈകല്യങ്ങളെ അംഗീകരിച്ചും ഇടയ്ക്ക്‌ ഞെട്ടിയും ഒരു ഭീരുവായി അദ്ദേഹം നിലകൊണ്ടു.

തന്റെ രണ്ടാം വരവിൽ മഞ്ജുവാര്യരെ ഏറ്റവും ചെറുപ്പമായി കാണപ്പെട്ടത്‌ ഈ ചിത്രത്തിലാണ്‌. ആരാധന മൂത്ത്‌ രോഗിയായ കഥാപാത്രത്തെ ഒരുവിധത്തിൽ അഭിനയിച്ചുപ്രതിഫലിപ്പിച്ചു. മോഹൻലാൽ ചെയ്ത ഓരോ കഥാപാത്രങ്ങളും എത്രമാത്രം മലയാളി സ്ത്രീകളുടെ മനസ്സിൽ സ്വാധീനവും സ്നേഹവും ചെലുത്തിയിട്ടുണ്ട് എന്ന് മഞ്ജുവിന്റെ മീനാക്ഷിയിലൂടെ കാണിച്ചുതരിക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. എന്നാൽ നായികയുടെ സ്വഭാവവിശേഷത തെളിയിക്കുവാനായുള്ള അദ്ദേഹം വിതച്ച വിത്ത്‌, കോപ്രായമായാണ്‌ മുളച്ചുപൊങ്ങിയത്‌. ‘പിരിയിളകിയ മോഹൻലാൽ ഫാൻ’ കഥാപാത്രത്തിന്റെ പരിവേഷം എന്ന നിലയിൽ മഞ്ജു വാര്യർ ആദ്യപകുതിയിൽ കഥാപാത്രത്തോട്‌ കുറേയൊക്കെ നീതിപുലർത്തി. എന്നാൽ രണ്ടാം പകുതിയിലെ പ്രകടനങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. പലതും കഥാപാത്രത്തിന്റെ സ്വഭാവവിശേഷതയാണോ മഞ്ജു വാര്യരുടെ അമിതാഭിനയമാണോ എന്ന് വിവേചിച്ചറിയുവാൻ പ്രയാസമാണ്‌.

നായികയുടെ സ്വഭാവവിശേഷതയ്ക്ക്‌ ഒടുവിൽ സിദ്ധിഖിന്റെ കഥാപാത്രത്തിലൂടെ നായകൻ നൽകിയ ന്യായീകരണങ്ങൾ ഒട്ടും ആശ്വാസകരമല്ല. മീനാക്ഷിയുടെ ബാല്യകാലം ബേബി മീനാക്ഷിയും നന്നായി ചെയ്തിട്ടുണ്ട്‌. മാസ്റ്റർ ആദിഷ്‌ പ്രവീൺ തന്റെ പതിവ്‌ ശൈലിയിൽ അഭിനയിച്ചപ്പോൾ, മാസ്റ്റർ വിശാൽ കൃഷ്ണ മാൽ ഗുഡി ഡേയ്സിലും മറ്റും കാഴ്ചവച്ച അസഹ്യമായ പ്രകടനങ്ങളിൽ നിന്നും പുരോഗമിച്ചിട്ടുണ്ട്‌. സൗബിൻ ഷാഹിർ ഇന്നോളം ചെയ്തവയിൽ വച്ച്‌ ഏറ്റവും ബോറൻ കഥാപാത്രമാണ്‌ ഈ ചിത്രത്തിലേത്‌. വ്യത്യസ്തമായ ശബ്ദക്രമീകരണവും, സംസാരരീതിയും മടുപ്പുളവാക്കി. പ്രദീപ്‌ കോട്ടയം, സലിം കുമാർ എന്നിവരുടെ കഥാപാത്രങ്ങൾ ചെറുതായി രസം പകരുന്നു. എന്നാൽ ഗിരിനഗറിലെ ഗൂർഖയായി അഭിനയിച്ച നടന്റെ സ്റ്റേജ്‌ പെർഫോമൻസും മറ്റും ചിത്രത്തെ വിലകുറഞ്ഞ കോമഡി സ്കിറ്റ്‌ പോലെ അധഃപതിക്കുവാൻ ഇടയാക്കി.

ടോണി ജോസഫ്‌ ആണ്‌ സംഗീതസംവിധായകൻ. പ്രാർത്ഥന ഇന്ദ്രജിത്‌ ആലപിച്ച “ഞാൻ ജനിച്ചപ്പോൾ കേട്ടൊരു പേര്‌” എന്നാരംഭിക്കുന്ന ഗാനം മാത്രം കേൾക്കാൻ ഇമ്പമുണ്ടായിരുന്നു. മറ്റ്‌ ഗാനങ്ങൾ വളരെ മോശമായിരുന്നു. പശ്ചാത്തല സംഗീതം ചിത്രത്തോട്‌ ചേർന്നുനിന്നു. ഷാജി കുമാറിന്റെ ഛായാഗ്രഹണമികവ്‌ ചില മികച്ച ഫ്രെ യിമുകളാൽ ദൃശ്യമാക്കപ്പെട്ടു. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്‌ നിർവ്വഹണത്തിൽ ചില അപാകതകൾ ദൃശ്യമായിരുന്നു. ചിത്രത്തിനൊടുവിൽ കേട്ട UAE ഫാൻസ്‌ പ്രവർത്തകരുടെ FAN ANTHEM വിലകുറഞ്ഞ കാഴ്ചകളിലൊന്നായിരുന്നു.

ഈ ചിത്രം മോഹൻലാൽ ഫാൻസിനുവേണ്ടി മാത്രമായി തയ്യാറാക്കപ്പെട്ടതാണെങ്കിൽക്കൂടി ആർക്കും തന്നെ തൃപ്തികരമായ ഒരനുഭവം പ്രദാനം ചെയ്യുന്നില്ല. മോഹൻലാലിന്റെ ഇന്നത്തെ താരമൂല്യം ഉപയോഗപ്പെടുത്തി സംവിധായകൻ പ്രേക്ഷകരെ (ഫാൻസിനെ) ചൂഷണം ചെയ്യുകയാണുണ്ടായത്‌. ഫലത്തിൽ മോഹൻലാലിനും, ഫാൻസിനും വലിയ നാണക്കേട്‌ തന്നെയാണ്‌ ഇത്തരത്തിലൊരു സൃഷ്ടി എന്നതിൽ സംശയമില്ല.

സിനിമ എന്നത്‌ സംവിധായകന്റെ കലയാണ്‌. താരങ്ങൾ സംവിധായകന്റെ കരങ്ങളാൽ ഒരു ശിൽപമായി രൂപാന്തരം പ്രാപിക്കേണ്ട കളിമണ്ണുമാണ്‌. താരത്തോടുള്ള ആരാധന സിനിമാ വ്യവസായത്തെ സംവിധായകന്റെ കരങ്ങളിൽ നിന്നും വേർപെടുത്തുകയും, താരങ്ങൾക്ക്‌ വേണ്ടിയോ ആരാധകതൃപ്തിക്കുവേണ്ടിയോ ഉള്ള ചിത്രങ്ങളെടുക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആ അർത്ഥത്തിൽ ഒരു ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം സിനിമാവ്യവസായം മോശം ഫലമാണുളവാക്കുന്നത്‌. താരത്തിനുവേണ്ടിയുള്ള ആരാധനാ സംഘടനകൾ ഗുണത്തേക്കാളേറെ ദോഷമാണ്‌. അതുകൊണ്ടുതന്നെ നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്‌ താരാരാധന. അല്ലാതെ ഗ്ലോറിഫൈ ചെയ്യപ്പെടേണ്ട ഒന്നല്ല.

#jomon thiru

മമ്മൂട്ടിയുടെ പരോൾ – പ്രേക്ഷകന്‌ ജീവപര്യന്തം.

പുതുമുഖസംവിധായകർക്ക്‌ അവസരം നൽകുന്ന കാര്യത്തിൽ ശുഷ്കാന്തി പ്രകടമാക്കുന്ന മമ്മൂട്ടി, പൊതുജനങ്ങളുടെ പണം അപഹരിക്കുന്ന കാര്യത്തിൽ എന്തുകൊണ്ട്‌ നിസ്സംഗത പാലിക്കുന്നു?

ജനശ്രദ്ധ നേടിയ ഒരഭിമുഖസംഭാഷണത്തിനിടെ “വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ ചെയ്താൽ പോരേ” എന്ന് ചോദിച്ച സംവിധായകൻ രഞ്ജിത്തിന്‌ മമ്മൂട്ടി നൽകിയ മറുപടി ഇപ്രകാരമായിരുന്നു. “നമുക്ക്‌ പ്രായമായി, കൂടുതലൊന്നും സിനിമാഫീൽഡിൽ നിന്ന് നേടാനില്ല. പക്ഷേ ഒരുപറ്റം യുവാക്കൾ സിനിമാസ്വപ്നവുമായി എന്റെയടുത്ത്‌ വരുമ്പോൾ എങ്ങനെയാ നോ പറയുക? ഞാൻ കാരണം അവരുടെ സിനിമാസ്വപ്നങ്ങൾക്ക്‌ ചിറകുമുളയ്ക്കുമെങ്കിൽ അത്‌ നടക്കട്ടെ. എനിക്കൊന്നും നേടാനില്ല.” മമ്മൂട്ടി ഈ വിധത്തിൽ അവസരങ്ങൾ നൽകിയ പുതുമുഖസംവിധായകരിൽ എത്രപേർ സിനിമാരംഗത്ത്‌ തുടർന്നിട്ടുണ്ട്‌ എന്നത്‌ അവിടെ നിൽക്കട്ടെ, പണം മുടക്കി തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകരോട്‌ വർഷങ്ങളായി മമ്മൂട്ടി എന്ന നടൻ ചെയ്യുന്നതെന്താണ്‌?

മെഗാസ്റ്റാർ മമ്മൂക്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കാൻ തുടങ്ങിയ ആരാധകരേപ്പോലെ കാഞ്ചനമാല പോലും മൊയ്തീനുവേണ്ടി കാത്തിരുന്നിട്ടുണ്ടാവില്ല. മമ്മൂട്ടിയുടേതായി ഓരോ സിനിമയിറങ്ങുമ്പോഴും പുതുതായുദിക്കുന്ന പ്രതീക്ഷകൾ അതേസിനിമയുടെ ആദ്യഷോയോടുകൂടി അവസാനിക്കാറാണ്‌ പതിവ്‌. ഇന്നലെയുദിച്ച യുവനടന്മാർക്ക്‌ ലഭിക്കുന്ന ആദ്യദിന തിയെറ്റർ ക്രൗഡ്‌ പോലും മമ്മൂട്ടിയ്ക്ക്‌ വർഷങ്ങളായി ലഭിയ്ക്കാറില്ല. എന്നിട്ടും അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണത്തിനുമാത്രം യാതൊരു കുറവുമില്ല.
ഏതാനും നാളുകളായുള്ള മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം പൊതുവായി ചില പ്രത്യേകതകളുണ്ട്‌. തനിക്ക്‌ പ്രായമായെന്ന് അംഗീകരിക്കാനുള്ള വൈമനസ്യം അവയുടെ പൊതുസ്വഭാവമാണ്‌. പ്രായം റിവേഴ്സ്‌ ഗിയറിലാണെന്ന് ഫാൻസിനേക്കൊണ്ട്‌ പറയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി മാത്രം അണിഞ്ഞൊരുങ്ങി, യൗവ്വനയുക്തനായി പ്രത്യക്ഷപ്പെടുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു. പ്രണയനായകൻ, വിവാഹിതൻ, കൊച്ചുകുട്ടികളുടെ പിതാവ്‌, ഇതിൽനിന്നൊരു മാറ്റം അദ്ദേഹത്തിനില്ല. ഒരു പൂർവ്വകഥയും, ആ കഥയിൽ നിന്നുരുത്തിരിരിഞ്ഞ്‌ ഇന്നത്തെ അവസ്ഥയിലായിരിക്കുന്ന നായകത്വവും അതിനോടനുബന്ധിച്ച നിർവികാരമായ കഥയും മാത്രമാണ്‌ പതിവായി മമ്മൂട്ടിച്ചിത്രങ്ങളിൽ കണ്ടുവരുന്നത്‌. അവയിൽ ഭൂരിഭാഗവും മണ്ണടിയുന്നു.

