മാറ്റമില്ലാതെ മമ്മൂട്ടി, വൈകല്യമുള്ള സന്തതികൾ

‘മലയാളിയുടെ വൈകാരിക ഋതുഭേതങ്ങളുടെ ഭാവപൂർണ്ണിമ.’ -ഏതാനും വർഷങ്ങൾക്ക്‌ മുൻപ്‌ അപ്രത്യക്ഷനായ മമ്മൂട്ടി എന്ന നടനവിസ്മയത്തെ ഇപ്രകാരം വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇപ്പോഴോ? മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം കേവലമൊരു തിരിച്ചുവരവ്‌ മാത്രമല്ല ആവശ്യമായിരിക്കുന്നത്‌. ഒരു വലിയ വിജയം തന്നെ അദ്ദേഹത്തിന്‌ തന്റെ കരിയറിൽ ആവശ്യമാണ്‌. മമ്മൂട്ടി എന്ന നടന്റേതായി എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യമായ ചിത്രങ്ങളിറങ്ങിയിട്ട്‌ ഏഴുവർഷങ്ങളായി. പുതിയ സംവിധായകരോടുള്ള അമിതമായ താത്പര്യവും, അനുചിതമായ തിരക്കഥാ തിരഞ്ഞെടുപ്പുകളും, ഈ നടനെ കുടുംബപ്രേക്ഷകർ കൈയ്യൊഴിയുവാനിടയാക്കി.

സ്ട്രീറ്റ്‌ ലൈറ്റ്‌, പരോൾ, അങ്കിൾ തുടങ്ങിയ കനത്ത പരാജയങ്ങൾക്ക്‌ ശേഷം മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയുടെ ശക്തമായ ഒരു പൊലീസ് കഥാപാത്രത്തിനായി ഉറ്റുനോക്കിയിരിക്കുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷാനിർഭരമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ.’ ധാരാളം പരിമിതികളുണ്ടായിരുന്നെങ്കിലും, അവതരണ നിലവാരത്താൽ പ്രേക്ഷകർക്ക്‌ ഒരു പരിധിവരെ ഇഷ്ടപ്പെടുകയും വാണിജ്യവിജയം കരസ്ഥമാക്കുകയും ചെയ്ത ‘ദി ഗ്രേറ്റ്‌ ഫാദർ’ എന്ന ചിത്രത്തിനുശേഷം ഹനീഫ്‌ അദേനി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ്‌ ‘അബ്രഹാമിന്റെ സന്തതികൾ.’ രഞ്ജിത്ത്, ഷാജി കൈലാസ് എന്നിവരോടൊപ്പം സംവിധാനമേഖലയിൽ പ്രവൃത്തിപരിചയമുള്ള ഷാജി പാടൂരാണ് ‘അബ്രഹാമിന്റെ സന്തതികൾ’ ഒരുക്കുന്നത്‌.. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ട്രൈലറുകളും അതുവരെയുണ്ടായിരുന്ന പ്രതീക്ഷകളെ പിന്നോട്ടുവലിച്ചു.

വിചിത്രസ്വഭാവമുള്ള മൂന്നു കൊലപാതകങ്ങളിൽ നിന്നുമാണ്‌ ചിത്രം ആരംഭിക്കുന്നത്. സമാനമായ സംഭവങ്ങളിലായി അതുവരെ കൊല്ലപ്പെട്ടത്‌ ആറുപേർ. ഘാതകൻ നൽകുന്ന സൂചനകൾ പ്രകാരം അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്‌ 10 പേരാണ്‌. മറ്റുള്ളവരെ രക്ഷിക്കുവാനായി ഡെറിക്‌ എബ്രഹാം എന്ന സമർത്ഥനായ പൊലീസ്‌ കമ്മീഷണർ വന്നെത്തുന്നു. ഉദ്വേഗം നിറഞ്ഞ ഏതാനും സംഭവങ്ങളിലൂടെ ഡെറിക്‌ ഘാതകനിലേയ്ക്ക്‌ എത്തപ്പെടുന്നു

