നീരാളി തിയെറ്ററിൽ – മരണഭയം പ്രേക്ഷകന്‌.

മുഴുമലയാളികളും ചർച്ചാവിഷയമാക്കിയ ഒന്നായിരുന്നു മോഹൻലാലിന്റെ ഗെറ്റപ്പ്‌ ചേഞ്ച്‌. ‘ഒടിയനി’ലെ കഥാപാത്രത്തിനായി ശരീരം ക്രമപ്പെടുത്തി, തടികുറച്ച്‌ വന്ന മോഹൻലാലിനെ സോഷ്യൽ മീഡിയ വരവേറ്റതും കൊച്ചിയിലെ വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോൾ വൻ ജനാവലി സ്വീകരിച്ചതും ശ്രദ്ധേയമായിരുന്നു. പുതിയ ഗെറ്റപ്പിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ആദ്യചിത്രമെന്ന പേർ നീരാളി കരസ്ഥമാക്കി. നീരാളിയിലേയ്ക്ക്‌ പ്രേക്ഷകൻ ഉറ്റുനോക്കിയിരിക്കുവാൻ ഇടയാക്കിയതും ഇതുതന്നെ. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് നീരാളി ചിത്രീകരണത്തിലുടനീളം രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചിരുന്നു. സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംവിധായകനോ നടനോ യാതൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

സന്തോഷ്‌ കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ 34 വർഷങ്ങൾക്കു ശേഷം മോഹൻലാലും നാദിയാ മൊയ്തുവും ഒരുമിച്ചഭിനയിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ആയിരിക്കുമെന്നും, അതിനായി ഹോളിവുഡിനെ പോലും വെല്ലുന്ന ഗ്രാഫിക്സ്‌ തയ്യാറാക്കിയിട്ടുണ്ടെന്നും അണിയറയിൽ നിന്നും അറിയാൻ കഴിഞ്ഞു. എല്ലാ മനുഷ്യരിലും ഉണ്ടാകുന്ന ഭീതിയുടെ നിമിഷമാണ് നീരാളിയെന്ന് മോഹൻലാലും, ഭയത്തിന്‍റെ ചലച്ചിത്രഭാഷ്യമാണ്‌ നീരാളിയെന്ന് പ്രിവ്യൂ ഷോ കണ്ട വി.ബി സത്യനും, നീരാളി മനോഹരമായ ഒരനുഭവമായിരിക്കുമെന്ന് പാർവതി നായരും പറഞ്ഞിരുന്നു. തുടക്കം മുതൽ മാർക്കറ്റിംഗ്‌ മേഖലയിലും ഓൺലൈൻ പരസ്യപ്രചാരണങ്ങളുടെ കാര്യത്തിലും അണിയറപ്രവർത്തകർ നിസ്സംഗതപാലിച്ചപ്പോൾ ഒടുവിലിറങ്ങിയ ട്രൈലർ അതുവരെയുള്ള പ്രേക്ഷകന്റെ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കിയിരുന്നു.

ചിത്രത്തിലേയ്ക്ക്‌ വരുമ്പോൾ, ബാംഗ്ലൂരിൽ രത്‌നക്കല്ലുകളുടെ മുല്യം നിശ്ചയിക്കുന്ന ഒരു ജെമ്മോളജിസ്റ്റാണ് സണ്ണി. അദ്ദേഹത്തിന്റെ പൂർണ്ണഗർഭിണിയായ ഭാര്യക്ക്‌ അപ്രതീക്ഷിതമായുണ്ടായ വേദന നിമിത്തം സണ്ണി നാട്ടിലേയ്ക്ക്‌ വരുമ്പോൾ ഒരപകടം സംഭവിക്കുന്നു. ട്രൈലറിൽ കണ്ടതുപോലെ, കൊക്കയിലേയ്ക്ക്‌ ഇപ്പോൾ വീഴും എന്നമട്ടിൽ കിടക്കുന്ന വാഹനത്തിൽ നിന്നും രക്ഷപെടാനുള്ള സണ്ണിയുടെ ശ്രമമാണ്‌ ചിത്രം.

