നിഷ്കളങ്കതയിലും നന്മയിലും നർമ്മത്തിലും ചാലിച്ചെടുത്ത സുഡാനി.

സ്വതസിദ്ധമായ സംഭാഷണശൈലിയിലൂടെയും പ്രകടനങ്ങളിലൂടെയും ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയനടനാണ്‌ സൗബിൻ ഷാഹിർ. ഒരുപക്ഷേ തിയെറ്ററിൽ സൂപ്പർ താരങ്ങളേക്കാൾ കൂടുതൽ കൈയ്യടി നേടിയെടുക്കുവാൻ ഏതാനും ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച സൗബിന്‌ കഴിഞ്ഞിട്ടുണ്ട്‌. കമ്മട്ടിപ്പാടത്തിലെ നെഗറ്റിവ്‌ കഥാപാത്രം ഇതിൽ നിന്നെല്ലാം വേറിട്ടുനിൽക്കും. കഴിഞ്ഞവർഷം ഒരു സംവിധായകനെന്ന നിലയിൽ തുടക്കം കുറിച്ച ‘പറവ’ വാണിജ്യപരമായി വിജയം നേടുകയും ചെയ്തു. ഇപ്പോൾ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ സൗബിൻ നായകനായഭിനയിക്കുകയാണ്‌.

സമീർ താഹിർ, ഷൈജു ഖാലിദ്‌, ഷഹബാസ്‌ അമൻ, റെക്സ്‌ വിജയൻ എന്നീ പേരുകൾ, നവതലമുറ സിനിമാ പ്രേക്ഷകരെ ഉറ്റുനോക്കുന്നവരെ സംബന്ധിച്ചിടത്തോളം മൂല്യമുള്ളതാണ്‌. തങ്ങളുടേതായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും, തിളങ്ങിനിൽക്കുകയും ചെയ്യുന്ന ഇവർ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പങ്കാളികളാവുന്നു എന്നതും പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. മൊത്തത്തിൽ ഫുഡ്ബോളിന്റെ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന കഥയാണിതെന്ന ചിത്രത്തിന്റെ ധ്വനി ചിത്രത്തിന്റെ ട്രൈലറിൽ മുഴങ്ങിയിരുന്നു. ട്രൈലറിൽ കേട്ട, സൗബിന്റെ മുറി ഇംഗ്ലീഷ്‌ സംഭാഷണരംഗങ്ങളും ചിത്രത്തിലേയ്ക്ക്‌ പ്രേക്ഷകനെ ആകർഷിക്കുവാനിടയാക്കി..

നവംബര്‍ മാസം മുതല്‍ മേയ് മാസം വരെ കേരളത്തില സെവന്‍സ് ടൂര്‍ണമെന്റുകളുടെ സീസണ്‍ ആണ്. ടൂർണ്ണമെന്റുകൾ നടക്കുന്നതും ഏറ്റവും കൂടുതൽ ക്ലബ്ബുകളുള്ളതും മലപ്പുറം ജില്ലയില്‍ നിന്നാണ്‌. ഓരോ ക്ലബ്ബിലും വിദേശ താരങ്ങള്‍ കളിക്കുവാൻ എത്താറുണ്ട്‌. നാട്ടിന്‍പുറത്തും അങ്ങാടികളിലും ആഫ്രിക്കന്‍ കളിക്കാരെ ഈ സമയത്ത്‌ സ്ഥിരമായി കാണാന്‍ കഴിയും. തുടക്കത്തില്‍ സുഡാനില്‍ നിന്നുള്ള ഒന്നു രണ്ട് കളിക്കാരാണ് ഉണ്ടായിരുന്നത്. കേരളത്തിലെ ഫുട്ബോൾ കളിയിൽ സാന്നിധ്യമറിയിച്ച ആദ്യത്തെ ആഫ്രിക്കക്കാരൻ ഒരു സുഡാനി ആയിരുന്നു. ലൈബീരിയയില്‍ നിന്നും നൈജീരിയയില്‍ നിന്നും കോംഗോയില്‍ നിന്നും പിന്നീട് കളിക്കാര്‍ വരാന്‍ തുടങ്ങിയെങ്കിലും ആളുകൾ പൊതുവായി ഇവരെ സുഡാനി എന്ന് വിളിച്ചുവരുന്നു. സുഡാനിയും ചുരുക്കി സുഡു എന്ന് ഒറ്റ പേരിലാണ് ആഫ്രിക്കന്‍ കളിക്കാര്‍ വിളിക്കപ്പെടുന്നത്.