ആർപ്പുവിളികളോ ആരവങ്ങളോ പ്രതീക്ഷകളോ ഇല്ലാതെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രമാണ്‌ പരോൾ. ഒരു സംഭവകഥയെ അടിസ്ഥാനപ്പെടുത്തിയിറങ്ങുന്ന ഈ ചിത്രം, രാഷ്ട്രീയം പ്രമേയമാക്കിയ നല്ലൊരു കുടുംബചിത്രത്തിന്റെ സൂചനയായിരുന്നു തുടക്കത്തിൽ നൽകിയത്‌. എന്നാൽ ചിത്രത്തിന്റെ ടീസറും ട്രൈലറും മരണവീടിനുസമമായിരുന്നു. ഒരുവിധത്തിലും പ്രേക്ഷകനെ ഇവയൊന്നും ആകർഷിച്ചിരുന്നില്ല എന്നത്‌ തിയേറ്ററിലേയ്ക്ക്‌ എത്തിച്ചേർന്ന ആളുകളുടെ എണ്ണം സൂചിപ്പിച്ചു. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത് ആണ്‌ ചിത്രത്തിന്റെ സംവിധായകൻ. പൂജപ്പുര സെൻട്രൽ ജയിലിലെ വാർഡൻ ആയിരുന്ന അജിത്ത് പൂജപ്പുരയുടേതാണ് തിരക്കഥ. ബാഹുബലിയിലെ കാലകേയനിലൂടെ ശ്രദ്ധേയനായ പ്രഭാകർ ആദ്യമായി മലയാളസിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും പരോളിനുണ്ട്‌. ഈ ചിത്രമെങ്കിലും മമ്മൂട്ടിയുടെ തിരിച്ചുവരവ്‌ എന്ന സിനിമാസ്നേഹികളുടെയും ആരാധകരുടേയും സ്വപ്നം യാഥാർത്ഥ്യമാക്കുമോ?

ജയില്‍ പശ്ചാത്തലമായി വന്ന ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. അത്തരം സിനിമകളിൽ ചിലത്‌ പ്രേക്ഷകമനസ്സുകളിൽ ഇന്നും നിലകൊള്ളുന്നവയാണ്‌. പരോളും ജയിലിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ്‌. ജയിലിൽ കഴിയുന്ന അലക്സ്‌ മേസ്തിരിയുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. കര്‍ഷകനായ അലക്സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. ജയിലിലെ മുഖ്യനായ അലക്സ്‌ അവിടെ എത്തിച്ചേരുവാനിടയായ കാരണങ്ങളിലേക്ക്‌ ചിത്രം ചെന്നെത്തുകയാണ്‌. കുടുംബബന്ധങ്ങളും, സഹാനുഭൂതിയും നന്മകളുമെല്ലാം ക്രമേണ ചിത്രത്തിന്റെ ഭാഗമായിവരുന്നുണ്ട്‌. പതിവുപോലെ ഇവിടെയും നായകൻ നിഷ്കളങ്കനായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് കരുതുന്നു. സ്വാഭാവികമായും തെറ്റ്‌ ചെയ്യാതെ ജയിൽ ശിക്ഷയനുഭവിക്കുന്ന നായകന്റെ നിഷ്കളങ്ക ബാല്യവും, യൗവ്വനവും കുടുംബജീവിതവുമെല്ലാം ചിത്രത്തിലേയ്ക്ക്‌ വന്നുചേരുന്നു.

യഥാർത്ഥകഥയുടെ അവതരണമാണെന്ന് പറയുന്നുണ്ടെങ്കിലും ചിത്രം തുടങ്ങുന്നതും മുന്നോട്ടു പോവുന്നതും അവസാനിക്കുന്നതും നാടകീയമായാണ്. എൺപതുകളിലും തൊണ്ണൂറുകളിലുമായി കണ്ടുമറന്ന എത്രയോസിനിമകളുടെ അതേ പശ്ചാത്തലം തന്നെയാണ്‌ ഇവിടെയും കാണുവാൻ കഴിയുന്നത്‌. ജയിൽ കാഴ്ചകളാണ്‌ ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ. വിവിധതടവുകാരെ പരിചയപ്പെടുത്തുകയും അവർ തടവറയിൽ എത്തിപ്പെടാനുണ്ടായ കാരണങ്ങളും ചിത്രം പറയുന്നു. ജയിൽ രംഗങ്ങളെല്ലാം കാലങ്ങളായി മലയാളസിനിമയിൽ കണ്ട അതേപടിയുള്ളത്‌. പ്രഭാകർ (കാലകേയൻ) അവതരിപ്പിച്ച രാഘവൻ എന്ന കൊടും ഭീകരനായ തടവുപുള്ളി, ചുണ്ടുകൊണ്ട്‌ സ്ഥിരം ശൈലിയിൽ കോപ്രായം കാണിക്കുന്ന സുധീർ കരമനയുടെ അറുബോറൻ കഥാപാത്രം, “മുത്തേ പൊന്നേ പിണങ്ങല്ലേ”യിലൂടെ ശ്രദ്ധിക്കപ്പെട്ട അരിസ്റ്റോ സുരേഷിന്റെ മറ്റൊരു കോമഡി(?) കഥാപാത്രം, നിഷ്കളങ്കരായ മറ്റ്‌ ചില കഥാപാത്രങ്ങൾ, എന്നിങ്ങനെ കണ്ടകാഴ്ചകളെത്തന്നെ പുതിയ കുപ്പിയിലേയ്ക്ക്‌ ചേർത്തിരിക്കുകയാണ്‌ സംവിധായകൻ. ജയിലിലെ ഭക്ഷണവേള, തമ്മിൽത്തല്ല് തുടങ്ങിയവ കാണിച്ച്‌ നായകൻ കരുത്തുറ്റവനാണെന്ന് കാണിക്കുവാനായുള്ള ചില ശ്രമങ്ങളും നടന്നിട്ടുണ്ട്‌.

മാസ്സും ക്ലാസ്സും ചേർന്ന ഒരു ഫാമിലി എന്റർടൈനറായിട്ടാണ്‌ സംവിധായകൻ ചിത്രമൊരുക്കാൻ ശ്രമിച്ചിരിക്കുന്നത്‌. വളരെ സാവധാനമാണ്‌ ചിത്രത്തിന്റെ കഥപറച്ചിൽ രീതി. വിലകുറഞ്ഞ വിപ്ലവ ഡയലോഗുകളും കൃത്രിമത്വം നിറഞ്ഞ സന്ദർഭങ്ങളും ചിത്രത്തിലേയ്ക്കുള്ള ആവേശത്തെ തുടക്കത്തിൽത്തന്നെ പിൻവലിയ്ക്കും. അലക്സിന്റെ ബാല്യകാലത്ത്‌ പിതാവുമൊത്തുള്ള രംഗങ്ങൾ അതിനുദാഹരണമാണ്‌. ഫാൻസിനെ ആഹ്ലാദിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഒരുക്കിയ ചില സംഘട്ടനരംഗങ്ങളും മതമൈത്രിയും, നന്മകളും ആവോളം വാരിവിതറിയിട്ടുണ്ട്‌. അതോടൊപ്പം തന്നെ മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളും, ഇമോഷണൽ രംഗങ്ങൾ നന്നായി കൈകാര്യം ചെയ്തു എന്ന് പറയുവാനായി മാത്രം കൂട്ടിച്ചേർത്ത ജയിൽ രംഗങ്ങളും കാഴ്ചാനുഭവത്തെ പിന്നോട്ട്‌ വലിക്കുന്നു. പരോളിലിറങ്ങുന്ന നായകൻ നാട്ടിൽ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളും, സി.സി.ടി വി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നതുമെല്ലാം തികച്ചും വസ്തുതാവിരുദ്ധമാണ്‌. നിയമപാലകർ യഥാസമയം ശുഷ്കാന്തിയുള്ളവരും വീര്യം കുറഞ്ഞവരുമായി മാറിമറിയുന്ന കാഴ്ചയും ചിത്രത്തിലുണ്ട്‌.

കമ്യൂണിസത്തെ ചാരിനിന്നുകൊണ്ട്‌ മാർക്കറ്റ്‌ ചെയ്യുകയും, ഫലത്തിൽ കമ്മ്യൂണിസത്തെ അപമാനിക്കുകയും ചെയ്യുന്ന ഏതാനും ചിത്രങ്ങൾ അടുത്ത കാലത്തായി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്‌. നിർഭാഗ്യവശാൽ ആ ശ്രേണിയിലെ അവസാന ഉത്പന്നമാണ്‌ പരോൾ. “അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്റെ പാരമ്പര്യം പിന്തുടരുന്ന വിപ്ലവവീര്യം തുടിയ്ക്കുന്ന മകനാണ് പരോളിലെ മമ്മൂട്ടിയുടെ സഖാവ് അലക്സ്‌ എന്നും, പരോള്‍ കണ്ടിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മമ്മൂട്ടിയോടുണ്ടായിരുന്ന ഇഷ്ടം കൂടുമെന്നും, അത്രയ്ക്ക് സത്യസന്ധനായ കഥാപാത്രമാണ് സഖാവ് അലക്‌സ് എന്നും സംവിധായകൻ പറഞ്ഞിരുന്നു. ഇതിലെവിടെയാണ്‌ കമ്മ്യൂണിസം? ഇതിൽ എവിടെയാണ്‌ വിപ്ലവം.? നായകന്‌ ഒരു കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ എന്താണുള്ളത്‌? ‘അവനവനു വേണ്ടിയല്ലാതെ അപരന്നുവേണ്ടി ജീവിക്കുന്നവന്‍’ എന്ന തത്വമായിരിക്കണം സംവിധായകൻ അലക്സിന്റെ ഇടതുപക്ഷാനുഭാവവുമായി കൂട്ടിച്ചേർത്തത്‌. പക്ഷേ സ്വന്തം കുടുംബ പ്രശ്നത്തിനു ജയിലിൽ കഴിയുന്ന ഒരുവൻ എങ്ങനെ ആ തത്വം ബാധകമാക്കും? ഈ ചിത്രത്തിൽ ഒരിടത്തും കമ്മ്യൂണിസമോ വിപ്ലവമോ കാണുവാൻ കഴിയില്ല. ഇടതുപക്ഷപ്രസ്ഥാനവുമായി ചിത്രത്തിന്‌ പ്രത്യേകിച്ച്‌ ബന്ധങ്ങളൊന്നുമില്ല. എന്നാൽ സിനിമയുടെ വാണിജ്യനേട്ടത്തിനുവേണ്ടി കഥാസാഹചര്യങ്ങളിലേയ്ക്ക്‌ കമ്മ്യൂണിസത്തെ അനാവശ്യമായി വലിച്ചിഴച്ചിരിക്കുകയാണ്‌ സംവിധായകൻ ചെയ്തിരിക്കുന്നത്‌. അസ്ഥാനത്തുള്ള ഡയലോഗുകളും, ചെങ്കൊടിയെ ഗ്ലോറിഫൈ ചെയ്ത്‌ കൈയ്യടിവാങ്ങുവാനുള്ള പരാക്രമവും, ഈ പ്രസ്ഥാനത്തെ തന്നെ വിലയിടിച്ചുകാണിച്ചതിനു തുല്യമായി കാണപ്പെട്ടു.