ആദ്യാവസാനം ഒരേവേഗതയിൽ സഞ്ചരിക്കുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുവാനാണ്‌ സംവിധായകൻ ശ്രമിച്ചത്‌. മലയാളത്തിലും മറ്റ്‌ ഭാഷകളിലും കാലങ്ങളായി നാമോരോരുത്തരും കണ്ടുമറന്ന പൊലീസ്‌ കഥ തന്നെയാണ്‌ ഇവിടെയും. ജീവിതപക്വതയിലേയ്ക്ക്‌ കടക്കുന്ന പൊലീസ്‌ ഓഫീസർ, സത്യസന്ധമായി ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടയിൽ സംഭവിക്കുന്ന കുടുംബപരമായ നഷ്ടങ്ങൾ, വൈകാരികതയും ജീവിതവും തമ്മിലുള്ള പോരാട്ടത്തിനിടയിൽ സംഭവിക്കുന്ന അസന്തുലിതാവസ്ഥ അതിനിടയിൽ ഏറ്റെടുക്കുന്ന ചുമതലകൾ ഇവയെല്ലാം എത്രയോ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നു! അതിൽ നിന്നും ഈ ചിത്രവും തെല്ലും വ്യത്യസ്തത പുലർത്തുന്നില്ല.

ആദ്യഭാഗങ്ങളിൽ ഒരു ത്രില്ലർ മൂഡ്‌ കൈവന്നെങ്കിലും പിന്നീടുള്ള സിനിമയുടെ പോക്കിൽ താളം തെറ്റിയിരുന്നു. സസ്പെൻസ് ത്രില്ലറിൽനിന്ന് ഇമോഷനൽ ത്രില്ലറിലേക്കുള്ള പ്രയാണം ചിലയവസരങ്ങളിൽ പ്രേക്ഷകന്‌ ബുദ്ധിമുട്ടായിത്തീരുന്നുണ്ട്‌. കണ്ടുമറന്ന സീരിയൽ കില്ലറിന്റെ പിന്നാലെ പായുന്ന ധീരനായ പൊലീസ്‌ ഉദ്യോഗസ്ഥന്റെ പഴഞ്ചൻ കഥയിലേയ്ക്ക്‌ കൂട്ടിച്ചേർക്കപ്പെടുന്ന ഉപകഥ തന്നെ താളപ്പിഴയോടുകൂടിയതായിരുന്നു. പതിയെ പറഞ്ഞുപോകുന്ന ചിത്രത്തിൽ കുടുംബബന്ധവും, വൈകാരികതയും സൗഹൃദവും ചതിയുമെല്ലാം ഉൾപ്പെട്ടിരിക്കുന്നു. ആദ്യപകുതിയിലെ കണ്ടുശീലിച്ച കാഴ്ചകൾക്കൊടുവിൽ ഇടവേള അൽപം പ്രതീക്ഷകൾ നൽകി. രണ്ടാം പകുതിയ്ക്ക്‌ വേണ്ടത്ര ഊർജ്ജം ലഭ്യമായിരുന്നില്ല. ക്ലൈമാക്സ്‌ രംഗങ്ങൾ മുൻപ്‌ പറയാൻ മറന്നുവച്ചെന്ന് തോന്നിയ രംഗങ്ങൾക്ക്‌ മറുപടി നൽകുന്നുണ്ടെങ്കിലും അത്രമേൽ ന്യായയുക്തമല്ല എന്നത്‌ പോരായ്കയാണ്‌.