ഒരു സീസണിൽ നാട്ടിലെ ക്ലബ്ബില്‍ കളിക്കാനെത്തിയ ആഫ്രിക്കന്‍ കളിക്കാരന്റേയും ടീമിന്റെ മാനേജറായ മജീദിന്റെയും കഥയാണ്‌ ചിത്രം പറയുന്നത്‌. സാധാരണക്കാരനായ മജീദ്‌ സുഹൃത്തുക്കൾക്കൊപ്പം ഗ്രാമത്തിൽ താമസിക്കുന്നു. സുഡു കളിക്കാരിൽ ഒരാളായ സാമുവലിന്‌ ഒരു പരിക്കുപറ്റുകയും അതിനേത്തുടർന്നുണ്ടാവുന്ന ചില സംഭവങ്ങളുമാണ്‌ ചിത്രം പശ്ചാത്തലമാക്കുന്നത്‌. മജീദിൽ നിന്നും പറഞ്ഞുതുടങ്ങുന്ന കഥ, പൊതു സിനിമകളുടെ ഗതിയിൽ നിന്നും മാറിയാണ്‌ ഒഴുകിത്തുടങ്ങുന്നത്‌. വളരെ ലളിതമായ ഒരു കഥാതന്തുവിനെ അൽപ്പം പോലും ബോറടിക്കാത്ത വിധത്തിൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ്‌ സംവിധായകൻ.

മജീദിന്റെ ജീവിതം പരാജയമാണ്‌. ലക്ഷ്യങ്ങളെല്ലാം പരാജയപ്പെടുന്നു. ചില കാരണങ്ങൾകൊണ്ട്‌ വൃദ്ധമാതാപിതാക്കളോട്‌ സംസാരിക്കുവാൻ പോലും മജീദിന്‌ താത്പര്യമില്ല. ഫുട്ബോൾ കളിയും, സൗഹൃദങ്ങളുമാണ്‌ മജീദിന്റെ സന്തോഷം. കളിക്കാരെ മാനേജ്‌ ചെയ്യുന്നതിൽ പലപ്പോഴും മജീദിന്‌ പിഴവുകൾ ഭവിയ്ക്കാറുണ്ട്‌. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ മജീദിന്‌ തന്റെ നേതൃത്വത്തിൽ നൈജീരിയയിൽ നിന്നും വന്ന സുഡുവിന്‌ ഏറ്റ പരിക്ക്‌ സാമ്പത്തികബാധ്യതകൾ വരുത്തിവയ്ക്കുന്നു. തുടർന്നുള്ള സംഭവങ്ങൾ രണ്ട്‌ മണിക്കൂറിൽ കാണുവാൻ കഴിയുന്നത്‌. ആദ്യപകുതിയേക്കാൾ ഊർജ്ജം പകരുന്നതും എൻഗേജ്‌ ചെയ്യിക്കുന്നതും രണ്ടാം പകുതിയാണ്‌. ഉപസംഹാരഭാഗങ്ങൾ പ്രേക്ഷകനെ ചിന്തിപ്പിക്കുന്നു.