കഥാപരമായി യാതൊരു പുതുമകളും ചിത്രത്തിന്‌ അവകാശപ്പെടാനില്ല. പല സിനിമകളിലും കണ്ടുമറന്ന രംഗങ്ങളെ അതേപടി അടർത്തിയെടുത്ത്‌ വിളക്കിച്ചേർത്തിരിക്കുകയാണ്‌ സംവിധായകൻ. തോപ്പിൽ ജോപ്പനും താപ്പാനയും പോലെ നായകനെ ചുറ്റിപ്പറ്റി നടക്കാനും മദ്യപിക്കുവാനും ആജ്ഞകൾ അനുവർത്തിക്കുവാനുമായി ഏതാനും സമപ്രായക്കാരും രംഗത്തുണ്ട്‌. സിനിമ പ്രേക്ഷകനുമായി ഒരുവിധത്തിലും ചേർന്നുനിൽക്കുന്നില്ല. നായകൻ അനുഭവിക്കുന്ന സംഘർഷങ്ങൾ പ്രേക്ഷകരെ ഒരു വിധത്തിലും ബാധിക്കുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ മകനുമായി ബന്ധപ്പെട്ട വിഷയത്തിൽ പലകാര്യങ്ങളും പ്രേക്ഷകനെ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുകയാണ്‌. ഇഴഞ്ഞുനീങ്ങുന്ന ചിത്രം ഫാമിലി ഡ്രാമയിൽ നിന്നും, ത്രില്ലറായി പരിണമിക്കുവാനുള്ള വിഫല പരാക്രമവും നടന്നിരുന്നു.

പലപ്പോഴും ഒരു നാടകം കാണുന്ന അതേ ഫീലാണ്‌ ചിത്രത്തിൽ നിന്നും ലഭിയ്ക്കുന്നത്‌. കഥാപാത്രങ്ങൾക്കൊന്നും വ്യക്തിത്വമില്ല. മുന്നറിയിപ്പിലെ സി.കെ രാഘവനെ ഓർമ്മിപ്പിക്കുന്ന ലുക്കിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ അലക്സ്‌ മേസ്തിരി യാതൊരു വ്യത്യസ്ഥതയുമില്ലാത്ത കഥാപാത്രമായിരുന്നു. അലക്സ്‌ മേസ്തിരിയുടെ ബാല്യം മുതലുള്ള മൂന്ന് കാലഘട്ടങ്ങളാണ്‌ സിനിമ. യുവാവായും, ജയിൽ ശിക്ഷയനുഭവിക്കുന്ന കഥാപാത്രമായും മമ്മൂട്ടി അഭിനയിച്ചു. നായകൻ വൈകാരികസമ്മർദ്ദങ്ങൾ അനുഭവിക്കുന്ന വേളയിൽ കൃത്രിമത്വം അനുഭവപ്പെട്ടെന്ന് പറഞ്ഞേ മതിയാവൂ. ഹാസ്യരംഗങ്ങളോ ഹാസ്യസംഭാഷണങ്ങളോ സിനിമയിൽ കാര്യമായില്ലെങ്കിലും, ഗ്രേറ്റ്‌ ഫാദറിലും പുത്തൻ പണത്തിലും മാസ്റ്റർ പീസിലും കണ്ടിട്ടൂള്ള ‘വള്ളിയിൽ കെട്ടിയുള്ള പറന്നുചാട്ടം’ ഈ സിനിമയിലും ആവർത്തിക്കുമ്പോൾ അത്‌ ചിരിക്കുവാനുള്ള വക നൽകുന്നു.

സിദ്ധീഖ്‌ എന്ന നടന്റെ പതിവു കഥാപാത്രങ്ങളിൽ ഒന്നുതന്നെയായിരുന്നു ഈ ചിത്രത്തിലെ അബ്ദുവും. നായകനൊപ്പം നിലകൊള്ളുകയും സദാ നായകന്‌ ഉപദേശങ്ങൾ പകർന്നുനൽകുകയും ചെയ്യുന്ന കണ്ടുപഴകിയ കഥാപാത്രം.! ആനി എന്ന നായികാകഥാപാത്രമായി ഇനിയയും, നായകന്റെ സഹോദരി കത്രീനയായി മിയ ജോർജ്ജും പ്രത്യക്ഷപ്പെടുന്നു. ഇനിയയുടെ മേയ്ക്കപ്പും വസ്ത്രധാരണവും കഥാപാത്രവുമായി ചേർന്നു നിന്നില്ല. വർഷങ്ങൾക്കുമുൻപ്‌ ഗ്രാമത്തിൽ പാലുവിൽക്കാൻ നടക്കുന്ന ആനിക്കും, നായകന്റെ സഹോദരി കത്രീനയ്ക്കും ലിപ്സ്റ്റിക്കിന്റെ അതിപ്രസരമായിരുന്നു. സിനിമയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്‌ അലൻഷ്യർ ആയിരുന്നു. അലൻഷ്യറിന്റെ സംഭാഷണങ്ങളും ധീരനായ ഒരു സഖാവാണ്‌ താനെന്ന് കാഴ്ചക്കാരെ കാണിക്കുവാനുള്ള ശ്രമവും പരാജയപ്പെട്ടു.

നായകനും, നായികയും തമ്മിലുള്ള കണ്ടുമുട്ടലും, പ്രായത്തിനു ചേരാത്ത പ്രണയവും, പ്രണയസാഫല്യത്തിനായി സൃഷ്ടിച്ചിരിക്കുന്ന സന്ദർഭങ്ങളും, ആരിലും ചിരിയുണർത്തും. സഹതടവുകാരന്റെ വേഷം അവതരിപ്പിച്ച അരിസ്റ്റോ സുരേഷിന്റേത്‌ അനാവശ്യ കഥാപാത്രമായിരുന്നു. മലയാളത്തിൽ മികച്ച ഗാനങ്ങൾ സംഭാവനനൽകിയിട്ടുള്ള ശരത്ത്, എൽവിൻ ജോഷ്വ, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഗാനങ്ങൾക്ക്‌ ഈണം നൽകിയിരിക്കുന്നത്‌. ശരത്‌ ഇന്നോളം ചെയ്ത ഏറ്റവും മോശം വർക്കാണ്‌ പരോൾ. മോശം ഗാനങ്ങളും മോശം പശ്ചാത്തലസംഗീതവുമായിരുന്നു ചിത്രത്തിന്‌. അരിസ്റ്റോ സുരേഷ് ആലപിച്ച ‘പരോൾക്കാലം’ എന്ന ഗാനവും അനുബന്ധരംഗങ്ങളും ബോറായിരുന്നു. ഛായാഗ്രഹണം, ചിത്രസംയോജനം എന്നീ മേഖലകൾ തികച്ചും പരിതാപകരമായിരുന്നു. ജയിലിന്റെ സെറ്റിട്ടിരിക്കുന്നതെല്ലാം ബഹുകോമഡിയാണ്‌.

ക്ലീഷേകളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു ചിത്രമെന്ന് പറഞ്ഞേ മതിയാവൂ. എൺപതുകളിലും തൊണ്ണൂറുകളിലും കണ്ട്‌ ശീലിച്ച മികച്ച മലയാള സിനിമകളുടെ ഒരു മാഷപ്‌ വീഡിയോയായും ചില സമയങ്ങളിൽ ഈ ചിത്രത്തെ വിലയിരുത്തേണ്ടിവന്നേക്കാം. 149 മിനിറ്റുകൾ ഈ ചിത്രം പൊതുപ്രേക്ഷകനെ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്‌. മാത്രമാണ്‌ പരോൾ. ഏതാണ്ട്‌ എല്ലാ വശങ്ങളും മോശമെന്ന് പറയാവുന്ന, ഇഴഞ്ഞുനീങ്ങുന്ന, നാടകീയ രംഗങ്ങളടങ്ങിയ ഈ തട്ടിക്കൂട്ട്‌ ചിത്രം പ്രേക്ഷകർക്ക്‌ നൽകുന്നത്‌ നിരാശമാത്രമാണ്‌. രണ്ടര മണിക്കൂർ എന്ന സമയം പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ജീവപര്യന്തം ശിക്ഷയാണ്‌. പുതുമുഖസംവിധായകർക്ക്‌ അവസരം നൽകുന്ന കാര്യത്തിൽ ശുഷ്കാന്തി പ്രകടമാക്കുന്ന മമ്മൂട്ടി, പൊതുജനങ്ങളുടെ പണം അപഹരിക്കുന്ന കാര്യത്തിൽ എന്തുകൊണ്ട്‌ നിസ്സംഗത പാലിക്കുന്നു എന്ന സംശയം മാത്രം ബാക്കി.