വേദനയും ദുഃഖവും വിജയപരാജയങ്ങളും ഏറ്റുവാങ്ങിയ ഡെറിക് എബ്രഹാം എന്ന പൊലീസ് കമ്മീഷണറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. പ്രായത്തെ അവഗണിച്ചുകൊണ്ട്‌, ചുറുചുറുക്കോടെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി ആരാധകർക്ക്‌ ആവേശം പകർന്നു. ജാക്കറ്റ്‌, കൂളിംഗ്‌ ഗ്ലാസ്‌, പജേറോ, വിന്റേജ്‌ കാർ, തോക്ക്‌, സ്ലോമോഷൻ എന്നിവ വിട്ട്‌ ഇത്തവണയും മമ്മൂട്ടി ഒരു മാറ്റത്തിന്‌ തയ്യാറാവുന്നില്ല. ഒരു മമ്മൂട്ടി ഷോ എന്ന നിലയിൽ ആരാധകതൃപ്തിക്കായുള്ള ഏതാനും ഘടകങ്ങൾ ചിത്രത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്‌. ക്ലൈമാക്സിലെ ചില വിശദീകരണങ്ങളും ഷാർപ്പ് ഷൂട്ടിംഗും കഥാപാത്രങ്ങൾ തമ്മിലുള്ള കഴിവു തെളിയിക്കലുകളും പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്നു. ആദ്യപകുതിയിൽത്തന്നെ പ്രതീക്ഷിക്കാവുന്ന കഥാസന്ദർഭങ്ങൾ മുഴച്ചുനിന്നു. നായകനും അനുജനും ഉൾപ്പെട്ട രംഗങ്ങളും, നായകനുമായി ബന്ധപ്പെട്ട വൈകാരിക സ്വാധീനങ്ങളും തികച്ചും അപക്വമായി അനുഭവപ്പെട്ടു. സിനിമയിലെ സംഭാഷണരംഗങ്ങൾ പലപ്പോഴും ബാലിശതയിലേയ്ക്ക്‌ നീങ്ങുന്നുണ്ട്‌. പക്വതയുള്ള പൊലീസ്‌ ഓഫീസറായി വീക്ഷിക്കപ്പെടുന്ന ഡെറിക്‌ എബ്രഹാം മിക്കപ്പോഴും പ്രായത്തിനു ചേരാത്ത ഡയലോഗുകളാണ്‌ പുറത്തുവിടുന്നത്‌. ആരാധകരുടെ ആവേശം മാത്രമേ ഇത്തരം സംഭാഷണങ്ങൾ ലക്ഷ്യം വച്ചുള്ളൂ എന്ന് വ്യക്തം.

വീണ്ടുവിചാരമില്ലാത്ത സീനിയർ പൊലീസ്‌ ഉദ്യോഗസ്ഥർ, കൂട്ടത്തിൽ നിന്ന് അനവസരത്തിൽ ‘ചളിയടിക്കാൻ’ വേണ്ടി മാത്രമായി മറ്റൊരു പൊലീസുകാരൻ, ഉന്നമില്ലാത്ത തോക്കുകളുമായി വില്ലന്മാർ, ഗോഡൗൺ സംഘട്ടനങ്ങൾ ഇവയെല്ലാം വീണ്ടും ആവർത്തിക്കപ്പെടുന്നു. നായകനെ കൂടാതെയുള്ള പൊലീസ്‌ കഥാപാത്രങ്ങൾ, പ്രതിയോഗികൾ എന്നിവർ സമയാസമയങ്ങളിൽ ശൗര്യം കൂടിയും കുറഞ്ഞുമിരുന്നു. നായകന്‌ ഹീറോയിസം കാണിക്കുവാനും സസ്പെൻസ്‌ ഘടകങ്ങൾ വർക്കൗട്ട്‌ ആകുവാനും വേണ്ടി സ്വയം വിഡ്ഢിവേഷം കെട്ടുന്നുമുണ്ട്‌. സിദ്ദീഖ്, രഞ്ജി പണിക്കര്‍, എന്നിവരുടെ കഥാപാത്രങ്ങൾക്ക്‌ പ്രത്യേകിച്ചൊന്നും തന്നെ ചെയ്യുവാനില്ല. മമ്മൂട്ടിയുടെ സമീപകാല പരാജയചിത്രങ്ങളിലെ അവിഭാജ്യഘടകമായ സോഹൻ സീനുലാൽ കോമഡി എന്ന പേരിലുള്ള വിഡ്ഢിത്തങ്ങളുമായി പൊലീസ്‌ ഓഫീസർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌. കൊലപാതകിയുടെ സ്വഭാവവിശേഷതകളും അത്‌ നായകൻ കണ്ടെത്തുന്ന വൈഭവവും കേവലം കാഴ്ച മാത്രമായൊതുങ്ങി. ബൈബിളുമായുള്ള ഘാതകന്റെ ബന്ധം, നിരീശ്വരവാദത്തിനെതിരെ നിലകൊള്ളുന്ന കഥാപാത്രത്തിന്റെ വിശദാംശങ്ങൾ എന്നിവയ്ക്ക്‌ വ്യക്തവും, റീസണബിൾ ആയതുമായ വിശദീകരണങ്ങൾ നൽകുവാൻ സംവിധായകനു കഴിയാതെപോകുന്നു.