സർവൈവൽ ത്രില്ലർ ജോണറുമായി ബന്ധപ്പെടുത്തി ഒരു പരീക്ഷണം മലയാളത്തിൽ നടത്തുക എന്ന അജോയ്‌ വർമ്മയുടെ പൂർണ്ണമായും പാളിപ്പോയ ശ്രമമാണ്‌ നീരാളി. ട്രൈലറിൽ നിന്നുതന്നെ ഊഹിച്ചെടുക്കാവുന്ന കഥയ്ക്കുമപ്പുറത്തേയ്ക്ക്‌ യാതൊന്നും ഈ ചിത്രത്തിലില്ല. നായകനിൽ നിന്നുമാരംഭിച്ച്‌ നായകനിൽത്തന്നെ അവസാനിക്കുന്ന ചിത്രം യാതൊരുവിധത്തിലുമുള്ള സംതൃപ്തി പൊതുപ്രേക്ഷകന്‌ നൽകുന്നില്ല.

നായകനും സുഹൃത്തും അപകടകരമായ സാഹചര്യത്തെ തരണം ചെയ്യുമ്പോൾ അത്‌ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനും അവരോടൊപ്പം സഞ്ചരിക്കേണ്ടിയിരിക്കുന്നു. അവിടെയാണ്‌ അവതരണമികവിന്റെ വിജയം. നീരാളിയിൽ നേരെ തിരിച്ചാണ്‌ സാഹചര്യങ്ങൾ. നായകൻ ഭയപ്പെടുമ്പോൾ പ്രേക്ഷകൻ ഊറിച്ചിരിക്കുന്നു. നായകൻ മരണത്തിനും ജീവിതത്തിനുമിടയിൽ പെട്ട്‌ ഉഴലുമ്പോൾ പോലും അത്‌ തീവ്രത നഷ്ടമാവാതെ പ്രേക്ഷകനു മുൻപിൽ വിളമ്പാൻ സംവിധായകനു സാധിക്കുന്നില്ല. സിനിമയ്ക്കൊപ്പം ചരിക്കേണ്ട പ്രേക്ഷകൻ വിരസതമൂലം അസ്വസ്ഥനാവുന്നു.

നായകനിലൂടെത്തന്നെ പറഞ്ഞുപോകുന്ന കഥയിലേയ്ക്ക്‌ സബ്‌ പ്ലോട്ടുകൾ വന്നുചേരുമ്പോൾ തിരക്കഥ ബാലിശമായിത്തീരുന്നു. നായകന്റെ കഥയ്ക്കൊപ്പം വന്നുചേർന്ന ഡ്രൈവർ വീരപ്പന്റെ കഥ ആർക്കും ഊഹിക്കാവുന്ന വിധത്തിൽ പര്യവസാനിക്കുന്നു. സുരാജ്‌ സമീപകാലത്ത്‌ അവതരിപ്പിച്ച ഏറ്റവും മോശം കഥാപാത്രമെന്ന് പറയാം. കഥാപാത്രങ്ങൾ വൈകാരികതയിലേയ്ക്ക്‌ കടക്കുമ്പോൾ സന്ദർഭങ്ങളും പ്രകടനങ്ങളും തമ്മിൽ യോജിച്ചുനിൽക്കുന്നില്ല. തന്മൂലം സിനിമയ്ക്കൊപ്പമുള്ള പ്രേക്ഷകന്റെ സഞ്ചാരം പാതിവഴിയിൽ അവസാനിക്കുകയാണ്‌.