★☆☆☆☆

പുതിയ താളത്തിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

താരപ്രാതിനിധ്യമില്ലാത്ത ചിത്രങ്ങൾ പലപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌. കഴിഞ്ഞയാഴ്ച മുതൽ പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ വരെ അത്തരം അത്ഭുതങ്ങളുടെ ഭാഗമാണ്‌. ഈ ഗണത്തിൽപ്പെടുന്ന, ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു കഴിഞ്ഞ വർഷമിറങ്ങിയ ‘അങ്കമാലി ഡയറീസ്‌.’ ഒരു ദേശത്തിന്റെ കഥയിൽ, ആക്ഷനും വയലൻസും, റിവഞ്ചും പ്രണയവും, കുടുംബബന്ധങ്ങളും തുല്യമായ അളവിൽ ഇഴചേർക്കപ്പെട്ട അങ്കമാലി ഡയറീസ്‌ വലിയൊരു വിഭാഗം പ്രേക്ഷകർക്കും പുതിയൊരനുഭവമായിരുന്നു. ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ സംവിധാന സംവിധാനസഹായിയായിരുന്ന ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌.
ഒരു നവാഗത സംവിധായകന്റെ ചിത്രമായിരുന്നിട്ട്‌ കൂടി, ഈ ചിത്രത്തിലേക്ക്‌ ഉറ്റുനോക്കുവാൻ പൊതു പ്രേക്ഷകനെ പ്രേരിപ്പിച്ച മറ്റുചില ഘടകങ്ങളുണ്ട്‌. കഴിഞ്ഞ രണ്ട്‌ വർഷങ്ങളിലായി മലയാള സിനിമാസ്നേഹികളെ പ്രകടനങ്ങൾ കൊണ്ട്‌ കീഴടക്കിയ ഏതാനും താരങ്ങളുടെ സാന്നിധ്യം തന്നെയാണ്‌ അതിൽ പ്രധാനം. ടിനു പാപ്പച്ചൻ ഒരുക്കുന്ന ഈ ചിത്രം, അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരം ആന്റണി വർഗ്ഗീസിന്റെ രണ്ടാമത്തെ ചിത്രമാണ്‌. വിനായകൻ, ടിറ്റോ വിൽസൻ, ചെമ്പൻ വിനോദ്‌ ജോസ്‌, ലിജോ ജോസ്‌ പെല്ലിശ്ശേരി, തുടങ്ങിയവർ ഒന്നിച്ചു ചേരുന്നു എന്നതും ആശാവഹമാണ്‌. സംവിധായകനായ ബി ഉണ്ണികൃഷ്ണനും ബി സി ജോഷിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കു ചേരുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ, ഗംഭീര പശ്ചാത്തലസംഗീതത്തോടുകൂടിയ ട്രൈലർ ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിലാഴ്ത്താൻ പര്യാപ്തമായിരുന്നു.
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന് കേൾക്കുമ്പോൾത്തന്നെ 1976-ൽ പുറത്തിറങ്ങിയ ഒരു ഗ്രന്ഥത്തേക്കുറിച്ചായിരിക്കും നമ്മുടെ മനസ്സിൽ ഓടിയെത്തുക. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തേക്കുറിച്ച്‌ ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ്എന്ന അമേരിക്കക്കാരനും ചേർന്നെഴുതിയ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.’ ടി.കെ.ജി. നായരും എം.എസ്. ചന്ദ്രശേഖരവാരിയരുമാണ് പരിഭാഷകർ. 1947 ജനുവരി ഒന്ന് മുതൽ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം വിവരിക്കുന്നത്. ഇത്തരത്തിൽ ചരിത്രവുമായുള്ള ബന്ധം പേരിൽ പുലർത്തിയെങ്കിലും വർത്തമാനകാലത്തെ ജയിൽ ജീവിതത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌.
കോട്ടയത്തെ ഒരു ധനകാര്യസ്ഥാപനത്തിലെ മാനേജരായ ജേക്കബ്‌ വർഗ്ഗീസ്‌ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ കോട്ടയത്തെ ഒരു കോൺവെന്റിൽ നിന്നും പൊലീസ്‌ പിടിയിലകപ്പെടുന്ന ബെറ്റിയിൽ നിന്നുമാണ്‌ കഥയുടെ ആരംഭം. രാത്രിയിൽ നടക്കുന്ന ചില സംഭവങ്ങളും, അതിനോടനുബന്ധിച്ച്‌ തുടർന്നുള്ള ദിവസങ്ങളിൽ നടമാടുന്ന മറ്റ്‌ ചില സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ഭൂരിഭാഗവും ജയിലിനുള്ളിലാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. തടവറയ്ക്കുള്ളിലകപ്പെട്ട ചില മനുഷ്യരുടെ പച്ചയായ ജീവിതമാണ്‌ ടിനു പാപ്പച്ചൻ വരച്ചുകാട്ടുന്നത്‌.
മനുഷ്യന്റെ മനസ്സ്‌ സദാ സ്വാതന്ത്ര്യം ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്‌. പരിധിവിട്ടാൽ ഈ ആഗ്രഹം സഫലീകരിക്കുന്നതിനായി മനുഷ്യൻ ഏത്‌ മാർഗ്ഗവും അവലംബിക്കും എന്നതാണ്‌ ചിത്രം ആത്യന്തികമായി പറയുന്നത്‌. സ്വാതന്ത്ര്യസമരത്തിന്റെ അന്ന് അർദ്ധരാത്രിയിൽ ഏറെ ശ്രമം ചെയ്ത്‌ ജയിൽ ചാടുന്ന ഏതാനുമാളുകളെ ചിത്രം പരിചയപ്പെടുത്തുന്നു.
സസ്പെൻസ്‌ ഉൾക്കൊള്ളിച്ചുകൊണ്ടാണ്‌ ആദ്യഭാഗങ്ങൾ മുൻപോട്ട്‌ നീങ്ങുന്നത്‌. ആദ്യാവസാനം ഉദ്വേഗം പ്രേക്ഷകന്‌ വേദ്യമാകുന്നവിധത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഈ അടുത്തയിടെ കണ്ടതിൽ വച്ച്‌ ഏറ്റവും മനോഹരമായി ജയിൽ ജീവിതം ചിത്രീകരിച്ചിട്ടുണ്ട്‌. ഒരേ പേസിലായിരുന്നില്ല ചിത്രത്തിന്റെ സഞ്ചാരം. ജയിലിനകത്തുവച്ച്‌ തന്നെ ചിത്രം ചടുലമാവുകയും ഡൗൺ ആവുകയും ചെയ്യുന്നുണ്ട്‌. പ്രതീക്ഷിക്കാവുന്ന വിധത്തിലുള്ളതും പെട്ടന്ന് പറഞ്ഞൊപ്പിച്ചതുമായ ഉപസംഹാരഭാഗങ്ങൾ ചെറിയ കല്ലുകടി തന്നെയാണ്‌.
2017-ലെ ഏറ്റവും മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഗിരീഷ്‌ ഗംഗാധരൻ ഇത്തവണയും ഞെട്ടിച്ചിരിക്കുകയാണ്‌. പ്രതീക്ഷിക്കാത്ത ചില ആംഗിളുകളിലൂടെ ഗിരീഷ്‌ ഗംഗാധരൻ കഥാപാത്രങ്ങളുടെ മനസ്സും ഒപ്പിയെടുത്തു. ഉചിതമായ കളർ ഗ്രേഡിംഗും ചിത്രത്തെ മറ്റൊരുതലത്തിലേയ്ക്കുയർത്തുന്നു. ഷമീർ മുഹമ്മദിന്റെ ചിത്രസംയോജനം, ചിത്രം അർഹിക്കുന്ന വിധത്തിൽ പ്രേക്ഷകരിലേയ്ക്കെത്തുവാനിടയാക്കി. ജേക്സ്‌ ബിജോയ്‌ ഒരുക്കിയ രണ്ടുഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. ഒരു ഗാനം നിലവാരം പുലർത്തി. ദീപക്‌ അലക്സാണ്ടർ ഒരുക്കിയ പശ്ചാത്തലസംഗീതം ആക്ഷൻ രംഗങ്ങൾക്ക്‌ ചടുലത പകരുവാൻ തക്കവണ്ണമുള്ളതായിരുന്നു. സുപ്രീം സുന്ദർ ഒരുക്കിയ സംഘട്ടനരംഗങ്ങൾ ചിത്രത്തിന്‌ അനുയോജ്യമായിരുന്നു.
മികച്ച താരനിർണ്ണയം തന്നെയാണ്‌ ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടമായി പറയുവാനുള്ളത്‌. മുപ്പതുകാരനായ ജേക്കബ്‌ വർഗ്ഗീസ്‌ എന്ന കഥാപാത്രത്തെയാണ്‌ ആന്റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌. അങ്കമാലി ഡയറീസ്‌ കഴിഞ്ഞ്‌ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ആന്റണി വർഗ്ഗീസ്‌ അഭിനയിക്കുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ മികച്ച തിരഞ്ഞെടുപ്പിനെത്തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ജയിൽ വസ്ത്രങ്ങളും നമ്പരുകളുമില്ലാത്ത ആൻറണി വർഗീസ് എന്ന നായകനും മറ്റ്‌ തടവുകാരും ചിത്രത്തിൽ തങ്ങളുടേതായ വേഷങ്ങൾ ഗംഭീരമാക്കുന്നു. ജേക്കബ്‌ എന്ന കഥാപാത്രമായുള്ള ആന്റണിയുടെ പെർഫോമൻസ്‌ ഗംഭീരമായിരുന്നു. സൈമൺ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന വിനായകനും, ഉദയൻ എന്ന കഥാപാത്രമായെത്തുന്ന ടിറ്റോ വിൽസനും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. ഇവരേക്കൂടാതെ ‘അങ്കമാലി ഡയറീസി’ൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളെയും ഈ ചിത്രത്തിൽ വീണ്ടും കാണാൻ കഴിഞ്ഞിട്ടുണ്ട്‌. ബെറ്റി എന്ന നായികാകഥാപാത്രമായി പ്രത്യക്ഷപ്പെട്ട അശ്വതി മനോഹർ തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
ചില ആശയക്കുഴപ്പങ്ങളും ചില സിനിമാറ്റിക്‌ അയാഥാർത്ഥ്യങ്ങളും മാറ്റി നിര്‍ത്തിയാൽ ദിലീപ് കുര്യന്റേത് കണ്‍വിന്‍സിംഗ് ആയ സ്ക്രിപ്റ്റ്‌ തന്നെയായിരുന്നു. എന്നിരുന്നാലും ‘എസ്കേപ്‌ ഫ്രം അൽകട്രാസ്‌’ എന്ന ചിത്രവുമായുള്ള ഈ ചിത്രത്തിന്റെ സാമ്യം എടുത്തുപറയേണ്ടതാണ്‌. ജയിലുചാട്ടത്തിനു പ്രേരകമായ സംഭവങ്ങളും ജയിലു ചാടുവാനായി കഥാപാത്രങ്ങൾ അവലംബിക്കുന്ന മാർഗ്ഗങ്ങളും സാമ്യതയുള്ളതാണ്‌. കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുവാനായി സംവിധായകൻ വളഞ്ഞവഴികളൊന്നും സ്വീകരിക്കുകയോ കഥാപാത്രങ്ങൾക്ക്‌ വൈകാരികത ചാർത്തിനൽകുകയോ ചെയ്തിട്ടില്ല.
ടിനു പാപ്പച്ചൻ കഥ വികസിപ്പിച്ച രീതി ശ്രദ്ധയർഹിക്കുന്നു. ജയിലിനകത്തും പുറത്തുമായി ഇന്ന് ഇതര സംസ്ഥാനത്തൊഴിലാളികളോടുള്ള നമ്മുടെ മനോഭാവത്തെ ചിത്രം എടുത്തുകാണിക്കുന്നുണ്ട്‌. അതുപോലെ മൈസൂരിലെ പബ്ബിനകത്ത്‌ ശിവസേന നടത്തിയ ആക്രമണങ്ങളെ ഓർമ്മിപ്പിക്കും വിധത്തിലുള്ള ചില സംഭവങ്ങളും ചിത്രത്തിൽ കാണാവുന്നതാണ്‌. ജയിൽ ചാടൽ എന്ന തന്തുവിനെ മികവുറ്റ രീതിയിൽ പ്രേക്ഷകനു മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്‌. പ്രകടനത്തിൽ, കഥാപാത്രങ്ങളിൽ, ജയിൽ ജീവിതത്തിന്റെ സൂക്ഷ്മ നിരീക്ഷണമാണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്‌. ജയിൽ ജീവിതങ്ങളും രക്ഷപെടലും പ്രമേയമാക്കി, പദ്മരാജന്റെ ‘സീസണ്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മലയാളത്തിലുണ്ടെങ്കിലും മലയാളത്തിൽ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും ‘അവതരണമികവു കൊണ്ട്‌ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ തലയുയർത്തിനിൽക്കും

നിഷ്കളങ്കതയിലും നന്മയിലും നർമ്മത്തിലും ചാലിച്ചെടുത്ത സുഡാനി.

സ്വതസിദ്ധമായ സംഭാഷണശൈലിയിലൂടെയും പ്രകടനങ്ങളിലൂടെയും ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയനടനാണ്‌ സൗബിൻ ഷാഹിർ. ഒരുപക്ഷേ തിയെറ്ററിൽ സൂപ്പർ താരങ്ങളേക്കാൾ കൂടുതൽ കൈയ്യടി നേടിയെടുക്കുവാൻ ഏതാനും ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച സൗബിന്‌ കഴിഞ്ഞിട്ടുണ്ട്‌. കമ്മട്ടിപ്പാടത്തിലെ നെഗറ്റിവ്‌ കഥാപാത്രം ഇതിൽ നിന്നെല്ലാം വേറിട്ടുനിൽക്കും. കഴിഞ്ഞവർഷം ഒരു സംവിധായകനെന്ന നിലയിൽ തുടക്കം കുറിച്ച ‘പറവ’ വാണിജ്യപരമായി വിജയം നേടുകയും ചെയ്തു. ഇപ്പോൾ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ സൗബിൻ നായകനായഭിനയിക്കുകയാണ്‌.

സമീർ താഹിർ, ഷൈജു ഖാലിദ്‌, ഷഹബാസ്‌ അമൻ, റെക്സ്‌ വിജയൻ എന്നീ പേരുകൾ, നവതലമുറ സിനിമാ പ്രേക്ഷകരെ ഉറ്റുനോക്കുന്നവരെ സംബന്ധിച്ചിടത്തോളം മൂല്യമുള്ളതാണ്‌. തങ്ങളുടേതായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും, തിളങ്ങിനിൽക്കുകയും ചെയ്യുന്ന ഇവർ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പങ്കാളികളാവുന്നു എന്നതും പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. മൊത്തത്തിൽ ഫുഡ്ബോളിന്റെ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന കഥയാണിതെന്ന ചിത്രത്തിന്റെ ധ്വനി ചിത്രത്തിന്റെ ട്രൈലറിൽ മുഴങ്ങിയിരുന്നു. ട്രൈലറിൽ കേട്ട, സൗബിന്റെ മുറി ഇംഗ്ലീഷ്‌ സംഭാഷണരംഗങ്ങളും ചിത്രത്തിലേയ്ക്ക്‌ പ്രേക്ഷകനെ ആകർഷിക്കുവാനിടയാക്കി..