നായകന്റെ സ്തുതിപാടകരായ സഹജീവനക്കാർ, നായകനെ വിവാഹം ചെയ്യുവാൻ കഴിയാത്തതിൽ ഖേദിക്കുന്ന സ്ത്രീകഥാപാത്രം എന്നിങ്ങനെ അനുചിതവും അസ്വാഭാവികവുമായ ചില കാഴ്ചകൾക്കും ചിത്രം വേദിയാവുന്നുണ്ട്‌. കനിഹയുടെ കഥാപാത്രത്തിനു നൽകിയ അനാവശ്യ പരിഗണനയും ക്ലൈമാക്സിലേയ്ക്ക്‌ എത്തിച്ചേരുന്ന വിധങ്ങളും വളരെ ബോറൻ കാഴ്ചകളുടെ ഭാഗമായിരുന്നു. ചിത്രത്തിന്റെ സാങ്കേതികവശങ്ങൾ ഒരുൻപരിധിവരെ തൃപ്തികരമാണ്‌. ആക്ഷൻ സീനുകൾ അത്ര മികച്ചതല്ല. ‘ദി ഗ്രേറ്റ്‌ ഫാദറി’ലെ ഏറ്റവും ബോറൻ രംഗമായിരുന്ന ക്ലൈമാക്സ്‌ സംഘട്ടനം പോലെ ‘കത്തി’ രംഗങ്ങൾ ഈ ചിത്രത്തിൽ ഇല്ലായിരുന്നു എന്നത്‌ ആശ്വാസകരമാണ്‌. വിദേശ നടന്മാരെ സിനിമയിൽ ഉൾപ്പെടുത്തിയെങ്കിലും, നായകനുൾപ്പെട്ട ആക്ഷൻ രംഗങ്ങൾക്കുപകരമായി ഏവരും നിർവ്വീര്യമായിപ്പോയി.

മലയാളത്തിലെ മുൻനിര ഛായാഗ്രഹകരിൽ ഒരാളായ ആൽബിയാണ്‌ ചിത്രത്തിനായി മികച്ച ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്‌. നായകന്റെ ഇൻട്രൊഡക്ഷൻ രംഗവും ഗാനരംഗങ്ങളും ഛായാഗ്രഹകന്റെ കരവിരുത്‌ ഘോഷിക്കുന്നു. ഗ്രേറ്റ്‌ ഫാദർ സിനിമയുടെ ആകർഷകഘടങ്ങളിൽ ഒന്നായിരുന്നു സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതമെങ്കിൽ ‘അബ്രഹാമിന്റെ സന്തതികൾ’ക്കായി ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തലസംഗീതം അസഹ്യമായിരുന്നു. ഷെറിൻ ഫ്രാൻസിസ്‌, ഗോപി സുന്ദർ എന്നിവരായിരുന്നു ഗാനങ്ങളൊരുക്കിയത്‌. അനാവശ്യമായി തിരുകിക്കയറ്റിയ ഗാനങ്ങൾ മോശമായിരുന്നു. ടേക്കോഫിലൂടെ സംവിധായകന്റെ മേലങ്കിയണിഞ്ഞ മഹേഷ്‌ നാരായണന്റെ കഴിവുകൾ ഇത്തവണ എഡിറ്റിംഗിൽ പ്രകടമായിരുന്നില്ല.

മലയാളി പ്രേക്ഷകർ മലയാളവും ഇന്ത്യൻ ഭാഷയും കടന്ന് ലോകസിനിമകളെ വരെ ആസ്വദിക്കുകയും ഇഴകീറി പരിശോധിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ഒരു തികവുറ്റ ത്രില്ലർ ആയിത്തീരുവാൻ അബ്രഹാമിന്റെ സന്തതികൾക്ക്‌ സാധിക്കാതെവരുന്നുണ്ട്‌. യുക്തിബോധമുള്ള പൊതു പ്രേക്ഷകനെ പാടേ അവഗണിച്ചുകൊണ്ട്‌, സൂപ്പർ താരത്തിന്റെ വേഷവിധാനങ്ങൾ, ചലനങ്ങൾ, സ്ലോ മോഷനുകൾ എന്നിവയിൽ തൃപ്തിപ്പെടുന്ന ഫാൻസ്‌ വിഭാഗത്തിന്റെ തൃപ്തിയ്ക്കുവേണ്ടി മാത്രമായി ഒരുക്കിയ ഒരു ശരാശരിയിലും താഴെയുള്ള ഒരു ചിത്രം മാത്രമാണ്‌ അബ്രഹാമിന്റെ സന്തതികൾ.

Rating: 1.5/5

Leave a comment