വിലകുറഞ്ഞതും, ഒരർത്ഥത്തിലും സന്ദർഭങ്ങളുമായി ചേർന്നുനിൽക്കാത്തതുമായ സംഭാഷണരംഗങ്ങൾ ചിത്രത്തെ ബോറൻ അനുഭവമാക്കിത്തീർക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അസ്ഥാനത്തുള്ള നർമ്മശ്രമങ്ങൾ, ഭാര്യാകഥാപാത്രത്തിന്റെ അമിതോത്കണ്ഠകൾ, ഇടയ്ക്കുള്ള നന്മസംഭാഷണങ്ങൾ എന്നിവ പ്രേക്ഷകനെ വളരെയധികം ബുദ്ധിമുട്ടിക്കുകയുണ്ടായി. ശത്രുവിനെ സ്നേഹിക്കുക, നന്മ ചെയ്യുക തുടങ്ങിയ ‘വ്യത്യസ്തങ്ങളായ’ ആശയങ്ങളാണ്‌ ചിത്രം പകർന്നുനൽകുന്നത്‌.

പുതിയ രൂപം മാത്രമല്ല, അരോചകമായ ഭാവപ്രകടനങ്ങൾ കൂടി മോഹൻലാൽ എന്ന നടനിൽ കാണുവാനായി. ഒരുപക്ഷേ കാലാതിവർത്തിയായ അഭിനയമുഹൂർത്തങ്ങളിലൂടെ നാളിതുവരെ നമ്മെ വിസ്മയിപ്പിച്ച മോഹൻലാലിന്റെ ഏറ്റവും മോശം പ്രകടനവും ഈ ചിത്രത്തിൽത്തന്നെയെന്ന് പറയാം. ആകെമൊത്തം കൃത്രിമത്വം അദ്ദേഹത്തിൽ പ്രകടമായിരുന്നു. സൂപ്പർ താരമായിട്ടുകൂടി അമാനുഷികത്വത്തിൽ നിന്നും താഴെയിറങ്ങിനിൽക്കുന്നു എന്നത്‌ മാത്രമാണ്‌ ഈ കഥാപാത്രം തിരഞ്ഞെടുത്ത മോഹൻലാലിൽ കണ്ട ഏക നേട്ടം. സണ്ണിയുടെ ഭാര്യ മോളിക്കുട്ടിയായി നദിയ മൊയ്തു അഭിനയിക്കുന്നു. പ്രസവവാർഡിൽ കിടന്ന് വിഡ്ഢിത്തരങ്ങൾ പറയുന്ന, പക്വതയില്ലാത്ത ഭാര്യാകഥാപാത്രമായിരുന്നു.

ശ്രദ്ധേയനായ സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ സ്പർശം ടൈറ്റിൽ ഗാനത്തിലും പശ്ചാത്തല സ്കോറുകളിലും പ്രകടമായിരുന്നു. മോഹൻലാൽ, എം ജി ശ്രീകുമാർ എന്നിവർ ആലപിച്ച ഗാനങ്ങൾ സഹതാപകരമാണ്‌. അജോയ് വർമ്മ, സജിത്‌ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ചിത്രസംയോജനം നിർവ്വഹിച്ചപ്പോൾ സന്തോഷ് തുണ്ടിയിൽ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചു. എങ്കിൽത്തന്നെയും സങ്കേതികവിഭാഗം ഭാഗികമായേ തൃപ്തി നൽകുന്നുള്ളൂ.

ആകെത്തുകയിൽ നീരാളി പ്രേക്ഷകനു നൽകുന്നത്‌ പൂർണ്ണ നിരാശയാണ്‌. ഒരു സിനിമ എന്നതിനേക്കാൾ ‘നാടകം’ എന്ന വിശേഷണമാണ്‌ നീരാളി കൂടുതലായി അർഹിക്കുന്നത്‌. ഒടിയൻ, കുഞ്ഞാലിമരയ്ക്കാർ, ലൂസിഫർ തുടങ്ങിയ വൻ പ്രോജക്ടുകളുമായി മുന്നേറുന്ന മോഹൻലാൽ ഇത്തരം ചിത്രങ്ങൾക്ക്‌ തലവച്ചുകൊടുക്കുന്നത്‌ ഉചിതമായി തോന്നുന്നില്ല.

Rating: ★☆☆☆☆

#jomonthiru

Leave a comment