നവംബര്‍ മാസം മുതല്‍ മേയ് മാസം വരെ കേരളത്തില സെവന്‍സ് ടൂര്‍ണമെന്റുകളുടെ സീസണ്‍ ആണ്. ടൂർണ്ണമെന്റുകൾ നടക്കുന്നതും ഏറ്റവും കൂടുതൽ ക്ലബ്ബുകളുള്ളതും മലപ്പുറം ജില്ലയില്‍ നിന്നാണ്‌. ഓരോ ക്ലബ്ബിലും വിദേശ താരങ്ങള്‍ കളിക്കുവാൻ എത്താറുണ്ട്‌. നാട്ടിന്‍പുറത്തും അങ്ങാടികളിലും ആഫ്രിക്കന്‍ കളിക്കാരെ ഈ സമയത്ത്‌ സ്ഥിരമായി കാണാന്‍ കഴിയും. തുടക്കത്തില്‍ സുഡാനില്‍ നിന്നുള്ള ഒന്നു രണ്ട് കളിക്കാരാണ് ഉണ്ടായിരുന്നത്. കേരളത്തിലെ ഫുട്ബോൾ കളിയിൽ സാന്നിധ്യമറിയിച്ച ആദ്യത്തെ ആഫ്രിക്കക്കാരൻ ഒരു സുഡാനി ആയിരുന്നു. ലൈബീരിയയില്‍ നിന്നും നൈജീരിയയില്‍ നിന്നും കോംഗോയില്‍ നിന്നും പിന്നീട് കളിക്കാര്‍ വരാന്‍ തുടങ്ങിയെങ്കിലും ആളുകൾ പൊതുവായി ഇവരെ സുഡാനി എന്ന് വിളിച്ചുവരുന്നു. സുഡാനിയും ചുരുക്കി സുഡു എന്ന് ഒറ്റ പേരിലാണ് ആഫ്രിക്കന്‍ കളിക്കാര്‍ വിളിക്കപ്പെടുന്നത്.

ഒരു സീസണിൽ നാട്ടിലെ ക്ലബ്ബില്‍ കളിക്കാനെത്തിയ ആഫ്രിക്കന്‍ കളിക്കാരന്റേയും ടീമിന്റെ മാനേജറായ മജീദിന്റെയും കഥയാണ്‌ ചിത്രം പറയുന്നത്‌. സാധാരണക്കാരനായ മജീദ്‌ സുഹൃത്തുക്കൾക്കൊപ്പം ഗ്രാമത്തിൽ താമസിക്കുന്നു. സുഡു കളിക്കാരിൽ ഒരാളായ സാമുവലിന്‌ ഒരു പരിക്കുപറ്റുകയും അതിനേത്തുടർന്നുണ്ടാവുന്ന ചില സംഭവങ്ങളുമാണ്‌ ചിത്രം പശ്ചാത്തലമാക്കുന്നത്‌. മജീദിൽ നിന്നും പറഞ്ഞുതുടങ്ങുന്ന കഥ, പൊതു സിനിമകളുടെ ഗതിയിൽ നിന്നും മാറിയാണ്‌ ഒഴുകിത്തുടങ്ങുന്നത്‌. വളരെ ലളിതമായ ഒരു കഥാതന്തുവിനെ അൽപ്പം പോലും ബോറടിക്കാത്ത വിധത്തിൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ്‌ സംവിധായകൻ.

മജീദിന്റെ ജീവിതം പരാജയമാണ്‌. ലക്ഷ്യങ്ങളെല്ലാം പരാജയപ്പെടുന്നു. ചില കാരണങ്ങൾകൊണ്ട്‌ വൃദ്ധമാതാപിതാക്കളോട്‌ സംസാരിക്കുവാൻ പോലും മജീദിന്‌ താത്പര്യമില്ല. ഫുട്ബോൾ കളിയും, സൗഹൃദങ്ങളുമാണ്‌ മജീദിന്റെ സന്തോഷം. കളിക്കാരെ മാനേജ്‌ ചെയ്യുന്നതിൽ പലപ്പോഴും മജീദിന്‌ പിഴവുകൾ ഭവിയ്ക്കാറുണ്ട്‌. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ മജീദിന്‌ തന്റെ നേതൃത്വത്തിൽ നൈജീരിയയിൽ നിന്നും വന്ന സുഡുവിന്‌ ഏറ്റ പരിക്ക്‌ സാമ്പത്തികബാധ്യതകൾ വരുത്തിവയ്ക്കുന്നു. തുടർന്നുള്ള സംഭവങ്ങൾ രണ്ട്‌ മണിക്കൂറിൽ കാണുവാൻ കഴിയുന്നത്‌. ആദ്യപകുതിയേക്കാൾ ഊർജ്ജം പകരുന്നതും എൻഗേജ്‌ ചെയ്യിക്കുന്നതും രണ്ടാം പകുതിയാണ്‌. ഉപസംഹാരഭാഗങ്ങൾ പ്രേക്ഷകനെ ചിന്തിപ്പിക്കുന്നു.

മുൻപ്‌ കരുതിയതുപോലെ, ഇതൊരു സ്പോർട്സ്‌ മുവീ അല്ല. എന്നാൽ കഥാസന്ദർഭങ്ങളുടെ അടിത്തറ സ്പോർട്സ്‌ ആണുതാനും. കുടുംബബന്ധങ്ങൾക്ക്‌ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ചിത്രമായാണ്‌ ‘സുഡാനി ഫ്രം നൈജീരിയ’ ഒരുക്കിയിരിക്കുന്നത്‌. സ്വാഭാവികത നിറഞ്ഞ ഒരു കഥ എന്നതിലുപരി യാതൊന്നും പ്രേക്ഷകരിലേയ്ക്ക്‌ അടിച്ചേൽപ്പിക്കുവാൻ സംവിധായകൻ ശ്രമിക്കുന്നില്ല. മറിച്ച്‌ യാഥാർത്ഥ്യവുമായി ചേർന്നുനിൽക്കുന്ന സരണി തന്നെ കഥാഖ്യാനത്തിനായി അദ്ദേഹം തിരഞ്ഞെടുത്തു. അസ്വാഭാവികത നിഴലിക്കുന്ന സംഭാഷണരംഗങ്ങളോ കൃത്രിമത്വം നിറഞ്ഞ രംഗങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായി പറഞ്ഞുതീർക്കുകയാണ്‌ ചിത്രം. ഒരു ഹാസ്യചിത്രം ആയിരുന്നില്ലെങ്കിൽ കൂടി, സ്വാഭാവിക സംഭാഷണങ്ങൾ പ്രേക്ഷകരെ വളരെയധികം ചിരിപ്പിക്കുന്നുണ്ട്‌.

ചിത്രത്തിൽ അതിഭാവുകത്വങ്ങളില്ലാതെ പരോക്ഷമായി പറഞ്ഞുപോകുന്ന വിലപ്പെട്ട ചില സന്ദേശങ്ങളുണ്ട്‌. ആഫ്രിക്കയും കഥാപശ്ചാത്തലത്തിൽ കടന്നുവരുന്ന ഈ ചിത്രത്തിൽ അവിടുത്തെ ജനങ്ങളുടെ അവസ്ഥകൾ വിവരിക്കുന്നു. കേരളത്തിലെ ജനങ്ങൾ എന്ന നിലയിൽ നാം ആസ്വദിക്കുന്ന ജലത്തിന്റെ ലഭ്യതയും, ആഫ്രിക്കയിലെ വരൾച്ചയും തമ്മിലുള്ള താരതമ്യം ശ്രദ്ധേയമാണ്‌. അതുപോലെ ഫുട്ബോൾ കളിയോടുള്ള ഇന്ത്യയുടെ സമീപനരീതികളേക്കുറിച്ചും നൈജീരിയൻ കഥാപാത്രത്തേക്കൊണ്ട്‌ പറയിക്കുന്നുണ്ട്‌. കുടുംബബന്ധത്തിന്റേയും സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും അനുകമ്പയുടേയും മികച്ച ദൃഷ്ടാന്തങ്ങൾ ചിത്രം വരച്ചുകാണിക്കുന്നു. സ്നേഹം സാർവ്വലൗകികമായ ഒന്നാണ്‌, ദേശഭാഷാ വ്യത്യാസങ്ങളില്ലാതെ ഓരോരുത്തരുടേയും ജീവിതം മറ്റുള്ളവർക്ക്‌ പാഠമായിത്തീരുന്നതും ചിത്രം വ്യക്തമായി കാണിച്ചുതരുന്നു.

കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ എടുത്തുപറഞ്ഞേ മതിയാവൂ. ഇന്ദ്രൻസ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌ തുടങ്ങിയ, ഹാസ്യരംഗങ്ങളിൽ തങ്ങളുടേതായ ഇടം കാത്തുസൂക്ഷിച്ച നടന്മാർ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ കൈയ്യടിനേടിയപ്പോൾ, സൗബിനും സ്വാഭാവിക പ്രകടനങ്ങളിലൂടെ മജീദ്‌ എന്ന കഥാപാത്രമായി മാറുന്നു. അന്നന്നത്തെ ദിവസങ്ങൾ എങ്ങനെയെങ്കിലുമൊക്കെ തള്ളിനീക്കി ജീവിതം നയിക്കുന്ന, അലസരായ യുവാക്കളുടെ പ്രതിനിധികൂടിയാണ്‌ മജീദ്‌. സമ്മർദ്ദങ്ങൾ അനുഭവിക്കുന്ന, തുടർ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന, ആംഗലേയ ഭാഷാപരിജ്ഞാനം കുറവുള്ള കഥാപാത്രവുമായി സൗബിന്റെ സംഭാഷണങ്ങൾ കൂടിച്ചേരുമ്പോൾ രസകരമായ അനുഭവമാണുണ്ടാവുന്നത്‌. മജീദിന്‌ നായികയായി ആരും തന്നെ ചിത്രത്തിലില്ല. എടുത്തുപറയേണ്ട മറ്റ്‌ കഥാപാത്രങ്ങൾ മജീദിന്റെ മാതാപിതാക്കളായും മാതാവിന്റെ കൂട്ടുകാരി ജമീലയായും അഭിനയിച്ച നടീനടന്മാരാണ്‌. മജീദിന്റെ മാതാവിനെ അവതരിപ്പിച്ച സാരസ ബാൽസൂരിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്നേഹമുള്ള, കരുതൽ പ്രകടമാക്കുന്ന, നിഷ്കളങ്കയായ ഈ കഥാപാത്രത്തിൽ നമ്മിൽ പലരുടേയും മാതാവിനെ കാണാം. ഊർജ്ജസ്വലയായ ഒരു കഥാപാത്രമായിരുന്നു ജമീല. നാടകരംഗത്തുനിന്നെത്തിയ സവിത്ര ശ്രീധരൻ, സാരസ ബാൽസൂരി എന്നിവർ യഥാക്രമം ജമീല, ബേയമ്മ എന്നിവരായി മാറിയത്‌.

‘സുഡു’ എന്ന സാമുവലായി അഭിനയിക്കുന്നത്‌ നൈജീരിയൻ അഭിനേതാവായ സാമുവൽ അബിയോള റോബിൻസൺ ആണ്‌. വളരെ മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്‌. മാതാവുമൊത്തുള്ളതും, കുടുംബത്തോടൊത്തുള്ളതുമായ സംഭാഷണങ്ങൾ, പ്രകടനങ്ങൾ, ഇമോഷണൽ രംഗങ്ങൾ എല്ലാം വളരെ നല്ല വിധത്തിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ചില നോട്ടങ്ങൾക്കോ പുഞ്ചിരിക്കോ ഒരുപക്ഷേ ഒരായിരം വാക്കുകളേക്കാൾ അർത്ഥമുണ്ടാകും എന്ന് പലപ്പോഴും ഈ നടന്റെ പ്രകടനങ്ങളിൽ നിന്ന് തോന്നി. നായകനു ചുറ്റും വലം വയ്ക്കുന്ന കഥാപാത്രങ്ങളും സ്വാഭാവിക പ്രകടനങ്ങൾ കാഴ്ചവച്ചു.