മുൻപ്‌ കരുതിയതുപോലെ, ഇതൊരു സ്പോർട്സ്‌ മുവീ അല്ല. എന്നാൽ കഥാസന്ദർഭങ്ങളുടെ അടിത്തറ സ്പോർട്സ്‌ ആണുതാനും. കുടുംബബന്ധങ്ങൾക്ക്‌ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ചിത്രമായാണ്‌ ‘സുഡാനി ഫ്രം നൈജീരിയ’ ഒരുക്കിയിരിക്കുന്നത്‌. സ്വാഭാവികത നിറഞ്ഞ ഒരു കഥ എന്നതിലുപരി യാതൊന്നും പ്രേക്ഷകരിലേയ്ക്ക്‌ അടിച്ചേൽപ്പിക്കുവാൻ സംവിധായകൻ ശ്രമിക്കുന്നില്ല. മറിച്ച്‌ യാഥാർത്ഥ്യവുമായി ചേർന്നുനിൽക്കുന്ന സരണി തന്നെ കഥാഖ്യാനത്തിനായി അദ്ദേഹം തിരഞ്ഞെടുത്തു. അസ്വാഭാവികത നിഴലിക്കുന്ന സംഭാഷണരംഗങ്ങളോ കൃത്രിമത്വം നിറഞ്ഞ രംഗങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായി പറഞ്ഞുതീർക്കുകയാണ്‌ ചിത്രം. ഒരു ഹാസ്യചിത്രം ആയിരുന്നില്ലെങ്കിൽ കൂടി, സ്വാഭാവിക സംഭാഷണങ്ങൾ പ്രേക്ഷകരെ വളരെയധികം ചിരിപ്പിക്കുന്നുണ്ട്‌.

ചിത്രത്തിൽ അതിഭാവുകത്വങ്ങളില്ലാതെ പരോക്ഷമായി പറഞ്ഞുപോകുന്ന വിലപ്പെട്ട ചില സന്ദേശങ്ങളുണ്ട്‌. ആഫ്രിക്കയും കഥാപശ്ചാത്തലത്തിൽ കടന്നുവരുന്ന ഈ ചിത്രത്തിൽ അവിടുത്തെ ജനങ്ങളുടെ അവസ്ഥകൾ വിവരിക്കുന്നു. കേരളത്തിലെ ജനങ്ങൾ എന്ന നിലയിൽ നാം ആസ്വദിക്കുന്ന ജലത്തിന്റെ ലഭ്യതയും, ആഫ്രിക്കയിലെ വരൾച്ചയും തമ്മിലുള്ള താരതമ്യം ശ്രദ്ധേയമാണ്‌. അതുപോലെ ഫുട്ബോൾ കളിയോടുള്ള ഇന്ത്യയുടെ സമീപനരീതികളേക്കുറിച്ചും നൈജീരിയൻ കഥാപാത്രത്തേക്കൊണ്ട്‌ പറയിക്കുന്നുണ്ട്‌. കുടുംബബന്ധത്തിന്റേയും സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും അനുകമ്പയുടേയും മികച്ച ദൃഷ്ടാന്തങ്ങൾ ചിത്രം വരച്ചുകാണിക്കുന്നു. സ്നേഹം സാർവ്വലൗകികമായ ഒന്നാണ്‌, ദേശഭാഷാ വ്യത്യാസങ്ങളില്ലാതെ ഓരോരുത്തരുടേയും ജീവിതം മറ്റുള്ളവർക്ക്‌ പാഠമായിത്തീരുന്നതും ചിത്രം വ്യക്തമായി കാണിച്ചുതരുന്നു.

കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ എടുത്തുപറഞ്ഞേ മതിയാവൂ. ഇന്ദ്രൻസ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌ തുടങ്ങിയ, ഹാസ്യരംഗങ്ങളിൽ തങ്ങളുടേതായ ഇടം കാത്തുസൂക്ഷിച്ച നടന്മാർ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ കൈയ്യടിനേടിയപ്പോൾ, സൗബിനും സ്വാഭാവിക പ്രകടനങ്ങളിലൂടെ മജീദ്‌ എന്ന കഥാപാത്രമായി മാറുന്നു. അന്നന്നത്തെ ദിവസങ്ങൾ എങ്ങനെയെങ്കിലുമൊക്കെ തള്ളിനീക്കി ജീവിതം നയിക്കുന്ന, അലസരായ യുവാക്കളുടെ പ്രതിനിധികൂടിയാണ്‌ മജീദ്‌. സമ്മർദ്ദങ്ങൾ അനുഭവിക്കുന്ന, തുടർ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന, ആംഗലേയ ഭാഷാപരിജ്ഞാനം കുറവുള്ള കഥാപാത്രവുമായി സൗബിന്റെ സംഭാഷണങ്ങൾ കൂടിച്ചേരുമ്പോൾ രസകരമായ അനുഭവമാണുണ്ടാവുന്നത്‌. മജീദിന്‌ നായികയായി ആരും തന്നെ ചിത്രത്തിലില്ല. എടുത്തുപറയേണ്ട മറ്റ്‌ കഥാപാത്രങ്ങൾ മജീദിന്റെ മാതാപിതാക്കളായും മാതാവിന്റെ കൂട്ടുകാരി ജമീലയായും അഭിനയിച്ച നടീനടന്മാരാണ്‌. മജീദിന്റെ മാതാവിനെ അവതരിപ്പിച്ച സാരസ ബാൽസൂരിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്നേഹമുള്ള, കരുതൽ പ്രകടമാക്കുന്ന, നിഷ്കളങ്കയായ ഈ കഥാപാത്രത്തിൽ നമ്മിൽ പലരുടേയും മാതാവിനെ കാണാം. ഊർജ്ജസ്വലയായ ഒരു കഥാപാത്രമായിരുന്നു ജമീല. നാടകരംഗത്തുനിന്നെത്തിയ സവിത്ര ശ്രീധരൻ, സാരസ ബാൽസൂരി എന്നിവർ യഥാക്രമം ജമീല, ബേയമ്മ എന്നിവരായി മാറിയത്‌.

‘സുഡു’ എന്ന സാമുവലായി അഭിനയിക്കുന്നത്‌ നൈജീരിയൻ അഭിനേതാവായ സാമുവൽ അബിയോള റോബിൻസൺ ആണ്‌. വളരെ മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്‌. മാതാവുമൊത്തുള്ളതും, കുടുംബത്തോടൊത്തുള്ളതുമായ സംഭാഷണങ്ങൾ, പ്രകടനങ്ങൾ, ഇമോഷണൽ രംഗങ്ങൾ എല്ലാം വളരെ നല്ല വിധത്തിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ചില നോട്ടങ്ങൾക്കോ പുഞ്ചിരിക്കോ ഒരുപക്ഷേ ഒരായിരം വാക്കുകളേക്കാൾ അർത്ഥമുണ്ടാകും എന്ന് പലപ്പോഴും ഈ നടന്റെ പ്രകടനങ്ങളിൽ നിന്ന് തോന്നി. നായകനു ചുറ്റും വലം വയ്ക്കുന്ന കഥാപാത്രങ്ങളും സ്വാഭാവിക പ്രകടനങ്ങൾ കാഴ്ചവച്ചു.

ചിത്രത്തിന്റെ സംഗീതവിഭാഗം ശ്രദ്ധേയമാണ്‌. ഷഹബാസ്‌ അമൻ, റെക്സ്‌ വിജയൻ എന്നിവരുടെ സാന്നിധ്യത്തിൽ ചിത്രത്തിനു ചേരുന്ന വിധത്തിലുള്ള ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കൽപെട്ടിട്ടുണ്ട്‌. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗും ചിത്രത്തെ പൂർണ്ണതയുള്ളതാക്കിമാറ്റി. നവാഗതസംവിധായകർ മികച്ച സിനിമകൾ മലയാളത്തിന്‌ സമ്മാനിക്കുമ്പോൾ, സക്കറിയയും അതേ പാതതന്നെ പിന്തുടരുന്നു. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നിഷ്കളങ്കതയുടേയും നന്മയുടേയും ചില പാഠങ്ങൾ ചിത്രം നൽകുവാൻ ശ്രമിക്കുകയാണ്‌. തന്റെ ആദ്യചിത്രത്തിൽ മുഖ്യവിഷയമാക്കിയ സഖറിയയുടെ ശ്രമത്തെ വിലമതിക്കേണ്ടതാണ്‌. ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ പൂർണ്ണ തൃപ്തി പ്രദാനം ചെയ്യുന്ന ചിത്രം തന്നെയാണ്‌ സുഡാനി ഫ്രം നൈജീരിയ.

Leave a comment