ചിത്രത്തിന്റെ സംഗീതവിഭാഗം ശ്രദ്ധേയമാണ്‌. ഷഹബാസ്‌ അമൻ, റെക്സ്‌ വിജയൻ എന്നിവരുടെ സാന്നിധ്യത്തിൽ ചിത്രത്തിനു ചേരുന്ന വിധത്തിലുള്ള ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കൽപെട്ടിട്ടുണ്ട്‌. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗും ചിത്രത്തെ പൂർണ്ണതയുള്ളതാക്കിമാറ്റി. നവാഗതസംവിധായകർ മികച്ച സിനിമകൾ മലയാളത്തിന്‌ സമ്മാനിക്കുമ്പോൾ, സക്കറിയയും അതേ പാതതന്നെ പിന്തുടരുന്നു. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നിഷ്കളങ്കതയുടേയും നന്മയുടേയും ചില പാഠങ്ങൾ ചിത്രം നൽകുവാൻ ശ്രമിക്കുകയാണ്‌. തന്റെ ആദ്യചിത്രത്തിൽ മുഖ്യവിഷയമാക്കിയ സഖറിയയുടെ ശ്രമത്തെ വിലമതിക്കേണ്ടതാണ്‌. ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ പൂർണ്ണ തൃപ്തി പ്രദാനം ചെയ്യുന്ന ചിത്രം തന്നെയാണ്‌ സുഡാനി ഫ്രം നൈജീരിയ.

പൂത്തുലുലയുന്ന പൂമരം.

ഒരു സിനിമയ്ക്ക് മേൽ ഇത്രയേറെ കാത്തിരുപ്പ് ഉണ്ടായത് ഇതാദ്യമായാണ്‌. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കാളിദാസ് ആദ്യമായി നായകനായെത്തുന്ന മലയാളചിത്രമെന്ന നിലയിലും മലയാളി പ്രേക്ഷകസമൂഹം പ്രതീക്ഷകൾ വച്ചുപുലർത്തിയിരുന്നു. 2016 ആഗസ്റ്റ് 27-ന് കാളിദാസ് തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ ചിത്രത്തിനായി ഒന്നരവർഷമായി മലയാളിപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 2016 സെപ്തംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങി, നവംബറിൽ ആദ്യഗാനവും പുറത്തിറങ്ങി. ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം ക്യാംപസുകളിൽ ട്രെൻഡ് ആയി. ഈ ഗാനം ചിത്രത്തോടുള്ള താത്പര്യം പ്രേക്ഷകർക്ക്‌ ഒന്നുകൂടി വർദ്ധിക്കുവാൻ കാരണമായി. സിനിമയുടെ റിലീസ് വൈകുന്നതായിരുന്നു ട്രോളന്മാർ വിഷയമാക്കിയത്. പിന്നീട് 2017 മെയ് 13-ന് ‘കടവത്തൊരു തോണി’ എന്ന ഗാനം പുറത്തിറങ്ങി, സ്വീകാര്യതയും നേടി.

ചിത്രീകരണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ട്രോളന്മാരും ചിത്രം ഏറ്റെടുത്തു. ഫേസ്ബുക്ക്‌ ട്രോളുകൾ നമ്മെ ഇത്രയധികം കീഴടക്കിയിരിക്കുന്ന ഈ നാളുകളിൽ റിലീസ് ചെയ്യപ്പെടാത്ത ഒരു സിനിമ ട്രോളുകളിലൂടെ ഇത്രയധികം ചർച്ച ചെയ്യപ്പെട്ടതും ഇതാദ്യമാണ്‌. സിനിമയ്ക്കും തനിക്കും നേരെ വരുന്ന കമന്റുകൾക്ക് രസകരമായ മറുപടി നൽകി കാളിദാസും പ്രേക്ഷകരുടെ ഇഷ്ടം നേടി. തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ട്രോളുകൾ പ്രേക്ഷകർക്കായി പങ്കുവക്കാനും ഒരുമടിയും താരത്തിനില്ലായിരുന്നു. ഇതെല്ലാം ആത്മവിശ്വാസത്തോടെ സിനിമയുടെ നല്ലതിനായി മാത്രം കണ്ടായിരുന്നു കാളിദാസന്റെ മുന്നേറ്റം. എന്തുതന്നെയായാലും പ്രേക്ഷകമനസ്സുകളിൽ നിന്നും മങ്ങിപ്പോവേണ്ടിയിരുന്ന ചിത്രത്തെ സ്ഫുരിച്ച്‌ നിർത്തുവാൻ ഇടയാക്കിയത്‌ ട്രോളുകൾ തന്നെയായിരുന്നു. അതിനിടെ റിലീസ് ചെയ്യാത്ത സിനിമയുടെ നിരൂപണം വരെ അണിയറപ്രവർത്തകർക്ക് കാണേണ്ടി വന്നു. ഒരു ടീസറോ ട്രെയിലറിലോ പുറത്തിറക്കാതെ അവസാനം പൂമരം ഇന്നുമുതൽ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്‌.

സ്വന്തമായ പാതയിലൂടെ വിമർശനങ്ങൾക്ക്‌ അർഹിക്കുന്ന പ്രാധാന്യം നൽകിക്കൊണ്ട്‌ സിനിമയൊരുക്കുക എന്നതാണ്‌ എബ്രിഡ്‌ ഷൈനിന്റെ രീതി. ആക്ഷൻ ഹീറോ ബിജുവിൽ ഒരു പൊലീസ്‌ ഉദ്യോഗസ്ഥനോടൊപ്പമുള്ള യാത്രായിരുന്നു പ്രേക്ഷകന്‌ എബ്രിഡ്‌ ഷൈൻ സമ്മാനിച്ചതെങ്കിൽ പൂമരത്തിൽ മഹാത്മാ സർവ്വകലാശാലാ കലോത്സവവേദിയിലേയ്ക്ക്‌ പ്രേക്ഷകനെ ആനയിക്കുകയാണ്‌ സംവിധായകൻ. ആക്ഷൻ ഹീറോ ബിജു പോലെ തന്നെ, ആഴമേറിയ ഒരു കഥാപശ്ചാത്തലം പൂമരത്തിനുമില്ല. എന്നാൽ കലാലയത്തിന്റെ സൗരഭ്യവും മത്സരാവേശവും ഒരുക്കങ്ങളും പ്രണയവും സൗഹൃദവും സംഘർഷങ്ങളുമെല്ലാം ഒത്തുചേര്‍ന്ന, അഞ്ചുദിവസങ്ങൾ നീണ്ടുനിൽക്കുന്ന കലോത്സവലഹരിയിലേയ്ക്ക്‌ സംവിധായകൻ പ്രേക്ഷകരെ കൈപിടിച്ചിരുത്തുന്നു. എബ്രിഡ് ഷൈൻ തന്നെയാണ് ചിത്രത്തിന്‌ തിരക്കഥയൊരുക്കിയിരിക്കുന്നതും.

മഹാത്മാ സർവ്വകലാശാല കലോത്സവത്തിലെ മഹാരാജാസ് കോളേജും സെന്റ് ട്രീസ കോളേജും തമ്മിലുള്ള കിരീടപ്പോരാട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അഞ്ചുവർഷങ്ങളായി കിരീടജേതാക്കളായുള്ള സെന്റ്‌ ട്രീസയുമായുള്ള മഹാരാജാസ് കോളേജിന്റെ മത്സരവും അതിനിടയിൽ അരങ്ങേറുന്ന ചില സംഭവങ്ങളുമാണ്‌ ചിത്രം പറഞ്ഞുപോകുന്നത്‌. ‘സർവ്വകലാശാല’ മുതൽ ഇങ്ങോളമുള്ള ക്യാമ്പസ്‌ ചിത്രങ്ങളെല്ലാം സ്ഥാപിച്ചുവച്ചിരിക്കുന്ന പൊതു ചട്ടക്കൂടിനകത്തുനിന്നുകൊണ്ടല്ല പൂമരം ആഖ്യാനിക്കപ്പെടുന്നത്‌. കലോത്സവങ്ങളും അനുബന്ധ സംഭവങ്ങളും വിവിധ ചിത്രങ്ങളിൽ വിവിധ രൂപങ്ങളിൽ നമുക്ക്‌ കാണാൻ സാധിച്ചിട്ടുണ്ട്‌. ക്യാമ്പസ്‌ ചിത്രങ്ങളിലെല്ലാം പൊതുവായി കണ്ടുവരുന്ന ചില കാഴ്ചകളുണ്ട്‌. അവയിൽ നിന്നെല്ലാം അന്യം നിൽക്കുകയാണ്‌ പൂമരം. പ്രണയരംഗങ്ങളോ ഹോസ്റ്റൽ മുറി രംഗങ്ങളോ, ചിത്രീകരിക്കുന്നതിൽ എബ്രിഡ്‌ ഷൈൻ ആരെയും അനുകരിച്ചിട്ടില്ല. പുകവലി-മദ്യപാന രംഗങ്ങളോ മറ്റ്‌ അനാവശ്യ സംഭാഷണരംഗങ്ങളോ ചിത്രത്തിൽ ചേർക്കപ്പെട്ടിട്ടില്ല. മറിച്ച്‌ പരാമർശവിധേയമായ വിഷയത്തിന്റെ ഗൗരവം ചോർന്നുപോകാതെ ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്‌.

പൂമരത്തെ സംബന്ധിച്ചിടത്തോളം ഒരു കലോത്സവത്തെ ചുറ്റിപ്പറ്റിയുള്ള ഏതാണ്ട്‌ എല്ലാ വശങ്ങളെയും ചിത്രം സ്പർശിക്കുന്നുണ്ട്‌. കേരളത്തിന്റെ സാംസ്കാരികരംഗം പലവിധങ്ങളിൽ കലോത്സവങ്ങളാല്‍ സമ്പന്നമാക്കപ്പെടുന്നുണ്ട്‌. അനുഭവങ്ങളുടെയും സര്‍ഗാത്മകതയുടെയും വിസ്‌ഫോടനങ്ങളാണ് കലോത്സവവേദികളില്‍ സൃഷ്ടിക്കപ്പെടുന്നത്‌. ഇത്തരം വിസ്‌ഫോടനങ്ങളാണ്‌ ഭാവിക്ക് ആവശ്യമായ നിക്ഷേപങ്ങളായി മാറുന്നത്. ഒരു കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള ശ്രമങ്ങൾ, മത്സരാർത്ഥികളുടെ സംഘർഷങ്ങൾ ഇവയെല്ലാം അതേപടി ഒപ്പിയെടുത്തിരിക്കുകയാണ്‌ സംവിധായകൻ.

സിനിമാറ്റിക്‌ ഘടകങ്ങളെ മാറ്റി നിറുത്തിക്കൊണ്ട്‌, യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആവിഷ്കാരമാണ്‌ സംവിധായകൻ അവലംബിച്ചിരിക്കുന്നത്‌. മനോഹരമായ കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, മികച്ച സിനിമാനുഭവം പ്രദാനം ചെയ്യുന്ന ഒരു ചിത്രമാണ്‌ പൂമരം. വളരെയധികം സാംസ്കാരിക പാരമ്പര്യമുള്ള മഹാരാജാസ്‌ കോളേജിൽ ചെയർമാനായ ഗൗതമൻ പരിപാടികൾക്ക്‌ നേതൃത്വം നൽകുന്നു. ഒരു നായകൻ അല്ലെങ്കിൽ ലീഡർ എങ്ങനെയുള്ളവൻ ആയിരിക്കണം എന്നതിനേക്കുറിച്ച്‌ ഒരുൾക്കാഴ്ച നൽകിത്തരുവാൻ ചിത്രത്തിനു സാധിച്ചിട്ടുണ്ട്‌. നേതൃത്വസ്ഥാനം വഹിക്കുന്നവർക്ക്‌ വേണ്ടുന്ന പാടവത്തേക്കുറിച്ചും ഉൾക്കാഴ്ചയേക്കുറിച്ചും ചിത്രം വിശദമാക്കുന്നുണ്ട്‌.

സംഭാഷണങ്ങൾക്ക്‌ പ്രാധാന്യമുള്ള ചിത്രമാണ്‌. നായകനും പിതാവുമൊത്തുള്ള സംഭാഷണരംഗങ്ങളിൽ നിന്നുമാരംഭിക്കുന്ന ചിത്രം തുടക്കത്തിൽത്തന്നെ പറയുവാനുദ്ദേശിക്കുന്ന കാര്യങ്ങളേക്കുറിച്ച്‌ ഏകദേശരൂപം പ്രേക്ഷകർക്ക്‌ നൽകിത്തരുന്നുണ്ട്‌. സ്നേഹവാനായ പിതാവ്‌ മകനു നൽകുന്ന ശാസനകളും നിർദ്ദേശങ്ങളും ശിക്ഷണവും ഇന്നത്തെ ഓരോ കുടുംബാംഗങ്ങൾക്കും മാതൃകയാണ്‌. പലപ്പോഴും ക്യാമ്പസ്‌ ചിത്രങ്ങൾ നായകത്വത്തിന്റെ ശ്രേഷ്ഠതയിൽ ഊന്നിനിലയുറപ്പിക്കുവാൻ ശ്രമം ചെയ്യുമ്പോൾ പൂമരം അതിൽ നിന്നും വ്യത്യസ്തമാകുന്നു. ആക്ഷൻ ഹീറോ ബിജുവിലെ നായകനെ പ്രവൃത്തികളിലൂടെ ഹീറോ ആക്കിക്കാണിക്കുവാൻ ശ്രമം ചെയ്ത എബ്രിഡ്‌ ഷൈൻ പൂമരത്തിലും നായകനെ വ്യത്യസ്തനാക്കിത്തീർക്കുന്നത്‌ പ്രവൃത്തികളിലൂടെയാണ്‌.

കിരീടം നിലനിറുത്തുവാൻ യത്നിക്കുന്ന ഒരു ടീമും, മത്സരത്തിൽ തങ്ങൾ ഒരിക്കലും വീണുപോവില്ലെന്നുറപ്പിച്ച മറ്റൊരു ടീമും തമ്മിലുള്ള വാശിയേറിയ മത്സരം പ്രേക്ഷകനെ തെല്ലും ബോറടിപ്പിക്കുന്നില്ല. ഒരു പരിധിവരെ ഉത്സവാന്തരീക്ഷം പകർന്നുനൽകുവാനും ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്‌. യുവജനങ്ങൾക്ക്‌ പ്രാധാന്യമുള്ള, യുവത്വത്തിന്റെ കഥപറയുന്ന ഒരു ചിത്രം എന്നതിലുപരി, കാലോചിതമായ വിവിധ വിഷയങ്ങളിലേയ്ക്കും ചിത്രം വിരൽ ചൂണ്ടുന്നുണ്ട്‌. തണൽ, മരം നടൽ, പുഴകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചിത്രം പരോക്ഷമായി പ്രതിപാദിക്കുന്നു. കലോത്സവങ്ങളുടെ വിധിനിർണ്ണയം, ജഡ്ജസിന്റെ ഈഗോ പ്രശ്നങ്ങൾ, പണം കൈപ്പറ്റിക്കൊണ്ടുള്ള ഫലപ്രഖ്യാപനം, ശേഷമുള്ള ലഹളകൾ തുടങ്ങിയ വിഷയങ്ങളും ചേർക്കപ്പെട്ടിട്ടുണ്ട്‌. കെ.പി.കറുപ്പന്റെ അധ്യാപനനിയമനത്തേക്കുറിച്ചുള്ള നായകന്റെ ആവേശോജ്ജ്വലമായ വാക്കുകൾ, എടുത്തുപറയേണ്ടതാണ്‌. രണ്ടാം പകുതിയിലെ പൊലീസ്‌ സ്റ്റേഷൻ രംഗങ്ങളും സംഭാഷണങ്ങളും സബ്‌ ഇൻസ്പെക്ടർ നേരിട്ട പ്രതികളുമെല്ലാം ആക്ഷൻ ഹീറോ ബിജുവിനെ ഓർമ്മിപ്പിച്ചു.

ഒരു കലോത്സവനഗരിയിൽ ക്യാമറ കൊണ്ടുപോയിവച്ച അനുഭവമാണ്‌ പലപ്പോഴും പ്രേക്ഷകന്‌ അനുഭവപ്പെടുന്നത്‌. കൃത്രിമത്വമില്ലാത്ത, സന്ദർഭോചിത ഹാസ്യസംഭാഷണങ്ങളുടെ അകമ്പടിയും ചിത്രത്തിനുണ്ട്‌. നിറങ്ങളുടെ, കലയുടെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ
സാംസ്കാരികത്തനിമയുള്ള കലോത്സവങ്ങളും വേദികളും അതാത്‌ കാലങ്ങളിലെ യുവജനങ്ങളെ ഏതെല്ലാം വിധങ്ങളിൽ സ്വാധീനിക്കുന്നു എന്ന് ചിത്രം വ്യക്തമാക്കിത്തരുന്നുണ്ട്‌. ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത് അവരിലെ സർഗ്ഗശേഷിയാണ്. എഴുത്തിലും പാട്ടിലും നൃത്തത്തിലും മാത്രമല്ല സർഗ്ഗാത്മകത സന്നിവേശിപ്പിക്കേണ്ടത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത്‌ പ്രയോഗിക്കുവാൻ സാധിക്കും എന്ന പൊതു തത്വം ചിത്രം വ്യക്തമാക്കിത്തരുന്നുണ്ട്‌.

താരപ്രാധാന്യമില്ലാത്ത ചിത്രത്തിൽ, കഥാസന്ദർഭങ്ങൾക്കനുസൃതമായി വഴങ്ങുക എന്നത്‌ മാത്രമേ നടീനടന്മാർ ചെയ്യേണ്ടിയിരുന്നുള്ളൂ. ആ അർത്ഥത്തിൽ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്‌. മുൻപ്‌ ചില ചിത്രങ്ങളിൽ ബാലതാരമായി മികവുറ്റ പ്രകടനങ്ങൾ കാഴ്ചവച്ച താരപുത്രൻ കഥാപാത്രത്തിന്‌ അനുയോജ്യമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്‌. കാളിദാസിന്‌ നായികമാരായി ആരും തന്നെയില്ലെങ്കിലും എതിർ ടീമിലെ കഥാപാത്രങ്ങളായെത്തിയ പെൺകുട്ടികൾ എല്ലാവരും തന്നെ മികച്ച പ്രകടനങ്ങളായിരുന്നു. ആക്ഷൻ ഹീറോ ബിജുവിൽ സ്വവർഗ്ഗപ്രേമിയായ ഒരു കഥാപാത്രത്തെ ഹാസ്യവതകരിച്ചപ്പോൾ പൂമരത്തിൽ ട്രാൻസ്‌ ജെൻഡേഴ്സിനും തക്കതായ പ്രാമുഖ്യത നൽകിയിരിക്കുന്നു.

ചിത്രത്തിന്റെ സംഗീതവിഭാഗം അഭിനന്ദനമർഹിക്കുന്നു. ഏതാനും കവിതകൾ ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം ചിത്രവുമായി ഇഴചേർന്നുനിൽക്കുന്നു. ഛായാഗ്രഹണം ജ്ഞാനം സുബ്രഹ്മണ്യൻ നിർവ്വഹിക്കുമ്പോൾ മികച്ച കാഴ്ചാനുഭവം തന്നെ പ്രേക്ഷകന്‌ ലഭിക്കുന്നു.

ഏത്‌ കാര്യത്തിനും വ്യഗ്രത കൊള്ളുന്ന, എന്തിനും ഏതിനും വേഗത കൂടിയേ തീരൂ എന്ന് ശഠിക്കുന്ന ഇന്നത്തെ തലമുറ ചിത്രത്തെ ഏതുവിധത്തിൽ സമീപിക്കും എന്നതിൽ തെല്ല് സംശയമുണ്ട്‌. എന്നാൽ ഒരു കലാലയജീവിതത്തിന്റെ മധുരം നുകർന്നവരാണ്‌ നിങ്ങളെങ്കിൽ പൂമരം നിങ്ങൾക്ക്‌ ഒരു മടക്കയാത്രതന്നെ സമ്മാനിച്ചിരിക്കും എന്നുറപ്പുണ്ട്‌.

സൗന്ദര്യപരിപ്രേക്ഷ്യങ്ങളുടെ മാറ്റിയെഴുത്തുമായി The Shape Of Water.

ചിത്രകഥകളായും കഥപറച്ചിലുകാരുടെ താളവ്യത്യാസങ്ങളിലായും നൃത്തമായും സംഗീതമായും സ്റ്റേജിലും സ്‌ക്രീനിലുമെല്ലാം നിറഞ്ഞാടിയ ‘The Beauty and the Beast’ എന്ന ഫ്രഞ്ച് Fairytale-ന്റെ രൂപകത്തിൽ ‘സൗന്ദര്യം’ എന്ന ഏറ്റവും ആത്മനിഷ്ഠമായ, മറ്റേത്‌ ദൃശ്യമാകുന്ന മാനുഷികമൂല്യങ്ങളുടെയും വലിപ്പച്ചെറുപ്പങ്ങൾ നിശ്ചയിക്കുന്ന ഒന്നിനെ, ഒരു ചിത്രകാരന്റെ ഭാവാത്മകതയിൽ, ഒരു ശില്പിയുടെ കരവിരുതിൽ, ഒരു സംഗീതജ്ഞന്റെ കാവ്യാത്മകതയിൽ Guillermo del Toro വ്യാഖ്യാനിക്കുന്ന, അളന്നുമുറിക്കുന്ന, ആഘോഷമാക്കുന്ന ചിത്രമാണ് ‘The Shape Of Water.’ അറുപതുകളിലെ കോൾഡ് വാർ കാലഘട്ടത്തിലാണ് സിനിമ അവതരിപ്പിക്കപ്പെടുന്നത്. സ്റ്റേറ്റ് രഹസ്യമായി നടത്തിവരുന്ന ഒരു ലബോറട്ടറിയിൽ പരിപാലകയാണ് എലീസ എന്ന കേന്ദ്രകഥാപാത്രം. മൂകയായ എലീസ, അവൾക്കുചുറ്റുമുള്ള ചെറിയ ലോകത്തെക്കുറിച്ചുള്ള കൗതുകത്താൽ, തന്റെ വിരസജീവിതത്തോടുള്ള മടുപ്പിനാൽ എല്ലാത്തിനോടും ഒരു എക്സൈറ്റ്മെന്റ് സൂക്ഷിക്കുന്നവളാണ്. അങ്ങനെയിരിക്കെ സ്റ്റേറ്റ് പരീക്ഷണത്തിനായി കൊണ്ടുവരുന്ന ഒരു ഉഭയജീവിയിൽ ആകൃഷ്ടയാകുന്ന എലീസ അതുമായി വിനിമയം ചെയ്യുവാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു. അവർക്കിടയിൽ വളർന്നുവരുന്ന ബന്ധത്താൽ ഈ ജീവിയെ രക്ഷപ്പെടുത്തുവാൻ എലീസ ശ്രമിക്കുന്നതും അനുബന്ധസംഭവങ്ങളുമാണ്‌ ചിത്രം പറയുന്നത്‌.

Sally Hawkins അവതരിപ്പിച്ച എലീസ എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. ഒരു നദിയിൽ നിന്നും കിട്ടിയ, ജന്മനാ മൂകയായ, അനാഥയായ ഒരുവൾ. തന്റെ വൈകല്യത്തിന്റെ ഫലമായി എല്ലാവരിൽ നിന്നും അനുതാപം ഏറ്റുവാങ്ങേണ്ടിവന്ന, ‘താൻ’ എന്ന ഐഡന്റിറ്റി ഈ സഹാനുഭൂതിയിൽ ഇല്ലാതാവുന്നത് അനുഭവിക്കേണ്ടിവന്ന, വളരെ വിരസമായ ദിനചര്യകളിലേക്ക് കൂപ്പുകുത്തേണ്ടിവന്ന കഥാപാത്രമാണ് എലീസ. ആരോരുമില്ലായ്മയുടെ മടുപ്പുനികത്തുവാൻ വേണ്ടി അയൽക്കാരനായ Giles-ന് മകളെപോലെയാവുകയും ടെലിവിഷനിൽ കാണുന്ന നൃത്തത്തിലും രാവെളിച്ചങ്ങളിലും താൻ ജോലിചെയ്യുന്ന ലബോറട്ടറിയുടെ രഹസ്യങ്ങളിലും അഭിരമിക്കുവാൻ, അതുവഴിയെങ്കിലും താനായി നിലനിൽക്കുവാൻ ആഗ്രഹിക്കുന്നവളാണ് അവൾ. എലീസയാൽ പ്രേക്ഷകനിൽ ജനിക്കുന്ന Empathy ആണ് ചിത്രത്തിന്റെ ആത്മാവായി കണക്കാക്കുവാൻ കഴിയുക. ‘Disabled’ എന്ന ‘ബ്യൂട്ടിലെസ്സ്’ സ്റ്റേറ്റ് അല്ല, മറിച്ച്‌ ഓരോ gesture-കളിലൂടെയും എലീസ നേടിയെടുക്കുന്ന വാത്സല്യം, അവൾ സ്വയം കണ്ടെത്തുവാൻ ആഗ്രഹിക്കുന്നതോ നേടിയെടുക്കുന്നതോ ആയ ഒരു ചിരി തുടങ്ങിയവയിലൂടെയാണ് ചിത്രവും, അതിന്റെ ആഴവും ആരംഭിക്കുന്നത്.

ആന്തരിക സൗന്ദര്യത്താൽ, വശ്യയായ രാജകുമാരിയെ വിജയിച്ച്‌ ശാപമോക്ഷം നേടുന്ന മൃഗരാജാവിന്റെ വീരഗാഥയാണ് അടിസ്ഥാന രൂപകമെങ്കിലും ‘Beauty’ എന്നതിനെ മൂകയായ, വിരസയായ, ഒറ്റപ്പെട്ടവളായ ഒരുവളുടെ ജീവിതത്തിലൂടെ നോക്കികാണുവാനാണ്‌ ചിത്രം ശ്രമിക്കുന്നത്. സൗന്ദര്യത്തെ മൂല്യവത്കരിക്കുന്നതിനാൽ alarm സെറ്റ് ചെയ്ത് സ്വയംഭോഗം ചെയ്യേണ്ടിവരുന്നത്ര ഒറ്റപ്പെടുന്ന, പ്രണയത്തിലും രതിയിലും അവഗണിക്കപ്പെടുന്ന, വിഷാദത്തിനപ്പുറം ജീവിതാർത്ഥങ്ങളുടെ ആഴമില്ലായ്മ തിരിച്ചറിയുന്ന മൂകയായ, കുറവുകൾ ഏറെയുള്ള ‘രാജകുമാരിയാണ്’ ചിത്രത്തിലെ നായിക. അവൾക്കാണ് കാമുകനായിമാറുന്ന ഒരു ഉഭയജീവി ശാപമോക്ഷമരുളുന്നത്. നായികയുടെ വാക്കുകൾ കടമെടുത്താൽ ‘അത് അവളെ’ കാണുന്നുണ്ട്. അവളുടെ ഇല്ലായ്മകളുടെയും കുറവുകളുടെയും മൂടുപടങ്ങൾ ഇല്ലാതെ അത് അവളെ മാത്രമാണ് കാണുന്നത്. അത്രയും ലളിതമായാണ്, ലാളിത്യത്തോടെയാണ്, ‘It’ എന്നത് ‘Him’ ആവുന്നിടത് അത് പ്രൊപ്പഗേറ്റ് ചെയ്യുന്ന, ചലഞ്ച് ചെയ്യുന്ന, മാറ്റിയെഴുതുന്ന Perceptions തുറന്നുകാട്ടിയാണ് Guillermo സൗന്ദര്യത്തിന്റെ പഴകിത്തെളിഞ്ഞ കാവ്യങ്ങളെ മാറ്റിയെഴുതുന്നത്. വലിപ്പച്ചെറുപ്പങ്ങൾ തീർക്കുന്ന ഗാഥകളേക്കാൾ വളരെ Balanced ആയാണ് സൗന്ദര്യത്തിന്റെ രാഷ്ട്രീയത്തെ ഇതുവഴി സംവിധായകൻ അവതരിപ്പിക്കുന്നത്.

Pan’s Labyrinth-ലേത് പോലെ പൊളിറ്റിക്കൽ സബ്‌ടെക്സ്റ്റുകൾ ഈ ചിത്രത്തിലും ഉൾപ്പെടുത്തുവാൻ Guillermo മറക്കുന്നില്ല. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിലുണ്ടായിരുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെടുക്കപ്പെടുന്ന ഉഭയജീവിയെ തങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുമോയെന്നുള്ള ശ്രമം ആരംഭിക്കുകയും ഇല്ലെന്ന സാഹചര്യത്തിൽ അതിനെ ഒരു Intruder ആയിക്കണ്ട് ഒഴിവാക്കാനാണ് അവർ ശ്രമിക്കുന്നത്. Intruder എന്നതിനെ ഒരു ഓപ്പൺ വാക്ക്വം ആയി കൺസീവ് ചെയ്യുവാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. ഇന്ന് സമൂഹം ഒരു ഇൻട്രൂഡർ ആയിമാത്രം സമീപിക്കുന്ന എന്തിനെയും, ആരെയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളും (ചിത്രത്തിൽ അധികാരത്തിന്റെ രണ്ട് വശങ്ങളായ രാജ്യങ്ങൾ ആണെന്നുമാത്രം) തിരസ്ക്കരിക്കുന്നുണ്ടെന്ന് അടയാളപ്പെടുത്തുന്നുണ്ട് സംവിധായകൻ. ഇന്ന് നിലനിൽക്കുന്ന സ്ത്രീത്വത്തിന്റെ, കറുത്തവരുടെ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ, അഭയാർഥികളുടെ ഒക്കെ പ്രതിനിധിയായി തീരുവാൻ known-identity-ക്കപ്പുറം ഉപയോഗിക്കപ്പെടുവാനും ഇല്ലാതാക്കപ്പെടുവാനും വിധിക്കപ്പെട്ട ചിത്രത്തിലെ ആംഫിബിയന് ആവുന്നുണ്ട് എന്നത് സംവിധായകനായ Guillermo del Toro-യുടെ മിടുക്കാണ്.

സംവിധായകന്റെ ക്രാഫ്റ്റിനപ്പുറം ചിത്രത്തെ ജീവിപ്പിക്കുന്നത് എലൈസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച Sally Hawkins-ഉം സംഗീതം നിർവ്വഹിച്ച Alexandre Desplat-ഉം ആണ്. സംസാരശേഷിയില്ലാത്ത എലൈസയുടെ ജീവിതത്തിന് ആന്തരികമായ താളം തീർക്കുവാൻ, പൂർണ്ണത വരുത്തുവാൻ ഹോക്കിൻസിന്റെ അഭിനയമികവും ഡെസ്പ്ലാറ്റിന്റെ മന്ത്രികസംഗീതവും ഒരുപോലെ വിനയോഗിക്കപ്പെടുന്നുണ്ട്. ക്രൂഷ്യൽ ആയ പലസന്ദർഭങ്ങളും പ്രേക്ഷകനിലേക്കെത്തുന്നത് ഇവ രണ്ടിന്റെയും തത്തുല്യമായ അവതരണത്തിലാണ്. കേവലം ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ആവുക എന്നതിനേക്കാൾ എലൈസയുടെ ‘ഡിസബിലിറ്റി’ ഇല്ലാതാക്കുകയാണ് ഡെസ്പ്ലാറ്റിന്റെ സംഗീതം ചെയ്യുന്നത്. അറുപതുകളുടെ സെറ്റിങ്ങിൽ രാത്രിദൃശ്യങ്ങൾ കൂടുതൽ മനോഹരമാവുകയും സംവിധായകന്റെ elegance തുടരുകയും ചെയ്യുന്നുണ്ട്. എല്ലാം പ്രതിധ്വനിക്കുന്ന സാലി ഹോക്കിൻസിന്റെ വശ്യമായ മുഖം ചിത്രത്തിന് പൂർണ്ണതയേകുന്നുണ്ട്.

വെനീസ് ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്ത്, ഗോൾഡൻ ലയൺ പുരസ്ക്കാരം നേടിയാണ് ചിത്രം പ്രേക്ഷകരുടേയും അനുവാചകരുടെയും ഇടയിലേക്ക് കടക്കുന്നത്. മിക്ക നിരൂപകപ്രസിദ്ധീകരണങ്ങളും പോയവർഷത്തെ ഒന്നാമതെന്ന് വിലയിരുത്തിയ ചിത്രം ഇന്ന് പ്രഖ്യാപിച്ച തൊണ്ണൂറാമത് അക്കാദമി പുരസ്‌ക്കാരങ്ങളിലും, 13 നോമിനേഷനുകളിൽ നിന്ന് 4 ജയങ്ങളോടെ മികവുപുലർത്തി. Paul Denham Austerberry, Shane Vieau, Jeff Melvin എന്നിവർ ബാൾട്ടിമോർ നഗരത്തിന്റെ അറുപതുകളുടെ ദൃശ്യങ്ങളിലേക്ക് ചിത്രത്തെ സ്ഥാപിച്ചുകൊണ്ട് Production Design ക്യാറ്റഗറിയിൽ ഓസ്‌ക്കാർ നേടി. പകരംവെക്കാനില്ലാത്ത സംഗീതമികവിന് Best Original Score വിഭാഗത്തിൽ Alexandre Desplat-ഉം വിഭിന്നകലകളുടെ മൂർത്തീഭാവങ്ങൾ സിനിമയുടെ വിഷ്വലിന്റെ ചാരുതയിൽ യോജിപ്പിച്ചതിന് Best Director വിഭാഗത്തിൽ Guillermo del Toro-യും ഓസ്‌ക്കാർ പുരസ്ക്കാരം നേടി. Three Billboards Outside Ebbing, Missouri, Dunkirk തുടങ്ങി എട്ട്‌ ചിത്രങ്ങളെ പിന്നിലാക്കി Best Picture-നുള്ള പുരസ്‌ക്കാരവും ഇന്നത്തെ ഓസ്‌ക്കാർ നിശയിൽ നേടിയെടുക്കുവാൻ The Shape Of Water-ന് കഴിഞ്ഞു. ഫാന്റസി ജനുസ്സിൽ തന്നെ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടതിന്റെ വിജയമാണ് ‘The Shape Of Water’-നുള്ളത്. പോയവർഷത്തെ ഏറ്റവും മികച്ച ചിത്രമായി ‘The Shape Of Water’ മാറുന്നതും ചിത്രത്തിനകത്തും പുറത്തുമുള്ള ഈ വിജയങ്ങൾ കാരണമാണ്.